തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്ക് കാര്‍ഷിക മേഖലയില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം വര്‍ധിപ്പിച്ചേ മതിയാകൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദേശീയ കൃഷിഗ്രാമവികസന ബാങ്ക് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന വായ്പാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയില്‍ സംസ്ഥാനത്തിന് സാമ്പത്തിക വളര്‍ച്ചയുണ്ടാവാന്‍ ഹൈടെക് കൃഷി സമ്പ്രദായം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളുടെയും പിന്നിലാണ് കേരളത്തിന്റെ സ്ഥാനം. ഈ സ്ഥിതി മാറണം. കഴിഞ്ഞ ബജറ്റില്‍ മൂവായിരം ഹൈടെക് ഫാമുകളാണ് സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്. ഇത് പൂര്‍ണമായും യാഥാര്‍ത്ഥ്യമാവണം. കാര്‍ഷിക മേഖലയുടെ വികസനത്തിന് നബാര്‍ഡ് കൂടുതല്‍ സഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.ക്ഷീരോത്പാദന മേഖലയില്‍ നേട്ടമുണ്ടാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞുവെങ്കിലും സ്വയം പര്യാപ്തമാവാനായിട്ടില്ല. തൊഴിലുറപ്പു പദ്ധതിയില്‍ ക്ഷീരോത്പാദന മേഖലയെക്കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ ഭക്ഷ്യധാന്യ സംഭരണകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നബാര്‍ഡിന്റെ സഹായമുണ്ടാവണം. പന്ത്രണ്ടാം പദ്ധതി സംബന്ധിച്ച നബാര്‍ഡ് ശുപാര്‍ശകള്‍ പൊതുവേ ഗുണകരമാണെങ്കിലും കൂടുതല്‍ പിന്തുണ സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടനാടന്‍ പദ്ധതിക്കായി പ്രഖ്യാപിച്ച മുന്നൂറു കോടി രൂപയില്‍ 123 കോടി രൂപ ഇതിനകം അനുവദിച്ചുകഴിഞ്ഞതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. അമലോര്‍പവാനന്ദന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിമാരായ കെ.എം. മാണി, കെ.പി. മോഹനന്‍, നബാര്‍ഡ് ജനറല്‍ മാനേജര്‍ കെ.ആര്‍. റാവു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post