തിരുവനന്തപുരം: പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ആറ്റുകാലില്‍ വന്‍ ഭക്തജനത്തിരക്ക്. കുത്തിയോട്ടത്തിന് ഇത്തവണ 971 കുട്ടികളാണ് എത്തിയത്. കുത്തിയോട്ട വ്രതാരംഭമായ ഇന്നലെ ആറ്റുകാല്‍ ക്ഷേത്രനടയില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ പള്ളിപ്പണംവെച്ച് കുത്തിയോട്ടവ്രതക്കാരായി. ഇനി ഏഴുനാള്‍ സ്വയം സമര്‍പ്പിച്ച് ഇവര്‍ വ്രതം നോല്‍ക്കും.
ഏഴ് ഒറ്റരൂപ തുട്ടുകള്‍ പള്ളിപ്പലകയില്‍വെച്ച് നമസ്‌കരിച്ച് കുത്തിയോട്ടവ്രതക്കാര്‍ ദേവീദാസന്‍മാരായി മാറി. ക്ഷേത്രം മേല്‍ശാന്തി ഹരീഷ്‌കുമാര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. കുട്ടികള്‍ ഇനി വ്രതശുദ്ധിയോടെ ക്ഷേത്രത്തില്‍ തങ്ങും. പൊങ്കാലദിവസമായ 26 ന് നടക്കുന്ന പുറത്തെഴുന്നള്ളത്തില്‍ ഇവര്‍ ദേവിക്ക് അകമ്പടി സേവിക്കും. ദേവിയുടെ കാവല്‍ഭടന്‍മാര്‍ എന്ന സങ്കല്‍പ്പത്തിലാണ് കുട്ടികള്‍ വ്രതമെടുത്ത് ക്ഷേത്രത്തില്‍തന്നെ കഴിയുന്നത്. കുത്തിയോട്ടവ്രതക്കാരുടെ എണ്ണത്തിലും ഇത്തവണ വര്‍ധനവുണ്ട്.
പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രപരിസരത്ത് ആരംഭിച്ച പോലീസ് കണ്‍ട്രോള്‍റൂം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ഉത്സവത്തോടനുബന്ധിച്ച് ഈ മേഖലയിലെ പവര്‍കട്ട് പിന്‍വലിക്കണമെന്നും മുന്‍കൗണ്‍സിലര്‍ തമ്പാനൂര്‍ സതീഷ് ആവശ്യപ്പെട്ടു.
Discussion about this post