തിരുവനന്തപുരം: വിമുക്തഭടന്മാരുടെ ക്ഷേമപുനരധിവാസത്തിനായുള്ള അമാല്‍ഗമേറ്റഡ് ഫണ്ടിന്റെ ഭരണസമിതി ചീഫ് സെക്രട്ടറി ജോസ് സിറിയക്കിന്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. 2012-13 വര്‍ഷത്തെ ബജറ്റും നടത്തിപ്പും വിലയിരുത്തുകയും 2013-14 വര്‍ഷത്തേക്ക് ഒരുകോടി എഴുപത്തിയൊന്‍പത് ലക്ഷം രൂപയുടെ ബജറ്റ് അംഗീകരിക്കുകയും ചെയ്തു.
സൈനികക്ഷേമവകുപ്പ് പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ യോഗം തീരുമാനിച്ചു. വിമുക്തഭടന്മാര്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയില്‍ ചില സാങ്കേതിക തടസങ്ങളുള്ളതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മറ്റ് ജില്ലകളില്‍ വിമുക്തഭടന്മാര്‍ക്ക് ഇത്തരം തടസങ്ങള്‍ നേരിടുന്നില്ലെങ്കില്‍ ഇതേക്കുറിച്ച് തിരുവനന്തപുരം ജില്ലാ കളക്ടറോട് സംസാരിക്കുമെന്ന് ചീഫ് സെക്രട്ടറി ഉറപ്പുനല്‍കി. എക്സ് സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീം (ഇ.സി.എച്ച്.എസ്.), ഭവനനികുതി ഒഴിവാക്കല്‍ മുതലായവ ഉള്‍പ്പെടെ യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ ദക്ഷിണമേഖല നാവിക ആസ്ഥാനത്തുനിന്നും കമ്മഡോര്‍ എസ്.ആനന്ദ്, പൊതുഭരണവകുപ്പ് സെക്രട്ടറി ജ്യോതിലാല്‍, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി.ജോയി, മുതിര്‍ന്ന സംസ്ഥാന / സൈനിക ഉദ്യോഗസ്ഥര്‍, റിയര്‍ അഡ്മിറല്‍ ജോര്‍ജ് കുരുവിള, വായുസേനാ പ്രതിനിധി, മറ്റ് അംഗങ്ങള്‍, സൈനിക ക്ഷേമഡയറക്ടര്‍, കെ.കെ.ഗോവിന്ദന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post