ശ്രീഹരിക്കോട്ട: സമുദ്രഗവേഷണവും സമുദ്രാധിഷ്ടിത കാലാവസ്ഥാ നിരീക്ഷണവും കൂടുതല്‍ കാര്യക്ഷമവും കൃത്യവുമാക്കാന്‍ ലക്ഷ്യമിട്ടുള്ള സരള്‍ ഉപഗ്രഹമുള്‍പ്പെടെ ഏഴ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-20 റോക്കറ്റ് ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് നിശ്ചയിച്ചതിലും അഞ്ച് മിനിറ്റ് വൈകിയായിരുന്നു വിക്ഷേപണം. വൈകിട്ട് 5:56നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ 6:01 നാണ് റോക്കറ്റ് വിക്ഷേപിച്ചത്. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും സംയുക്ത സംരഭമായ 410 കിലോ ഭാരമുള്ള സരള്‍, ഓസ്ട്രിയയുടെ യൂനിബ്രൈറ്റ്, ബ്രൈറ്റ്, ഡെന്‍മാര്‍ക്കിന്റെ എഎയു സാറ്റ്-3, ബ്രിട്ടന്റെ സ്ട്രാന്റ്, കാനഡയുടെ മിനി സാറ്റലൈറ്റ് സഫയര്‍, മൈക്രോസാറ്റലൈറ്റ് നിയോസാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കുക. 2007 ഫെബ്രുവരി 23 നാണ് സര്‍ക്കാര്‍ സരള്‍ ഉപഗ്രഹത്തിനായുള്ള കരാര്‍ ഒപ്പുവെച്ചത്. കഴിഞ്ഞ ഡിസംബര്‍ 12 ന് വിക്ഷേപിക്കാനായിരുന്നു നിശ്ചയിച്ചതെങ്കിലും സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിക്ഷേപണം നീട്ടിവെയ്ക്കുകയായിരുന്നു.
Discussion about this post