ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗം ആരംഭിച്ചു. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് യോഗം രൂപം നല്‍കും. ദേശീയ കൗണ്‍സില്‍ യോഗത്തിന് നിര്‍ണ്ണായക പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്.
രാജ്യതലസ്ഥാനത്ത് നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി കൗണ്‍സില്‍ യോഗങ്ങളുടെ മുഖ്യ ആകര്‍ഷണം നരേന്ദ്ര മോഡിയാണ്. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മൂന്നാം തവണയും ഗുജറാത്തില്‍ ബിജെപിയെ അധികാരത്തിലെത്തിച്ച മോഡിക്ക് പാര്‍ട്ടിക്ക് സ്വീകാര്യതയേറുന്നതിന്റെ സൂചനകള്‍ നിര്‍വാഹക സമിതി യോഗത്തില്‍ ദൃശ്യമയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമിതിയുടെ അധ്യക്ഷനായി മോദിയെ നിയമിക്കുന്നതിനുള്ള നീക്കളും സജീവമായിട്ടുണ്ട്.
മോഡിയെ ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് അനുമോദിച്ചതായി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷം ബിജെപി വക്താവ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. മോഡിയുടെ നേതൃത്വത്തില്‍ അഭിമാനമുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്‌നാഥ് സിങ് ദേശീയ അധ്യക്ഷനായ ശേഷം നടക്കുന്ന ആദ്യ കൗണ്‍സില്‍ യോഗത്തില്‍ ലോക്‌സഭ നിയമസഭ തെരഞ്ഞെടുപ്പുകളാണ് പ്രധാന അജണ്ട. രാജ്‌നാഥ് സിങിനെ അധ്യക്ഷനായി യോഗം അംഗീകരിക്കും. ഈ വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് കൗണ്‍സിലില്‍ അന്തിമരൂപമാകും. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തി വിലക്കയറ്റം, അഴിമതി, ആഭ്യന്തര സുരക്ഷ എന്നിവ മുന്‍നിര്‍ത്തി സാമ്പത്തിക രാഷ്ട്രീയ പ്രമേയങ്ങളും കൗണ്‍സില്‍ പാസാക്കും.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ബിജെപിയെ സംബന്ധിച്ച് നിര്‍ണ്ണായകമായതിനാല്‍ ശക്തമായ രാഷ്ട്രീയ തന്ത്രങ്ങളായിരിക്കും ദേശീയ സമിതി യോഗങ്ങളില്‍ കൈക്കൊള്ളുക. രാജ്‌നാഥ് സിങ് നേതൃത്വത്തില്‍ എത്തിയിട്ട് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ വിജയത്തിലെത്തിക്കുക എന്നത് രാജ്‌നാഥ് സിങിനെ സംബന്ധിച്ചും നിര്‍ണായകമാണ്.
Discussion about this post