പ്ലസ്‌വണ്‍ ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സമരം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാറിന്റെ മേല്‍ കരിഓയില്‍ ഒഴിച്ച സംഭവം കേരളത്തിന് അപമാനകരമാണ്. അന്യ സംസ്ഥാനക്കാരനായ ഒരു യുവ ഐ.എ.എസ് ഓഫീസര്‍ക്കു നേരെ നടന്ന ഈ അതിക്രമം അപലപനീയം മാത്രമല്ല തനി താന്തോന്നിത്തമാണ്. സമരത്തിന്റെ പേരില്‍ എന്ത് പേക്കൂത്തും നടത്തുന്ന വിദ്യാര്‍ത്ഥി സമൂഹം ഇന്ന് എവിടെയെത്തി നില്‍ക്കുന്നു എന്നതിന് തെളിവുകൂടിയാണ് ഈ സംഭവം.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ഓഫീസിലേക്ക് തള്ളിക്കയറിയ കെ.എസ്.യു ജില്ലാ സെക്രട്ടറി സിപ്പി നൂറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് യാതൊരു പ്രകോപനവുമില്ലാതെ ഡയറക്ടര്‍ക്കുനേരെ കരിഓയില്‍ ഒഴിച്ചത്. ഇത്രയൊക്കെ സംഭവിച്ചിട്ടും വളരെ ശാന്തനായാണ് അദ്ദേഹം ഇത് നേരിട്ടത് എന്നത് അദ്ദേഹത്തിനുമേല്‍ കരിഓയില്‍ ഒഴിച്ചവര്‍ മാത്രമല്ല വിദ്യാര്‍ത്ഥി സമൂഹം ഒന്നാകെ കണ്ടുപഠിക്കേണ്ടതാണ്. ഈ ശാന്തതയാണ് അദ്ദേഹത്തിന് നാല്‍പ്പത്തി രണ്ടാം റാങ്കോടുകൂടി ഐ.എ.എസ് നേടാന്‍ കാരണമായതെന്നതുകൂടി യുവസമൂഹം പഠിക്കുന്നതു നന്ന്.
അനീതിക്കെതിരെ പ്രതിതിഷേധിക്കുന്നതില്‍ തെറ്റില്ല എന്നുമാത്രമല്ല പ്രതികരണമില്ലാത്ത സമൂഹം മൃതതുല്യമാണ്. എന്നാല്‍ പ്രതിഷേധിക്കുന്നത് എന്തിനുവേണ്ടിയാണെന്നതും എങ്ങനെയാണെന്നതും പ്രധാനമാണ്. ഗാന്ധിജിയുടെ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ കെ.എസ്.യുക്കാര്‍ നടത്തിയ ഈ അതിക്രമത്തെ അതീവ ഗൗരവമായാണ് വീക്ഷിക്കേണ്ടത്.
ഫീസ് വര്‍ദ്ധന സംബന്ധിച്ച് സംസാരിക്കാനെത്തിയ കെ.എസ്.യു സംഘത്തിന് മാന്യതയോടെ സീറ്റ് നല്‍കി അദ്ദേഹം സംസാരിക്കാന്‍ സന്നദ്ധനായിരുന്നു. ഫീസ് വര്‍ദ്ധന മന്ത്രിസഭാ തീരുമാനമാണെന്നു വിശദീകരിച്ച അദ്ദേഹം ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പും അവര്‍ക്കു നല്‍കി. മാത്രമല്ല കഴിഞ്ഞദിവസം ഫീസ് വര്‍ദ്ധന ഭാഗികമായി പിന്‍വലിക്കുന്നതു സംബന്ധിച്ച് ചില ധാരണകളിലെത്തിയതായും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ പ്രവര്‍ത്തകരിലൊരാള്‍ കുപ്പിയില്‍ കരുതിയിരുന്ന കരിഓയില്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ മേല്‍ ഒഴിക്കുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ച ഒരു യു.ഡി ക്ലാര്‍ക്കിനുനേരെ കൈയേറ്റശ്രമവും നടത്തി. പോലീസെത്തിയാണ് അദ്ദേഹത്തെ അവിടെനിന്നും മാറ്റിയത്. കരിഓയില്‍ വീണ് ഡയറക്ടറുടെ മേശപ്പുറത്തുണ്ടായിരുന്ന ചില ഫയലുകളും നശിച്ചു.
വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ അപചയത്തിന്റെ തോത് എത്രയെന്ന് വ്യക്തമാക്കുന്നതാണ് കരിഓയില്‍ സംഭവം. ഇതു സംബന്ധിച്ച് എട്ടുപേരെ തമ്പാനൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഇതില്‍ ഭൂരിഭാഗവും ഇഞ്ചനീയറിംഗ് വിദ്യാര്‍ത്ഥികളാണ് എന്നതാണ് ഗൗരവപൂര്‍വ്വം കാണേണ്ടത്. ഈ സംഭവത്തിലുള്‍പ്പെട്ടവര്‍ ഇഞ്ചനീയര്‍മാരായി എത്തിയാല്‍ അവരില്‍നിന്ന് ജനങ്ങള്‍ക്ക് എന്ത് സേവനമാണ് ലഭ്യമാവുക എന്നു മാത്രമല്ല സാധാരണക്കാരോടുള്ള ഇവരുടെ മനോഭാവം എന്തായിരിക്കുമെന്നും വ്യക്തമാണ്.
കെ.എസ്.യു ജില്ലാ സെക്രട്ടറി സിപ്പി മനോജിനെ സംഘടനയില്‍നിന്നു പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി വ്യക്തമാക്കിയിട്ടുണ്ട്. കെ.എസ്.യുവിന്റെ സംസ്‌കാരത്തിനു യോജിച്ചതല്ല ഈ സമരമുറയെന്നും ജില്ലാ നേതൃത്വമറിയാതെയാണ് സമരപരിപാടി സംഘടിപ്പിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ ഇതൊന്നുംകൊണ്ട് സംഭവത്തെ ലഘൂകരിക്കാനാവില്ല. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ ഏറെനാളായി സംഭഴിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയുടെ ആഴമാണ് ഇത് വ്യക്തമാക്കുന്നത്. ഗാന്ധിജിയുടെ പാതപിന്തുടരുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കുഞ്ഞാടുകള്‍ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനോട് കാണിച്ച് ഈ സമരാഭാസത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചുകണ്ടില്ല. സമരത്തിന്റെ പേരില്‍ എന്തും കാണിക്കുന്ന ഇത്തരക്കാരെ വച്ചുപൊറുപ്പിക്കാന്‍ ഒരു പ്രസ്ഥാനവും തയ്യാറാകരുത്. അത് സമൂഹത്തെ വിഷലിപ്തമാക്കും. ഇത്തരം പ്രവര്‍ത്തനങ്ങളെ മുളയിലേ നുള്ളാന്‍ തയ്യാറാകണം. അതിന് മുഖംനോക്കാതെയുള്ള ശക്തമായ നടപടികളാണ് ആവശ്യം.
ദൃശ്യ മാധ്യമങ്ങളുള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടാണ് ഈ സമരാഭാസം അരങ്ങേറിയത്. മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം തന്നെയാണ് കരിഓയില്‍ ഒഴിച്ചതെന്നാണ് ഇത് വ്യക്തമാക്കുന്നത്. മാധ്യമശ്രദ്ധ നേടാനുള്ള ഇത്തരം വിലകുറഞ്ഞ അഭാസത്തരങ്ങളെ ഒരിക്കലും മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. അത് മാധ്യമങ്ങളുടെ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ല എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.
Discussion about this post