ചെങ്കല്‍ സുധാകരന്‍
17. ബകാസുരമോക്ഷം
മായാബാലനായി വൃന്ദാവനലീലകളാടിയ ശ്രീകൃഷ്ണഭഗവാന്റെ മഹിമ പ്രകടമാക്കുന്ന കഥയാണ് ബകാസുരമോക്ഷം! ഭാഗവതത്തില്‍ ഇക്കഥ ഒന്നു സൂചിപ്പിച്ചിട്ടേയുള്ളൂ. ദശമസ്‌കന്ധം ഏകാദശാദ്ധ്യായത്തില്‍. വത്സാസുരബകാസുരകഥകള്‍ ഈ ഭാഗത്ത് ചുരുക്കിപ്പറഞ്ഞിരിക്കുന്നു. വത്സാസുരനെ വധിച്ചശേഷം ശ്രീകൃഷ്ണഭഗവാന്‍ കൂട്ടരുമൊത്ത് വെള്ളം കുടിക്കുകയും പശുക്കള്‍ക്കും കിടാങ്ങള്‍ക്കും വെള്ളം കൊടുക്കുകയും ചെയ്യുന്നതിനിടയില്‍ ബകാസുരന്‍ ഒരു വലിയ കൊറ്റിയുടെ രൂപത്തില്‍ അവര്‍ക്കിടയില്‍ പ്രവേശിച്ചു. അത് ഓടിച്ചെന്ന് ശ്രീകൃഷ്ണനെ കൊത്തിവിഴുങ്ങി. തൊണ്ടയില്‍ നിന്നുകൊണ്ട് കൃഷ്ണന്‍ അവനെ വേദനിപ്പിച്ചു. വേദനകൊണ്ടു പുളഞ്ഞ ആ ബകം കൃഷ്ണനെപുറത്തേക്കു വിട്ടു. കോപാകുലനായ കൃഷ്ണന്‍ ആ കൂറ്റന്‍ കൊറ്റിയുടെ ചുണ്ടുകള്‍ വലിച്ചുകീറികൊന്നു. ഇത്രയുമാണ് ഭാഗവതത്തിലെ ബകാസുരകഥ!
ഗര്‍ഗ്ഗമഹര്‍ഷി ഈ കഥ കുറേ വിസ്തൃതമായി അവതരിപ്പിച്ചിരിക്കുന്നു. ഗര്‍ഗ്ഗഭാഗവതം വൃന്ദാവനഖണ്ഡത്തില്‍ ഒരിക്കല്‍ ശ്രീകൃഷ്ണന്‍ ബലനോടും ചങ്ങാതിമാരോടുംകൂടി യമുനാതടത്തിലെത്തി. അപ്പോള്‍, കംസപ്രേരിതനായ ബകാസുരന്‍ ഒരു വലിയ കൊറ്റിയുടെ രൂപത്തില്‍ അടുക്കലെത്തി.
‘ശ്വേതപര്‍വതസങ്കാശോ
ബൃഹത്പാദോ ഘനധ്വനിഃ
പലായിതേഷു ബാലേഷു
വജ്രതുണ്ഡോ ഗ്രസദ്ധരിം’.
(വെള്ളി മാമലപോലുള്ള ശരീരവും വലിയ കാലുകളും പൂണ്ട്. ഉഗ്രശബ്ദം പുറപ്പെടുവിച്ച്, ഭയപ്പെടുത്തി. കുട്ടികള്‍ പേടിച്ചോടി. അത് തന്റെ വജ്രസമാനമായ ചുണ്ടുകൊണ്ട് കൃഷ്ണനെ ആഞ്ഞുകൊത്തി വിഴുങ്ങി.) കുട്ടികള്‍ നിലവിളിച്ചു. ആകാശചാരികളായ ദേവന്മാര്‍ ഹാഹാ രവം മുഴക്കി. ദേവേന്ദ്രന്‍ വജ്രായുധംകൊണ്ട് കൊറ്റിയെ വെട്ടി. ബ്രഹ്മാവ് ബ്രഹ്മദണ്ഡം കൊണ്ട് അടിച്ചു. അവയേറ്റുണ്ടായ ക്ഷീണംകളഞ്ഞ് ആ ഭീകരജന്തു പ്രവൃദ്ധവീര്യനായി. ഇടിനാദംപോലെ ഗര്‍ജ്ജിച്ചു. മഹാദേവന്‍ ത്രിശൂലംകൊണ്ട് അതിനെകുത്തി. കൊറ്റിയുടെ ഒരു പക്ഷത്തിന് ക്ഷതമേറ്റു. വായുഭഗവാന്‍ വായവ്യം പ്രയോഗിച്ചു. ബകം ഒന്നിളകി. അത്രമാത്രം! യമന്‍ ദണ്ഡം കൊണ്ടടിച്ചു. എന്നിട്ടും, അതിനൊരു ഹാനിയുമുണ്ടായില്ല. വൈശ്രവണന്‍ തീക്ഷ്ണഖഡ്ഗത്താല്‍ വെട്ടി. അപ്പോള്‍ അതിന്റെ മറ്റേ ചിറകും ഒടിഞ്ഞു. ചന്ദ്രന്‍ നീഹാരാസ്ത്രം പ്രയോഗിച്ചു. അഗ്നിയുടെ ആഗ്നേയംകൊണ്ട് അതിന്റെ രോമങ്ങള്‍ കരിഞ്ഞുപോയി. വരുണന്‍ പാശത്താല്‍ കെട്ടിവലിച്ചു. ഭദ്രകാളി ഗദകൊണ്ടടിച്ചു. സുബ്രഹ്മണ്യന്‍ വേല്‍ പ്രയോഗിച്ചപ്പോള്‍ ആ പക്ഷിയുടെ കാല്‍ ഒടിഞ്ഞുപോയി. കോപം സഹിക്കാതെ ആ കൊറ്റി, ദേവന്മാരെ തുരത്തിയോടിച്ചു. ആകാശം ഭേദിക്കുമാറ് ഗര്‍ജ്ജിച്ചു. ശ്രീകൃഷ്ണഭഗവാന് ഒരു ഹാനിയും പറ്റാതിരിക്കുവാന്‍ ബ്രഹ്മര്‍ഷിമാരും ദേവര്‍ഷിമാരും പ്രാര്‍ത്ഥിച്ചു. ഭഗവാനെ ആശംസിച്ചു.
പക്ഷിയുടെ തൊണ്ടയിലിരുന്നുകൊണ്ട് ഭഗവാന്‍ തന്റെ ശരീരം പെരുക്കി, തൊണ്ടപൊട്ടിയ ഖഗം കൃഷ്ണനെ ഛര്‍ദ്ദിച്ചു. എന്നിട്ടും, വാശിയോടെ ആ ജന്തു കൃഷ്ണനെ വിഴുങ്ങാന്‍ ചീറിയടുത്തു. അപ്പോള്‍, ‘പുച്ഛേഗൃഹീത്വാ തം കൃഷ്ണഃ പോഥയാമാസ ഭൂതലേ’ (കൃഷ്ണന്‍, കൊറ്റിയുടെ വാലില്‍ പിടിച്ച് നിലത്തടിച്ചു). തുടര്‍ന്ന് വായും പിളര്‍ന്നടുത്ത ബകത്തെ ഭഗവാന്‍, അതിന്റെ കൊക്കുകളെ പിടിച്ച് രണ്ടായി കീറിയെറിഞ്ഞു. മൃതമായ പക്ഷിയില്‍നിന്നൊരു തേജസ്സ് ഉയര്‍ന്നുചെന്ന് ശ്രീകൃഷ്ണനില്‍ ലയിച്ചു. ദേവന്മാര്‍ പുഷ്പവൃഷ്ടി ചെയ്തു. ജയജയാരവം മുഴക്കി. വിസ്മയഭരിതരായ ബാലന്മാര്‍ കൃഷ്ണനെ ആശ്ലേഷിച്ചു.
നാരദമഹര്‍ഷി പറഞ്ഞ കഥ കേട്ട് ബഹുലാശ്വമഹാരാജാവ് ഭക്തി വിവശനായി. അദ്ഭുതസ്തബ്ധനായി. അദ്ദേഹം ദേവര്‍ഷിയോടിങ്ങനെ ചോദിച്ചു: ‘മഹര്‍ഷീന്ദ്രാ! ഈ ബകാസുരന്‍ പൂര്‍വ്വജന്മത്തില്‍ ആരായിരുന്നു? ശ്രീകൃഷ്ണനില്‍ ലയിച്ച ഭാഗ്യശാലി, ബകരൂപം ധരിക്കാനിടയായതെങ്ങനെ?’
മിഥിലാധിപന്റെ ജിജ്ഞാസ ശമിപ്പിക്കാനായി നാരദന്‍ ബകാസുരന്റെ പൂര്‍വ്വകഥ പറഞ്ഞുകൊടുത്തു: ‘ മഹാരാജാവറിഞ്ഞാലും, പണ്ട് ഹയഗ്രീവന്റെ പുത്രനായി ഉത്കലന്‍ എന്നൊരസുരനുണ്ടായിരുന്നു. അവന്‍ ദേവന്മാരെയും രാജാക്കന്മാരെയും പോരില്‍ വെന്നു. സര്‍വ്വാധിപതിയായി നൂറുവര്‍ഷം വാണു. ഒരിക്കല്‍ ഉത്കലന്‍, സിന്ധുസാഗരസംഗമസ്ഥാനത്തെത്തി. അവിടെ ജാജലി എന്ന മഹര്‍ഷിയുടെ ആശ്രമമുണ്ടായിരുന്നു. ആ അസുരന്‍ പരിസരത്തിലെ സിന്ധുസാഗരസംഗമസ്ഥാനത്ത് ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ തുടങ്ങി. ജാജലി മഹര്‍ഷി അവനെ തടയാന്‍ ശ്രമിച്ചു. പക്ഷേ, വിപരീതബുദ്ധിയായ അവന്‍ അനുസരിച്ചില്ല. മുനി കുപിതനായി. ‘കൊറ്റിയെപ്പോലെ മീന്‍ പിടിച്ചു നടക്കുന്ന നീ ഒരു കൊറ്റിയായിത്തീരട്ടെ’ എന്നു ശപിച്ചു. അവന്‍, ‘തല്‍ക്ഷണാത് ബകരൂപോfഭൂത്’ (ഉടന്‍ തന്നെ ബകരൂപിയായി മാറി)’
ശാപം ഫലിച്ചപ്പോള്‍ ഉത്കലന്‍ പശ്ചാത്തപിച്ചു. അയാള്‍ മുനിയുടെ പാദാന്തികത്തില്‍ വീണ് മാപ്പിരന്നു. ‘മഹര്‍ഷേ, അങ്ങയുടെ വൈഭവം ഞാന്‍ മനസ്സിലാക്കിയില്ല. അറിയാതെ ചെയ്ത അപരാധം പൊറുത്താലും. അങ്ങയെപ്പോലുള്ള സജ്ജനങ്ങള്‍ ശത്രുമിത്രോദാസീനരാണല്ലോ! സ്വര്‍ണ്ണം മണ്‍കട്ട എന്നിവയിലും മാനാപമാനങ്ങളിലും സുഖദുഃഖങ്ങളിലും ഭേദമില്ലാത്തവരുമാണ്. നമസ്‌കരിച്ചടുക്കുന്നവര്‍ക്ക് ഇന്ദ്രലോകമോ ബ്രഹ്മലോകമോ നല്‍കി അനുഗ്രഹിക്കുവാന്‍ കഴിവുള്ളവരാണ്. അതുകൊണ്ട്, ഭഗവാന്‍ എന്നോടു പൊറുത്ത് ശാപമോക്ഷം നല്‍കിയാലും’.
മഹര്‍ഷിയുടെ കോപം ശമിച്ചു. അറുപതിനായിരം വര്‍ഷം തപസ്സനുഷ്ഠിച്ചിട്ടുള്ള ആ മുനിവര്യന്‍ സന്തുഷ്ടനായി ഇങ്ങനെ പറഞ്ഞു. ‘ദാനവേന്ദ്രാ, ഞാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. വൈവസ്വതദ്വാപരാന്ത്യത്തില്‍, വൃന്ദാവനത്തില്‍വച്ച്, കാലിമേച്ചുല്ലസിച്ചെത്തുന്ന ശ്രീകൃഷ്ണസ്പര്‍ശത്താല്‍ നിനക്കു മോക്ഷം ലഭിക്കും’. ആ വരം ഫലിച്ചു. ബഹുലാശ്വ മഹാരാജാവേ, ഈ പൂര്‍വ്വാനുഭവങ്ങളാണ് ഉത്കലന്‍ ബകരൂപിയാകാനും ഇടയാക്കിയത്. നാരദന്റെ വാക്കുകള്‍ കേട്ട് ബഹുലാശ്വമഹാരാജാവ് ആനന്ദമഗ്നനായി. ശ്രീകൃഷ്ണഭഗവാന്റെ ഭക്തിവാത്സല്യത്തില്‍ മുഴുകി. സജ്ജനസംസര്‍ഗ്ഗം നല്‍കുന്ന മഹാപുണ്യമോര്‍ത്ത് രോമാഞ്ചമണിഞ്ഞു.
ഭക്തിസാന്ദ്രമായ ഒരു കഥയാണ് ബകാസുരവധം. ഭഗവത്‌സ്പര്‍ശത്താല്‍ മോക്ഷം നേടിയ ഒരു ഭക്തന്റെ കഥ! ദുര്‍ജ്ജനങ്ങള്‍ എത്ര പരിശ്രമിച്ചാലും സജ്ജനങ്ങളെ നശിപ്പിക്കാന്‍ സാധിക്കുകയില്ല എന്ന സത്യം ഇവിടെ കാണാം. ബകരൂപിയായ അസുരന്‍ ശ്രീകൃഷ്ണഭഗവാനെ എത്ര ക്രൂരമായി ഉപദ്രവിച്ചിട്ടും, കൊത്തിവിഴുങ്ങിയിട്ടുപോലും, അദ്ദേഹത്തെ നശിപ്പിക്കാന്‍ സാധിച്ചില്ല. ഈശ്വരനില്‍ സര്‍വ്വവുമര്‍പ്പിച്ചു കഴിയുന്ന ഭക്തന്മാരെപ്പോലും ദുഷ്ടന്മാര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. പിന്നെയാണോ സാക്ഷാല്‍ ഈശ്വരനെ നശിപ്പിക്കുവാന്‍ സാധിക്കുക? ആസുരതയുടെ നാശവും ദൈവീകഭാവത്തിന്റെ വിജയവുമാണ് ഈ കഥ വിശദമാക്കുന്നത്. ഭാഗവതമാഹാത്മ്യംതന്നെ ഈ തത്ത്വത്തിലധിഷ്ഠിതമാണല്ലോ?
ഗര്‍ഗ്ഗമഹര്‍ഷി ഉത്കലന്റെ പൂര്‍വ്വജന്മകഥകൂടി ഉള്‍ക്കൊള്ളിച്ച് പ്രസ്തുത കഥയ്ക്ക് മറ്റൊരര്‍ത്ഥംകൂടി ഉണ്ടാക്കിയിരിക്കുന്നു. കര്‍മ്മഫലങ്ങളുടെ പൂര്‍വ്വാപരബന്ധം. ശരീരബലത്താല്‍ അഹന്തയാര്‍ന്ന വ്യക്തിയെയാണ്, ഗര്‍ഗ്ഗന്‍ ഉത്കലനിലൂടെ വെളിപ്പെടുത്തുന്നത്. അത്തരക്കാര്‍ക്ക് അനൗചിത്യപൂര്‍വ്വമായ പ്രവൃത്തി സ്വഭാവമാകുന്നു. ‘സ്വത്തുക്കള്‍ കണ്ടു ശിക്ഷിച്ചുചെല്ലുമ്പോള്‍’ ശത്രുവെപ്പോലെ ക്രുദ്ധിക്കുവാനേ അവര്‍ക്കു കഴിയൂ.
അഹങ്കാരമൂര്‍ത്തിയായി ഉത്കലന്‍ മദിച്ചു നടന്നു. ‘മനഃകരോതി കര്‍മ്മാണി’ എന്ന തത്ത്വമനുസ്മരിപ്പിക്കുമാറ് അവന്‍ പരിസരം മറന്നു പുളച്ചു. ദുര്‍വൃത്തി അഹങ്കാരിയുടെ ലക്ഷണമാണ്. അനുബന്ധസ്വഭാവങ്ങളും. അവയില്‍ പ്രധാനം സജ്ജനോപദ്രവം! ജാജലിയുടെ ആശ്രമാന്തത്തിലെ, സിന്ധുസാഗരസംഗമത്തിലെ മീന്‍പിടുത്തം ഉദാഹരണമാണ്. തികഞ്ഞ പ്രതീകാത്മകമാര്‍ഗ്ഗമാണ് സംഹിതാകര്‍ത്താവ് (ഗര്‍ഗ്ഗസംഹിത) സ്വീകരിച്ചിരിക്കുന്നത്. ‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും കൊതുകിന് ചോരയിലാണല്ലോ താത്പര്യം?’ അതനുസരിച്ച് ഉത്കലന്‍ ചെയ്തത്, ചൂണ്ടയില്‍ മത്സ്യങ്ങളെ കോര്‍ത്തെടുക്കുകയാണ്.
അറുപതിനായിരം വര്‍ഷം തപസ്സുചെയ്ത ജാജലിമഹര്‍ഷിയുടെ ആശ്രമമാണെന്നോ ശമപ്രധാനമായ പരിപാവനസ്ഥലമെന്നോ ചിന്തിക്കാനുള്ള വിവേകം ആ ദേഹാഭിമാനിക്കുണ്ടായില്ല. മഹര്‍ഷി ഉപദേശരീത്യാ പറഞ്ഞിട്ടും വകവെച്ചില്ല. സന്മതികള്‍ക്ക് ഗുരുക്കന്മാര്‍ ആദരണീയരാണ്. ദുര്‍മ്മതികള്‍ക്ക് അങ്ങനെയല്ല. വിപരീതബുദ്ധി പ്രവര്‍ത്തിക്കുകയാല്‍ ധിക്കരിക്കാനേ തോന്നൂ. ചൂണ്ടയില്‍ മത്സ്യങ്ങളെ കോര്‍ത്തെടുക്കുന്ന പ്രതീകവും ശ്രദ്ധിക്കേണ്ടതാണ്. ദുരഭിമാനികള്‍ അകാരണമായി സജ്ജനപീഡ ചെയ്യുന്നു എന്നതാണ് ഈ സൂചനയില്‍ തെളിയുന്നത്.
സമൂഹത്തില്‍ നന്മ ചെയ്യുന്നവരെയാണ്, മത്സ്യങ്ങള്‍ പ്രതിനിധീകരിക്കുന്നത്. വെള്ളത്തിലെ മാലിന്യങ്ങള്‍ ഭക്ഷിച്ച് ജലശുദ്ധി വരുത്തുന്ന മത്സ്യങ്ങള്‍ സജ്ജനപ്രതീകങ്ങള്‍തന്നെ. സമൂഹമാകുന്ന സരസ്സിലെ ദുഃഖങ്ങള്‍ സ്വയംവരിച്ച് സ്വധര്‍മ്മപാലനത്തിലൂടെ നാടിന് നന്മവരുത്തുന്ന സജ്ജനങ്ങളുടെ പ്രതീകങ്ങളാണവ! അവയെ/രെ സൂചിമുനയില്‍ നിര്‍ത്തി വേദനിപ്പിക്കുകയെന്നത് ചൂണ്ടല്‍ക്കാരുടെ/നീചരുടെ സ്വഭാവമാകുന്നു. സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം അവര്‍, മഹാമതികളെ മര്‍മ്മം നോക്കി കുത്താന്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കും. കോപമത്സരവശംവദരാകുന്ന ഇവര്‍ക്ക് ഔചിത്യമേ ഉണ്ടാകില്ല. ഊനാതിരിക്തഭേദവും നഷ്ടമാകും.
പ്രവൃത്തിയുണ്ടോ ഫലവുമുണ്ട്. ചെയ്യുന്നതിനു തക്കഫലം! അതാണ് ഈ കഥയില്‍ മുനിശാപമായി വന്നത്. ഉത്കലന്‍ അവന്റെ പ്രവൃത്തിക്കൊത്ത കൂറ്റന്‍ കൊറ്റിയായി പുനര്‍ജ്ജനിച്ചു. വിഹായസ്സില്‍ അല്പമുയര്‍ന്നു പറക്കുന്നവയാണെങ്കിലും കൊക്കുകള്‍ക്ക് ചേറിലും നീരിലുമുള്ള ജീവികളാണ് ഭക്ഷണം! സമുഹത്തിലെ ചിലതരം ഹീനമനുഷ്യരെയാണ് കൊറ്റികള്‍ പ്രതിനിധീകരിക്കുന്നത്. ജനസമക്ഷം നല്ലവരെന്നു നടിക്കുകയും സ്വാര്‍ത്ഥം നേടാനായി കൂടുവിട്ട് ഏകാകികളായിരുന്ന് ചൂഷണം ചെയ്യുകയുമാണ് ഇവരുടെ രീതി. കൂട്ടമായി പറന്നെത്തിയാലും കൊക്കുകള്‍ മടകളിലേക്ക് ഒറ്റയ്‌ക്കൊറ്റയ്ക്കാണ് പോവുക!
ഉത്കലന്‍ എന്ന പേരിനുമുണ്ട് ഒരു വിശേഷാര്‍ത്ഥം. ഭാരം ചുമക്കുന്നവന്‍ എന്നും കാട്ടാളന്‍ എന്നും ശാപമെന്ന ഭാരം ചുമക്കുകയാണ് കഥയിലെ ഉത്കലന്‍. ജീവിതംതന്നെ ഒരുതരം ഭാരം ചുമക്കലാണല്ലോ. ഈശ്വരസംഗമത്താല്‍, ഉത്കലന് ആ ഭാരം ഇറക്കിവയ്ക്കാന്‍ സാധിക്കുന്നു. സാമാന്യജീവിതരഹസ്യംതന്നെ ഈ കഥ വെളിവാക്കുന്നു. മരണപര്യന്തം എല്ലാവരും ജീവിതഭാരം ചുമക്കുന്നു. അവിചാരിതങ്ങളായ പല അനുഭവങ്ങളുമുണ്ടാകുന്നു. അവസാനം തിരിച്ചറിവിലൂടെ സന്മാര്‍ഗ്ഗം കണ്ടെത്തുന്നു. ബകവധത്തിലും അതുതന്നെ കാരണം. കാട്ടാളന്‍ എന്ന ആന്തരാര്‍ത്ഥം നോക്കിയാലും ഒരു പൊരുള്‍ കണ്ടെത്താന്‍ കഴിയും. ഉള്ളില്‍ കാട് (അജ്ഞാനം) ഉള്ളവനും കാട്ടാളനാണ്. അജ്ഞാനത്താലാണ് ഉത്കലന് ജാജലിമാഹാത്മ്യം മനസ്സിലാകാതെ പോയത്. ഭഗവത്സ്പര്‍ശത്താല്‍ അജ്ഞാനം നീങ്ങി. സജ്ജനസമ്പര്‍ക്കം അറിവുണ്ടാക്കിയെന്നു സാരം. അതോടെ സത്യദര്‍ശന സമര്‍ത്ഥനുമായി.
ജാജലിമഹര്‍ഷിയുടെ ആശ്രമോപാന്തത്തിലെ സിന്ധു-സാഗരസംഗമവും ആലോചനാമൃതമായ പ്രതീകമാണ്. ജീവാത്മ-പരമാത്മലയംകൊണ്ട മഹര്‍ഷിമനസ്സാണത്. അവിടെയാണ് ഉത്കലന്‍ ചുണ്ടന്‍ ഇട്ടത്. പ്രശാന്തഗംഭീരമായി, സ്വച്ഛമായി സമാധിസുഖമനുഭവിച്ച മഹര്‍ഷിമനസ്സിനെ ഉത്കലന്റെ (അജ്ഞാനിയുടെ) നീചവൃത്തി അലോസരപ്പെടുത്തി. അതിനേറ്റ ഫലമാണ് ശാപം. സുദീര്‍ഘകാലത്തെ പശ്ചാത്താപാര്‍ത്തചിന്ത വിപരീതഭക്തി എന്ന മാര്‍ഗത്തിലൂടെയാണെങ്കിലും മോക്ഷത്തിലെത്തിച്ചു.
പല മാനങ്ങളുള്ള ഈ കഥ ഭാഗവതന്മാര്‍ക്ക് രസകരമാണ്. തൃപ്തന്‍ കരവുമാണ്. സുചിന്തിതങ്ങളായ ഇത്തരം കഥകളുടെ പൊരുള്‍ അന്വേഷിച്ചറിഞ്ഞെങ്കിലേ ആസ്വാദനം പരിപൂര്‍ണ്ണമാകൂ!
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-
ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.
തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.
വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,
വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013, മൊബൈല്‍: 9447089049
പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.
കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,
മാളുബന്‍ പബ്ലിക്കേഷന്‍സ്
ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-
MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: [email protected]
Discussion about this post