ഡോ. അദിതി
അണിമാണ്‍ഡവ്യന്‍ എന്ന ഋഷി, ഒരു ഋഷിയുടെ ധര്‍മ്മങ്ങള്‍ പൂര്‍ണ്ണമായും നിര്‍വ്വഹിച്ചുകൊണ്ട് കഴിയുകയായിരുന്നു. അദ്ദേഹം തന്റെ ആശ്രമ കവാടത്തിനുമുന്നില്‍ നിവര്‍ന്നിരുന്ന് ഉയര്‍ത്തിപിടിച്ച തൊഴുകൈയ്യോടെ മൗനവ്രതം അനുഷ്ടിക്കുമായിരുന്നു. ഒരിക്കല്‍ അദ്ദേഹം ആ നിലയില്‍ വര്‍ഷങ്ങളോളം ഇരുന്നു. ആ കാലത്ത് ഒരിക്കല്‍ മോഷണവസ്തുക്കളുമായി രണ്ടു കള്ളന്മാര്‍ ഓടിവന്ന് ആശ്രമത്തിനുള്ളില്‍ ഒളിച്ചു. കള്ളന്‍മാരെ പിന്‍തുടര്‍ന്നുവന്ന പടയാളികള്‍ ആശ്രമത്തിലെത്തി. അവര്‍ മൗനിയായ ഋഷിയോട് കള്ളന്‍മാരെക്കുറിച്ച് അന്വേഷിച്ചു. മൗനവ്രതം ആചരിച്ചുകൊണ്ടിരുന്നതിനാല്‍ രാജപാലകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. ആശ്രമത്തിനുള്ളില്‍ കടന്ന രാജപാലകര്‍ തൊണ്ടിയോടെ കള്ളന്‍മാരെ പിടികൂടി, കള്ളന്‍മാര്‍ അകത്തു പ്രവേശിച്ച കാര്യം ഋഷി ഒളിച്ചുവച്ചതായി രാജപാലകര്‍ വിശ്വസിച്ചു. മോഷണത്തില്‍ ഋഷിക്കും പങ്കുണ്ടെന്നു കരുതി അവര്‍ കള്ളന്മാരോടൊപ്പം ഋഷിയേയും രാജാവിന്റെ മുമ്പില്‍ സന്നിഹിതനാക്കി. രാജാവാകട്ടെ കള്ളന്‍മാരെയും ഋഷിയേയും ശൂലത്തിലേറ്റി നിമിഷങ്ങള്‍ക്കകം കള്ളന്‍മാര്‍ രണ്ടുപേരും മരിച്ചു. എന്നാല്‍ അണിമാണ്‍ഡവ്യനാകട്ടെ ശൂലത്തില്‍ കിടന്നു തന്നെ അനേകകാലം തന്റെ മൗനവ്രതം തുടര്‍ന്നു. ഒരിക്കല്‍ അതുവഴി കടന്നുപോയ ചില മുനിമാര്‍ ശൂലത്തിലേറ്റിയ ഒരു ഋഷി അതില്‍ കിടന്നുതന്നെ വര്‍ഷങ്ങളായി തപസ്സനുഷ്ഠിക്കുന്നകാര്യം രാജാവിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ആ വാര്‍ത്ത കേട്ട മാത്രയില്‍ കുറ്റബോധത്തിന്റെ തീച്ചൂളയില്‍ രാജാവ് ഉരുകാന്‍ തുടങ്ങി. മാപ്പിരന്നുകൊണ്ട് ശൂലത്തില്‍ കിടന്ന മുനിയുടെ അടുത്ത് രാജാവ് ഓടിയെത്തി. രാജകല്‍പന അനുസരിച്ച് മുനിയെ ശൂലത്തില്‍ നിന്നും ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അതു ഫലിച്ചില്ല. ഒടുവില്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം ശരീരത്തിന്റെ വെളിയിലുള്ള ശൂലത്തിന്റെ ഭാഗം മുറിച്ച് അദ്ദേഹത്തെ മോചിപ്പിച്ചു.
വളരെക്കാലം കഴിഞ്ഞ് ഭൗതിക ശരീരമുപേക്ഷിച്ച ഋഷി യമധര്‍മ്മന്റെ അടുത്തു തന്റെ ശിക്ഷയുടെ ഔചിത്യത്തെക്കുറിച്ച് ചോദ്യം ചെയ്തു. കുറ്റം ചെയ്യാത്ത തന്നെ ശിക്ഷിച്ചതിന്റെ ന്യായങ്ങളെക്കുറിച്ച് അന്വേഷിച്ചു. യമധര്‍മ്മനാകട്ടെ അണിമാണ്‍ഡവ്യന്റെ രേഖകള്‍ പരിശോധിച്ചു. ശിശുവായിരിക്കെ അണിമാണ്‍ഡവ്യന്‍ ഒരു പുഴുവിന്റെ ശരീരാന്തര്‍ഭാഗത്ത് ഒരു പുല്ലിന്റെ നാമ്പ് കുത്തികയറ്റിയത് യമധര്‍മ്മന്‍ ചിത്രഗുപ്തന്റെ രേഖകളില്‍ കണ്ടുപിടിച്ചു.
എന്നിട്ട് യമധര്‍മ്മന്‍ വിനയപൂര്‍വ്വം അണിമാണ്‍ഡവ്യനോട് പറഞ്ഞു ‘അങ്ങയെ ശൂലത്തിലേറ്റിയതും ശൂലത്തിന്റെ ഒരുഭാഗം അങ്ങയുടെ ശരീരത്തിന്റെ ഉള്ളില്‍ തന്നെ അവശേഷിപ്പിച്ചതും അങ്ങ് അതേപടി ഒരു പുഴുവിനോട് കാണിച്ച പാപത്തിന്റെ ഫലമാണ്’ ധര്‍മ്മദേവന്റെ ഈ വിശദീകരണം അണിമാണ്‍ഡവ്യന് സ്വീകാര്യമായിരുന്നില്ല. ധര്‍മ്മദേവന്റെ മറുപടിയില്‍ ഋഷി കോപാകുലനായി. തന്റെ മേല്‍ അടിച്ചേല്‍പ്പിച്ച ശിക്ഷ അതിദാരുണമാണ്. താന്‍ ശിശുവായിരിക്കെ ചെയ്‌തെന്നു പറയുന്ന ഈ കുറ്റം ഒരു പാപമല്ല. രോഷാകുലനായ മുനി ധര്‍മ്മദേവനെ ശപിച്ചു.’ അന്യായമായ ശിക്ഷ നടപ്പാക്കിയ അങ്ങ് ഒരു ശൂദ്രനായി ജനിക്കും. ഈ ശാപം നിമിത്തം ധര്‍മ്മദേവന്‍ ശൂദ്രനായ വിദൂരനായി ജനിച്ചു.
Discussion about this post