പൊതുപ്രവര്‍ത്തകര്‍ എല്ലാ സംശയങ്ങള്‍ക്കും അതീതരായി ഇരിക്കണമെന്നതാണ് സാമാന്യ തത്വം. എന്നാല്‍ രാഷ്ട്രീയ സ്വാധീനത്തിന്റെയും സാമ്പത്തികശക്തിയുടെയും ബലത്തില്‍ പലപ്പോഴും പൊതുപ്രവര്‍ത്തകര്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാറുണ്ട്. ഇവിടെ നഷ്ടപ്പെടുന്നത് ധാര്‍മ്മികതയും മൂല്യബോധവുമാണ്.
രാജ്യസഭാ ഉപാദ്ധ്യക്ഷസ്ഥാനം അലങ്കരിക്കുന്ന പി.ജെകുര്യന്‍ ഇന്ന് സംശയത്തിന്റെ പുകമറയ്ക്കുള്ളിലാണ്. പതിനേഴുവര്‍ഷത്തിനുമുമ്പ് നടന്ന ഒരു സംഭവത്തിന്റെ പേരില്‍ വീണ്ടും അദ്ദേഹം വിവാദനായകനായിരിക്കുന്നു. സുപ്രീം കോടതി വിധിക്കുപിന്നാലെ, തന്നെ പീഡിപ്പിച്ചുവെന്ന് സൂര്യനെല്ലിയുടെ പെണ്‍കുട്ടി വീണ്ടും വെളിപ്പെടുത്തിയതോടെയാണ് കൂര്യന്റെമേല്‍ സംശയത്തിന്റെ നിഴല്‍ പരന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സും അദ്ദേഹത്തോട് താല്‍പര്യമുള്ളവരുമൊക്കെ ആയിരം നാവുകളുമായി രംഗത്തിറങ്ങിയതിനുപിന്നാലെയാണ് സൂര്യനെല്ലിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഏകപ്രതിയായ ധര്‍മ്മരാജന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
മൈസൂറില്‍വച്ച് ഒരു സ്വകാര്യചാനലില്‍് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മ്മരാജന്‍ ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്. കുര്യന്‍ കുമളി ഗസ്റ്റ്ഹൗസില്‍വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് ചാനലിനോട് വെളുപ്പെടുത്തിയ ധര്‍മ്മരാജന്‍ ഇക്കാര്യത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി പിന്നീട് ഒരു പത്രത്തിനോടും പറഞ്ഞു. സൂര്യനെല്ലിക്കേസില്‍ താന്‍ വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ ഏതു കോടതിയിലും തുറന്നുപറയാന്‍ തയ്യാറാണെന്നും ഇതിനുതക്ക തെളിവുകള്‍ കൈവശമുണ്ടെന്നും പറഞ്ഞ ധര്‍മ്മരാജന്‍ പി.ജെകുര്യനില്‍നിന്ന് സാമ്പത്തികസഹായമടക്കമുള്ളവ ലഭിച്ചതുകൊണ്ടാണ് അന്വേഷണഘട്ടത്തില്‍ അദ്ദേഹത്തിനെതിരെ ഒന്നും പറയാതിരുന്നതെന്നുമാണ് ധര്‍മ്മരാജന്റെ വെളിപ്പെടുത്തല്‍.
നിയമത്തിന്റെ സാങ്കേതികയില്‍ തൂങ്ങി സൂര്യനെല്ലിക്കേസില്‍ തുടര്‍ അന്വേഷണം നടത്താതിരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ കേസില്‍ തുടര്‍ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമം നിയമത്തിന്റെ വഴിക്കുനീങ്ങുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ ഇവിടെ അതല്ല പ്രശ്‌നം. ധാര്‍മ്മികമായി പി.ജെകുര്യന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷസ്ഥാനത്ത് തുടരുന്നത് ശരിയോ എന്നാണ്.
കുര്യന്‍ നിരപരാധിയെങ്കില്‍ അദ്ദേഹം നിയമവ്യവസ്ഥയിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ച് സംശുദ്ധിയോടെ ഇന്ന് ഇരിക്കുന്ന സ്ഥാനത്തേക്ക് മടങ്ങിവരുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. പക്ഷെ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന ഒരു ബില്ല് സഭയില്‍ ചര്‍ച്ചയ്ക്കിരിക്കുന്നവേളയില്‍ അതിന്റെ അദ്ധ്യക്ഷസ്ഥാനത്ത് കുര്യന്‍ ഇരിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. പി.ജെ.കൂര്യന്‍ എത്രയുംവേഗം രാജ്യസഭാ ഉപാദ്ധ്യക്ഷസ്ഥാനം ഒഴിയുകയാണ് ധാര്‍മ്മികതയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം ചെയ്യേണ്ടത്.
Discussion about this post