റോം: വിവാദങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് ഇറ്റാലിയന്‍ നാവികരുടെ വിഷയത്തില്‍ ഇറ്റലി നിലപാട് മാറ്റി. കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരെ വിചാരണയ്ക്കായി തിരിച്ചെത്തിക്കുമെന്ന് ഇറ്റലി അറിയിച്ചു. ഇക്കാര്യം ഇന്ത്യയെ അറിയിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കടല്‍ക്കൊലക്കേസ് വിചാരണ നേരിടാനാണ് നാവികരെ തിരിച്ചെത്തിക്കുന്നത്. നാവികരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഇന്ത്യ ഉറപ്പു നല്‍കിയെന്നും ഇറ്റലി അറിയിച്ചു. വധശിക്ഷ വിധിക്കില്ലെന്ന ഉറപ്പു ലഭിച്ചതിനു ശേഷമാകും നാവികരുടെ മടങ്ങിവരവ്. നാവികരെ തിരിച്ചെത്തിക്കാനുള്ള സുപ്രീം കോടതി കാലാവധി വെള്ളിയാഴ്ച അവസാനിക്കവേയാണ് ഇറ്റലിയുടെ നിലപാട് മാറ്റം. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഇറ്റാലിയന്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനാണ് നാവികര്‍ക്ക് സുപ്രീം കോടതി നാല് ആഴ്ചത്തെ ജാമ്യം അനുവദിച്ചത്. എന്നാല്‍ നാവികര്‍ നാട്ടിലെത്തിയതോടെ ഇറ്റലി നിലപാട് മാറ്റി. നാവികരെ തിരിച്ചയക്കില്ലെന്നും അന്താരാഷ്ട്ര കോടതിയിലാണ് കേസിന്റെ വിചാരണ നടക്കേണ്ടതെന്നും ഇറ്റലി വാദിച്ചു. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിനും ഉലച്ചില്‍ തട്ടി. നാവികര്‍ തിരിച്ചെത്തില്ലെന്ന് വ്യക്തമായതോടെ ഇന്ത്യയിലുള്ള ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മഞ്ചീനിയോട് രാജ്യം വിട്ടുപോകരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇറ്റാലിയന്‍ സ്ഥാനപതി നാവികരെ തിരിച്ചെത്തിക്കാമെന്ന് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. നാവികരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ മന്ത്രാലയം ഇറ്റലിയുടെ മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തിവരവേയാണ് ഇറ്റലിയുടെ പുതിയ നിലപാട് അറിയിച്ചത്.
Discussion about this post