ഡോ. അദിതി
ഊരുഭംഗം ചെയ്ത് ദുര്യോധനനെ തോല്‍പ്പിച്ചവാര്‍ത്ത അശ്വത്ഥാമാവിന്റെ ചെവിയിലുമെത്തി. അയാള്‍ കൃപരോടും കൃതവര്‍മ്മനോടും കൂടി മരണം പ്രതീക്ഷിച്ച് മണ്ണില്‍ മലര്‍ന്നടിച്ച് കിടക്കുന്ന ദുര്യോധനന്റെ അടുത്ത് പാഞ്ഞെത്തി. ഒന്നനങ്ങാന്‍പോലും വയ്യാതെ മരിച്ചുകൊണ്ടിരുന്ന ദുര്യോധനന്റെ കണ്ണുകള്‍ കണ്ണീരാല്‍ നിറഞ്ഞിരുന്നു.
ദുര്യോധനന്റെ ദയനീയ സ്ഥിതി കണ്ട അശ്വത്ഥാമാവില്‍ കോപം പ്രളയാഗ്നിപോലെ ആളിക്കത്തി. അയാള്‍ നിലവിളിച്ചുകൊണ്ടു പറഞ്ഞു – ചതി….ചതി…വന്‍ ചതി. ഇത് ഞാന്‍ സഹിക്കുകയില്ല. എന്റെ അച്ഛനെ പാണ്ഡവര്‍ കൊന്നത് ചതിച്ചാണ്.
എന്നാല്‍ ആ ചതി എന്നെ ഇത്രയും വേദനിപ്പിച്ചില്ല. ദുര്യോധനന്റെ സമീപം ഇരുന്ന് അശ്വത്ഥാമാവ് പറഞ്ഞു – ചതിയില്‍ അടിച്ചുവീഴ്ത്തപ്പെട്ട് ചോരയില്‍ കുളിച്ചുകിടക്കുന്ന അങ്ങയുടെ ഈ അവസ്ഥ എനിക്കു സഹിക്കാന്‍ വയ്യേ.. ഞാന്‍ സത്യത്തിന്റെ പേരില്‍ ഇതാ ശപഥം ചെയ്യുന്നു.
ഇന്നുവരെ ഞാനാര്‍ജ്ജിച്ച എന്റെ തപശ്ശക്തിയും കൈയ്യൂക്കും കൊണ്ട് ആ കൃഷ്ണന്‍ നോക്കി നില്‍ക്കവെതന്നെ അഞ്ചു പാണ്ഡവരെയും ഞാന്‍ യമപുരിയില്‍ എത്തിക്കും.
അങ്ങനെ അനുവദിക്കണം. മരണത്തോടടുത്തുകൊണ്ടിരുന്ന ദുര്യോധനനില്‍ അശ്വത്ഥാമാവിന്റെ ഈ ആകോശം ആശയുടെ തിരിതെളിച്ചുവോ? രജാകല്‍പ്പന അനുസരിച്ച് ഒരുകുടം വെള്ളം അവിടെ കൊണ്ടുവന്നു.
സേനാ നായകനായി അശ്വത്ഥാമാവിനെ അഭിഷേകവും ചെയ്തു. ദുര്യോധനനെ വാരിപ്പുണര്‍ന്ന് ആ രക്തത്തിന്റെ ഗന്ധം ശ്വസിച്ച് അയാള്‍ ശത്രുപാളയത്തിലേക്കോടി. മരണപ്രായനായ ദുര്യോധനന്‍ യുദ്ധഭൂമിയിലെ മാംസദാഹികളായ ചെന്നായ്ക്കളെ ഭയന്ന് കണ്ണിമ ചിമ്മാതെ രാത്രി കഴിച്ചുകൂട്ടി. കൃതവര്‍മ്മരും കൃപരും അശ്വത്ഥാമാവും അതി ദൂരം നടന്ന് ഒരു ഘോര വനത്തിലെത്തി. ദുഃഖിതനായ കൃതവര്‍മ്മരും കൃപരും ഒരു മരചുവട്ടിലിരുന്നുറങ്ങി. കോപാന്ധനായ അശ്വത്ഥാമാവ് ഉണര്‍ന്നിരുന്നു.
ആ അവസരത്തില്‍ കാക്കകള്‍ ചേക്കേറുന്ന ഒരാല്‍മരം അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. തീ ചീറ്റുന്ന മുഖഭാവമുള്ള ഭീമാകാരനായ ഒരു മൂങ്ങ അവിടെയെത്തി. ആ ജന്തു രാത്രിയുടെ മറവില്‍ ഓരോ ശാഖയിലും പതുങ്ങി ചെന്നിരുന്ന് തന്റെ ജന്മശത്രുക്കളായ അനേകം കാക്കകളെ കൊന്നൊടുക്കി.
ചത്ത കാക്കകള്‍ അശ്വത്ഥാമാവിന്റെ മുന്നില്‍ പതിച്ചു. ജന്മശത്രുക്കളുടെ ആ കൊലയില്‍ ആ പക്ഷി സത്വം ചിറകു വിരിച്ചാര്‍പ്പു വിളിച്ചു. ക്രൂരനായ പക്ഷിയുടെ ഹീനമായ ശത്രുവധം അശ്വത്ഥാമാവിന് ഒരു മാര്‍ഗ്ഗനിര്‍ദ്ദേശമായി മാറി. കൃപരുടെയും കൃതവര്‍മ്മന്റെയും വിലക്കുകളെ വകവക്കാതെ അയാള്‍ ശത്രുപാളയത്തില്‍ കയറി. ഉറങ്ങികിടന്ന പാഞ്ചാലരേയും മറ്റുള്ള അനേകം പേരേയും കൊന്നു. ഒടുവില്‍ കൃപരും കൃതവര്‍മ്മനും അശ്വത്ഥാമാവിനോട് ചേര്‍ന്നു. രക്ഷപ്പെട്ടോടുന്നവരെ അവര്‍ വെട്ടിവീഴ്ത്തി.
ഉറങ്ങികിടന്ന നിരപരാധികളെ കൊന്നശേഷം അവര്‍ മൂന്നുപേരും ആ സന്തോഷവാര്‍ത്ത അറിയിക്കാന്‍ ദുര്യോധനന്റെ അടുത്തേക്കോടി. ദുര്യോധനന്‍ രക്തം ഛര്‍ദ്ദിക്കുകയായിരുന്നു നിമിഷങ്ങള്‍ക്കകം അയാള്‍ മരിക്കും. കൂടാരത്തിലെ കൊലപാതകങ്ങളും ദീനരോദനങ്ങളും അശ്വത്ഥാമാവ് വര്‍ണ്ണിച്ചു. ദുര്യോധനന്‍ അവരെ ഒന്നു നോക്കി; മരിച്ചു.
ഈ വര്‍ത്ത അറിഞ്ഞ് യുധിഷ്ഠിരനും കൂട്ടരും കൂടാരത്തിലേക്കോടി. അവിടെ എത്തിയ യുധിഷ്ഠിരന്‍ ബോധം കെട്ടുവീണു. പിടയുന്ന ഹൃദയത്തോടെ വീഴാന്‍തുടങ്ങിയ പാഞ്ചാലിയെ ഭീമന്‍ താങ്ങി നിര്‍ത്തി. (തുടരും)
Discussion about this post