വാഷിംഗ്‌ടണ്‍: യുഎസിന്റെ ചരിത്രത്തിലെ യുദ്ധക്കൊതിയനായ പ്രസിഡന്റെന്ന് പേരുകേട്ട ജോര്‍ജ് ബുഷ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. അഫ്‌ഗാനിലും ഇറാഖിലും ആക്രമണം നടത്തിയതോടൊപ്പം ഇറാനിലും സിറിയയിലും ആക്രമണം നടത്താനും താന്‍ പദ്ധതിയിട്ടിരുന്നതായിട്ടാണ് ബുഷിന്റെ വെളിപ്പെടുത്തല്‍. ഡിസിഷന്‍ പോയിന്റ് എന്ന പേരിലുള്ള തന്റെ ഓര്‍മക്കുറിപ്പിലാണ് ബുഷിന്റെ വെളിപ്പെടുത്തല്‍.
ആക്രമണം നടത്താന്‍ എന്തൊക്കെയാണ് വേണ്ടതെന്ന് പഠിക്കാന്‍ താന്‍ പെന്റഗണിന് നിര്‍ദേശം നല്‍കിയിരുന്നതായും ബുഷ് വെളിപ്പെടുത്തുന്നു. സൈനികനടപടി തന്റെ മുന്നില്‍ എന്നും ഉണ്ടായിരുന്നെന്നും പക്ഷെ അത് തന്റെ അവസാന അവസരത്തില്‍ മാത്രം മതിയെന്ന തീരുമാനത്തിലായിരുന്നെന്നും ബുഷ്‌കൂട്ടിച്ചേര്‍ക്കുന്നു. ഇരുരാജ്യങ്ങളുടെയും ആണവപദ്ധതിപ്രദേശങ്ങള്‍ ആക്രമിക്കാനായിരുന്നു പദ്ധതി. ഇക്കാര്യമെല്ലാം താന്‍ ബ്രട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറുമായി ചര്‍ച്ച ചെയ്‌തിരുന്നെന്നും ബുഷ് വെളിപ്പെടുത്തുന്നു. ഇസ്രയേലി പ്രധാനമന്ത്രിയായിരുന്ന യെഹൂദ് ഓള്‍മെര്‍ട്ടിന്റെ നിര്‍ദേശപ്രകാരമാണ് സിറിയയിലെ ആണവകേന്ദ്രം ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ സുരക്ഷാ കൗണ്‍സിലിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നതായും എന്നാല്‍ സിറിയയ്‌ക്ക് അകത്തേക്കും പുറത്തേക്കും കടക്കുക ശ്രമകരമാണെന്ന സിഐഎയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നെന്നും ബുഷ് പറയുന്നു.
Discussion about this post