വത്തിക്കാന്‍ സിറ്റി: 120 കോടി കത്തോലിക്ക വിശ്വാസികള്‍ക്ക് പുതിയ പരമാധ്യക്ഷനെ ലഭിച്ചു. അര്‍ജന്റീനയില്‍ നിന്നുള്ള ജോര്‍ജ് മരിയോ ബര്‍ഗോഗ്ലിയോയാണ് പുതിയ മാര്‍പ്പാപ്പ. പോപ്പ് ഫ്രാന്‍സിസ് ഒന്നാമന്‍ എന്ന് അറിയപ്പെടും. ബ്യൂണിസ് ഐറിസ് രൂപത അധ്യക്ഷനാണ്. 1282 വര്‍ഷത്തിനു ശേഷമാണ് യൂറോപ്പിനു പുറത്തു നിന്ന് സഭയ്ക്ക് അധ്യക്ഷനുണ്ടാകുന്നത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ പോപ്പാണ് അദ്ദേഹം. പോപ്പ് ആകുന്ന ആദ്യ ജെസ്യൂട്ട് വൈദികന്‍ കൂടിയാണ് 76 വയസ്സുള്ള ബര്‍ഗോഗ്ലിയോ.
വിശ്വാസികളെ അനുഗ്രഹിക്കാന്‍ ബസലിക്കയുടെ മട്ടുപ്പാവിലെത്തിയ പോപ്പ് ഫ്രാന്‍സിസ് ഒന്നാമന്‍ എല്ലാവരോടും നന്ദി പറഞ്ഞു. ഇനി യാത്ര ഒരുമിച്ചെന്നും വിശ്വാസികളോട് പാപ്പ പറഞ്ഞു. പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തതിന്‍റെ സൂചന നല്‍കി ഇന്ത്യന്‍ സമയം രാത്രി 11.40 ഓടെയാണ് സിസ്റ്റെന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് വെളുത്തപുക ഉയര്‍ന്നത്. വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ മണികള്‍ മുഴങ്ങി. പുതിയ പാപ്പയുടെ ആശീര്‍വാദം ഏറ്റുവാങ്ങാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയത്.
രണ്ടാംദിനം ആദ്യവോട്ടിംഗില്‍ പുതിയ മാര്‍പ്പാപ്പയെ കണ്ടെത്താനായിരുന്നില്ല. സിസ്റ്റെന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് പോപ്പിന്റെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് സമവായമായില്ല എന്ന സൂചന നല്‍കി കറുത്ത പുക ഉയര്‍ന്നു. പിന്നീട് നടന്ന വോട്ടിംഗിലാണ് തീരുമാനമായത്.
115 കര്‍ദിനാള്‍മാരില്‍ മൂന്നില്‍ രണ്ടു പേരുടെ വോട്ട് ലഭിക്കുന്നയാളാണ് മാര്‍പാപ്പയാവുക. അതായത് 77 വോട്ട് ലഭിച്ചയാള്‍ പുതിയ മാര്‍പാപ്പയായി. ലോകത്ത് രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുന്ന വോട്ടെടുപ്പില്‍ മുന്‍പന്തിയിലാണ് പാപ്പയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്. സിസ്‌റ്റെന്‍ ചാപ്പലിലെ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നാല്‍ പാപ്പ തെരഞ്ഞെടുക്കപ്പെട്ടു എന്നാണ് അത് കാണിക്കുന്നത്, അതേസമയം കറുത്ത പുക ഉയര്‍ന്നാല്‍ പാപ്പയുടെ കാര്യത്തില്‍ തീരുമാനമായില്ല എന്നാണ് അര്‍ത്ഥം. 2005ല്‍ കോണ്‍ക്ലേവ് തുടങ്ങി 24 മണിക്കൂറിനകം പുതിയ പാപ്പ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ രണ്ടാംദിവസമാണ് പാപ്പയെ തെരഞ്ഞെടുത്തത്.
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാരില്‍ 60 പേര്‍ യൂറോപ്പില്‍ നിന്നാണ്. വടക്കേ അമേരിക്കയില്‍ നിന്ന് 16, ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് 19, ആഫ്രിക്കയില്‍ നിന്ന് 11, ഏഷ്യയില്‍ നിന്ന് 10 ഓഷ്യാനയില്‍ നിന്ന് ഒന്ന് എന്നിങ്ങനെയാണ് കര്‍ദിനാള്‍മാരുടെ പ്രാതിനിധ്യം. ഇന്ത്യയില്‍ നിന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ ക്ലിമിസ് എന്നിവരുള്‍പ്പെടെ അഞ്ചു കര്‍ദിനാള്‍മാര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നു.
Discussion about this post