ജമ്മു: കാശ്മീര്‍ അതിര്‍ത്തിവഴി ഗതാഗതം പുനസ്ഥാപിച്ചു. ഈ മാസം എട്ടിന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ രണ്ട് സൈനികരെ പാക് സൈന്യം കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് അതിര്‍ത്തി വഴിയുള്ള ഗതാഗതം തടസപ്പെട്ടത്. ബന്ധുക്കളെ കാണാന്‍ ഇന്ത്യയിലെത്തി മടങ്ങിപ്പോകാന്‍ നിവൃത്തിയില്ലാതെ കുടുങ്ങിയ 85 പേര്‍ ഇന്ന് അതിര്‍ത്തികടന്ന് പാക്കിസ്ഥാനിലേക്ക് അധികൃതര്‍ അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് 109 പേരായിരുന്നു പൂഞ്ച്, രജൌരി ജില്ലകളില്‍ കുടുങ്ങിയത്. എന്നാല്‍ പാക് കാശ്മീരിലേക്ക് പുതിയ ഒരു സഞ്ചാരിയും പോയിട്ടില്ലെന്ന് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ചരക്കുനീക്കവും നാളെ പുനരാരംഭിക്കും. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ ഛക്കന്‍ദാബാദില്‍ പാക് അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന് ജനുവരി 10 മുതലാണ് ചരക്കുനീക്കം നിലച്ചത്. പ്രതിദിനം 2 കോടി രൂപയുടെ വസ്തുക്കളാണ് അതിര്‍ത്തിവഴി കടന്നുപോകുന്നത്.
Discussion about this post