ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കി. ഇന്ന് രാവിലെ 8 മണിയോടെ തിഹാര്‍ ജയിലില്‍ അതീവ രഹസ്യമായാണ് തൂക്കിലേറ്റിയത്. അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് ശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കിയത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഔദ്യോഗിക സ്ഥിരീകരണം നല്‍കി.
സുരക്ഷാ സാഹചര്യം പരിഗണിച്ച് കാശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാജ്യത്തെ പ്രധാന മേഖലകളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ ആഭ്യന്തര മന്ത്രാലയം രഹസ്യ നിര്‍ദ്ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2001ലെ പാര്‍ലമെന്റ് ഭീകരാക്രമണക്കേസില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. 2005 ഓഗസ്റ്റ് നാലിനാണ് അഫ്‌സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചത്. 2011 ഓഗസ്റ്റ് നാലിന് അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. എന്നാല്‍ പ്രണാബ് മുഖര്‍ജിക്ക് മുമ്പ് രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്തിരുന്നില്ല.
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി അജ്മല്‍ അമീര്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയതോടെ അഫ്‌സല്‍ ഗുരുവനിന്റെ ശിക്ഷയും നടപ്പാക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തിലും രാഷ്ട്രപതി ഉടന്‍ തീരുമാനമെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
അഫ്‌സല്‍ ഗുരുവിന്റേതടക്കം വധശിക്ഷക്കു വിധിക്കപ്പെട്ട 11 പേരുടെ ദയാഹര്‍ജിയാണ് രാഷ്ട്രപതിയുടെ പരിഗണനയിലിണ്ടായിരുന്നത്. ജനുവരി 23നാണ് അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്.
Discussion about this post