ന്യൂഡല്‍ഹി: ആറന്‍മുള വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയതായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് ആറന്‍മുള വിമാനത്താവളത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടംകുളം ആണവനിലയം ഈ വര്‍ഷം തന്നെ കമ്മീഷന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷം സര്‍ക്കാര്‍ ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും വ്യക്തമാക്കി. നാണയപ്പെരുപ്പ നിരക്ക് ക്രമാനുഗതമായി താഴുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോഴും ആശങ്ക തുടരുകയാണ്.
പന്ത്രണ്ടാം പദ്ധതിയില്‍ സംസ്ഥാനങ്ങള്‍ക്ക് നൂതന രീതിയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള സ്വാതന്ത്യ്രം നല്‍കിയിട്ടുണ്ട്. സബ്സിഡികള്‍ നേരിട്ട് വിതരണം ചെയ്യുന്ന രീതി കൂടുതല്‍ മികച്ച ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കും.
സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ജസ്റീസ് വര്‍മ കമ്മറ്റിയുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരും. സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ ആശുപത്രികളില്‍ സൌകര്യമൊരുക്കും. ഇതിന്റെ പൈലറ്റ് പ്രൊജക്ടായി രാജ്യത്തെ 100 ജില്ലകളില്‍ ഈ സൌകര്യമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. തെലങ്കാന അംഗങ്ങളുടെ പ്രതിഷേധത്തോടെയായിരുന്നു പ്രസംഗം ആരംഭിച്ചത്.
Discussion about this post