കല്‍പ്പറ്റ: മാനന്തവാടിയില്‍ പാരലല്‍ കോളേജ് വിദ്യാര്‍ത്ഥിനി അനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ. കേസില്‍ ഒന്നും രണ്ടും പ്രതികളായ നാസര്‍, ഗഫൂര്‍ എന്നിവര്‍ക്കാണ് വധശിക്ഷ. കല്‍പ്പറ്റ സെഷന്‍സ് കോടതി ജഡ്ജി എം.ജെ. ശശിധരനാണ് ശിക്ഷ വിധിച്ചത്. കേസിലെ മൂന്നാംപ്രതി മുഹമ്മദ് എന്ന കുഞ്ഞാനെ വെറുതെ വിട്ടു.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായതിനാല്‍ പ്രതികള്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ നല്‍കാനാവില്ലെന്ന് ജഡ്ജി വ്യക്തമാക്കി. ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
പടിഞ്ഞാറത്തറ 13ാം മൈലില്‍ വിശ്വനാഥന്‍ നായരുടെ മകള്‍ അനിത (20)യെ വീട്ടില്‍ കിണര്‍ നിര്‍മാണത്തിനെത്തിയ നാസര്‍ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഗഫൂറുമായി ചേര്‍ന്ന് അനിതയെ തട്ടിക്കൊണ്ടുപോയി തിരുനെല്ലി അപ്പപ്പാറ വനത്തിലെത്തിച്ച് ബലാല്‍സംഗത്തിന് ശേഷം കൊലപ്പെടുത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു.
2011 ആഗസ്റ്റ് 9നാണ് കേസിനാസ്പദമായ സംഭവം.
Discussion about this post