ന്യൂഡല്‍ഹി: റെയില്‍വെ യാത്രാനിരക്ക് ഉടന്‍ വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍. അതേസമയം റിസര്‍വേഷന്‍, തല്‍ക്കാല്‍ നിരക്കുകളില്‍ വര്‍ധനയുണ്ടാകും. നിരക്ക് നിശ്ചയിക്കാന്‍ പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തും. ചരക്കുനിരക്കുകളില്‍ 5 ശതമാനം വര്‍ധനയുണ്ടാകും. ഇന്ധനവില വര്‍ധിക്കുന്നതനുസരിച്ച് ചരക്കുകൂലി കൂടുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് റെയില്‍വെ മന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ പ്രഖ്യാപിച്ചു. റെയില്‍വെ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മന്ത്രി പറഞ്ഞു. റെയില്‍വെയുടെ ആധുനികവല്‍ക്കരണത്തിനും സ്വകാര്യ പങ്കാളിത്തത്തിനും ഊന്നല്‍ നല്‍കിയിട്ടുണ്ട്.
67 എക്‌സ്പ്രസ് ട്രെയിനുകള്‍ ആരംഭിക്കും. 26 പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കും. കേരളത്തിന് ആകെ 5 ട്രെയിനുകള്‍ മാത്രമാണ് അനുവദിച്ചത്.
ലെവല്‍ക്രോസുകള്‍ അപകടം വിതയ്ക്കുകയാണ്. പതിനായിരത്തിലധികം ലെവല്‍ക്രോസുകള്‍ ഒഴിവാക്കും. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍പിഎഫില്‍ 10 ശതമാനം സ്ത്രീസംവരണം ഉറപ്പുവരുത്തും.
ബജറ്റ് അടങ്കല്‍ 5.19 ലക്ഷം കോടി രൂപയുടേതാണ്. സാമ്പത്തിക സുസ്ഥിരത അനിവാര്യമാണ്. സാമ്പത്തിക ഞെരുക്കം മൂലം കഴിഞ്ഞ വര്‍ഷത്തെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. നടപ്പുവര്‍ഷം 24000 കോടി രൂപയുടെ നഷ്ടമുണ്ടായതായും മന്ത്രി പറഞ്ഞു.
ഇ ടിക്കറ്റ് സംവിധാനം മെച്ചപ്പെടുത്തും. 7200 ടിക്കറ്റുകള്‍ മിനിട്ടില്‍ ബുക്ക് ചെയ്യാന്‍ കഴിയും. ഇബുക്കിങ് സൗകര്യം മെച്ചപ്പെടുത്തും. ഇതിനായി ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റ് നവീകരിക്കും. പുലര്‍ച്ചെ 12.30 മുതല്‍ രാത്രി 11.30 വരെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ക്രമീകരണമുണ്ടാകും. 1,20,000 പേര്‍ക്ക് ഒരേ സമയം ടിക്കറ്റ് ബുക്ക് ചെയ്യാനാകും.
പാലങ്ങള്‍ പുനര്‍നിര്‍മിക്കും. ബയോടോയ്‌ലറ്റുകള്‍ വ്യാപകമാക്കും. ട്രെയിനിലെ ശുചിത്വമില്ലായ്മ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. കോച്ചുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ നടപടിയെടുക്കും. ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും. വികലാംഗര്‍ക്കായി എസ്‌കലേറ്ററും വീല്‍ചെയറും സ്റ്റേഷനില്‍ ഏര്‍പ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ആസാദി ട്രെയിനും പ്രഖ്യാപിച്ചു.
പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം സമാഹരിക്കും. ഒരു ലക്ഷം കോടി രൂപ കടമെടുക്കും. റെയില്‍വെ ജീവനക്കാരുടെ 1.52 ലക്ഷം ഒഴിവുകള്‍ നികത്തും.
Discussion about this post