തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ചരിത്രത്തേയും നമ്മുടെ പൈതൃകത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിവിധ സ്കൂളുകളില്‍ രൂപീകരിച്ചിട്ടുള്ള ഹെരിറ്റേജ് ക്ളബ്ബുകളില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന സ്കൂളുകള്‍ക്ക് സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള 2012 വര്‍ഷത്തെ ഹെരിറ്റേജ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മലപ്പുറം വളവന്നൂര്‍ ബി.വൈ.കെ.വി.എച്ച്.എസ്.എസ്. ഒന്നാം സ്ഥാനം കരസ്ഥമാക്കി 25,000 രൂപയുടെ ക്യാഷ് അവാര്‍ഡ് നേടി. മലപ്പുറം പെരുവള്ളൂര്‍ ജി.എച്ച്.എസ്.എസിന് രണ്ടാം സമ്മാനമായ 15,000 രൂപയുടെ ക്യാഷ് അവാര്‍ഡും തിരുവനന്തപുരം വെഞ്ഞാറമൂട് പാറയ്ക്കല്‍ ഗവ.യു.പി.എസ് മൂന്നാം സമ്മാനമായ 10,000 രൂപയുടെ ക്യാഷ് അവാര്‍ഡും നേടി. പട്ടാമ്പി ഗവ.ഓറിയന്റല്‍ എച്ച്.എസ്.എസ്., ഇടുക്കി രാജക്കാട് ഗവ.എച്ച്.എസ്.എസ്. മലപ്പുറം ചെട്ടിയാന്‍ കിണര്‍ ഗവ.എച്ച്.എസ്.എസ്. എന്നീ സ്കൂളുകള്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി. ക്യാഷ് അവാര്‍ഡിന് പുറമേ പ്രശസ്ത ചരിത്രകാരന്മാരായ ഇളംകുളം കുഞ്ഞന്‍പിള്ള, കെ.പി.പത്മനാഭമേനോന്‍, മുന്‍ ആര്‍ക്കൈവ്സ് ഡയറക്ടര്‍, ഡോ.എന്‍.രാജേന്ദ്രന്‍ സ്മാരക എന്‍ഡോവ്മെന്റുകളും നല്‍കും.
മാര്‍ച്ച് 12-ന് ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്ത് സ്വദേശാഭിമാനി മെമ്മോറിയല്‍ ടൌണ്‍ഹാളില്‍ നടക്കുന്ന ആര്‍ക്കൈവ്സ് വാരാഘോഷ ഉദ്ഘാന ചടങ്ങില്‍ ഗ്രാമവികസന പ്ളാനിംഗ് സാംസ്കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Discussion about this post