കാരക്കാസ്: വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അന്തരിച്ചു. കാരക്കാസിലെ മിലിട്ടറി ആശുപത്രിയിലാണ് അന്ത്യം. 58 വയസ്സായിരുന്നു. പ്രദേശിക സമയം ചൊവാഴ്ച വൈകിട്ട് 4.25 ദേശീയമാധ്യമത്തിലൂടെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. വൈസ് പ്രസിഡന്റ് നിക്കോളാസ് മഡൂറയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ശവസംസ്കാരമടക്കമുള്ള കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞദിവസം രോഗം മൂര്‍ഛിച്ചിരുന്നു. കഴിഞ്ഞമാസമാണ് കാന്‍സര്‍ ചികിത്സക്ക് ശേഷം ഷാവേസ് ക്യൂബയില്‍ നിന്നും മടങ്ങി എത്തിയത്. 1998ലാണ് ഷാവേസ് വെനിസ്വേലയുടെ പ്രസിഡന്റായി അധികാരത്തിലെത്തിയത്. അടുത്തിടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഷാവേസിനു രോഗാവസ്ഥയെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതിനിടെ കാന്‍സറിനെ അതിജീവിച്ച് ഷാവേസ് ജീവിതത്തിലേക്ക് മടങ്ങി വന്നതായി ഓദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. 14 വര്‍ഷം വെനിസ്വേലയുടെ പ്രസിഡന്റായിരുന്നു. കാന്‍സറിനു ക്യൂബയില്‍ നാലുവട്ടം ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കീമോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ നല്‍കി വരവെയാണ് ഹ്യൂഗോ ഷാവേസ് മരണത്തിനു കീഴടങ്ങിയത്. തന്റെ രോഗാവസ്ഥയെ കുറിച്ച് ഷാവേസിനു പൂര്‍ണ ബോധ്യമുണ്ടായിരുന്നു എന്ന് വാര്‍ത്താവിതരണ മന്ത്രി ഏണസ്റോ വില്ലെഗാസ് പറഞ്ഞു.
Discussion about this post