എന്‍.കെ.പദ്മപ്രഭ
‘വിവേകചൂഡാമണി’ യുടെ കര്‍ത്താവ് ശ്രീ ശങ്കരാചാര്യരാണെങ്കിലും അതിലെ ചില ഭാഗങ്ങള്‍ പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നും അവ ‘ആചാര്യപാദരുടെ അംഗീകരിക്കപ്പെട്ട ചില തത്വങ്ങള്‍ക്ക് ഹാനികരമായി’ത്തീരുന്നുവെന്നുമാണ് ശ്രീ. പനോളിയുടെ അഭിപ്രായം.
ജ്ഞാനത്തിലൂടെ മാത്രമേ മുക്തി ലഭിക്കുകയുള്ളൂ. എന്ന് ഉറപ്പിച്ചു പറയുന്ന ആചാര്യസ്വാമികള്‍ ഭക്തിയെ പാടിപ്പുകഴ്ത്തുകയില്ലെന്ന തോന്നലാണ് മുഖ്യമായും ഇതിലെ പല ശ്ലോകങ്ങളും പ്രക്ഷിപ്തമാണെന്ന തീര്‍പ്പില്‍ ലേഖകനെ എത്തിക്കുന്നത്. വിവേകചൂഡാമണിയില്‍ പ്രക്ഷിപ്തശ്ലോകങ്ങളുണ്ടെന്നു സമര്‍ത്ഥിക്കാന്‍ അദ്ദേഹം പലവിധത്തിലും ശ്രമിക്കുന്നുണ്ട്.
വിവേകചൂഡാമണിയിലെ ആദ്യത്തെ 14ശ്ലോകങ്ങള്‍ക്കുള്ളില്‍ ശത,കോടി,ശതകോടി ശബ്ദങ്ങള്‍ നാലുതവണ ഉപയോഗിച്ചിട്ടുണ്ടെന്നും ഉചിതപദങ്ങള്‍ പ്രയോഗിക്കാനുള്ള ദിവ്യസിദ്ധിയുള്ള ആചാര്യന്‍ അങ്ങനെ ചെയ്യില്ലെന്നും ശ്രീ.പനോളി ചൂണ്ടിക്കാട്ടുന്നു. ഇതിനെക്കുറിച്ച് തല്‍ക്കാലം ഒന്നേ പറയാനുള്ളൂ. പ്രസ്തുത ശബ്ദങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്ലോകങ്ങള്‍ പ്രക്ഷിപ്തമായാലും അല്ലെങ്കിലും അവയൊന്നും തന്നെ ഭക്തിയെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്ലോകങ്ങളല്ല.
ശമദമാദി ഷഡ്കസമ്പത്തിയെക്കുറിച്ച് ‘അപരോക്ഷാനുഭൂതി’യില്‍ പരാമര്‍ശിച്ചിരിക്കെ ‘വിവേകചൂഡാമണി’യിലും ആവര്‍ത്തിക്കില്ലെന്നും അതുകൊണ്ട് ശമദമാദിയെക്കുറിച്ച് വിവേകചൂഡാമണിയില്‍ കാണുന്ന പദ്യങ്ങള്‍ പ്രക്ഷിപ്തമാണെന്നുമാണ് മറ്റൊരു വാദം.
ഏതു ശാസ്ത്രഗ്രന്ഥത്തിലും അധികാരി, വിഷയം, സംബന്ധം, പ്രയോജനം എന്നീ അനുബന്ധചതുഷ്ടയത്തെ പ്രതിപാദിക്കുകയെന്നത് സ്വാഭാവികമാണ്. വിവേകവൈരാഗ്യയുക്തനും ശമദമാദിഷഡ്ക സമ്പന്നനുമാണ് ബ്രഹ്മവിദ്യക്ക് അധികാരി എന്നതുകൊണ്ട് വിവേകചൂഡാമണിയില്‍ അതു കാണിച്ചിരിക്കുന്നത് തികച്ചും യുക്തം തന്നെ. സംക്ഷേപത്തിനായി ഒഴിച്ചു നിര്‍ത്തേണ്ടതല്ല അത്. സംക്ഷേപത്തിന്റെ കാര്യം പറഞ്ഞാല്‍ മറ്റൊന്നുകൂടി ചോദിക്കാവുന്നതാണ്. അതായത് അദൈ്വതദര്‍ശനത്തെക്കുറിച്ച് ശ്രീശങ്കരന്‍ എന്തിന് ഒന്നിലധികം ഗ്രന്ഥങ്ങളെഴുതി? ശ്രീശങ്കരന്റെ ഒരു ഗ്രന്ഥം തന്നെ അദൈ്വതദര്‍ശനം പൂര്‍ണ്ണമായി പ്രകാശിപ്പിക്കാന്‍ അസമര്‍ത്ഥമാണെന്നു കരുതുകവയ്യ. ഗോവിന്ദാചാര്യരെ പ്രണമിക്കുന്ന പ്രഥമശ്ലോകം പ്രക്ഷിപ്തമാണെന്നാണ് ലേഖകന്റെ അഭിപ്രായം.
ശ്രീശങ്കരനെ ഭക്തി (ഗുരുഭക്തിപോലും) തൊട്ടുതീണ്ടരുതല്ലോ! ഭക്തിയെ അധഃകരിച്ചുകാണിക്കാനും പതിവുപോലെ ലേഖകന്‍ ആ പരമഹംസശിഷ്യനെ – സ്വാമി വിവേകാനന്ദനെ കൂട്ടുപിടിക്കുന്നുവെന്നതാണ് ഏറെ വിചിത്രം! ഏതായാലും ‘സ്ഥാപകായച ധര്‍മ്മസ്യ സര്‍വധര്‍മ്മസ്വരൂപിണേ അവതാരവരിഷ്ഠായ രാമകൃഷ്ണായ തേ നമഃ’ എന്ന് സ്വന്തം ഗുരുവിനെ സ്തുതിക്കുന്ന സ്വാമിജിക്ക് ആചാര്യസ്വാമികളുടെ ഗുരുവന്ദനത്തില്‍ വിപ്രതിപത്തിയുണ്ടാവാന്‍ വഴിയില്ല.
വ്യാസഭഗവാനെ ഗീതാഭാഷ്യത്തില്‍ ആചാര്യന്‍ വാഴ്ത്തിയിട്ടുണ്ടെന്ന് ലേഖകന്‍ സമ്മതിക്കുന്നുണ്ട്. ‘ശിവ ഏവ ഗുരുസ്സാക്ഷാത് ഗുരുരേവ ശിവസ്വയം’ എന്നു പാടിയ ആചാര്യര്‍ക്ക് സ്വന്തം ഗുരുവ്യാസഭഗവാനേക്കാള്‍ ഒട്ടും കുറഞ്ഞയാളാവില്ലല്ലോ! ഭഗവദ് ഗീത 13-ാം അദ്ധ്യായം, 18-ാംശ്ലോകം വ്യാഖ്യാനിക്കുമ്പോള്‍ ‘ജ്ഞാനം അമാനിത്വാദി തത്ത്വജ്ഞാനര്‍ത്ഥ ദര്‍ശനപര്യന്തം’ എന്നു പറഞ്ഞുകൊണ്ട്, 13-ാം അദ്ധ്യായത്തിലെ 7 മുതല്‍ 11വരെ ശ്ലോകങ്ങളില്‍ പറഞ്ഞതാണ് ജ്ഞാനമെന്ന് ശ്രീശങ്കരന്‍ ഭാഷ്യത്തില്‍ സ്പഷ്ടമാക്കുന്നുണ്ട്. അതില്‍ ആദ്യശ്ലോകം(7) നോക്കുക.
‘അമാനിത്വമദംഭിത്വം
അഹിംസാക്ഷാന്തിരാര്‍ജ്ജവം
ആചാര്യോപാസനം ശൗചം
സ്ഥൈര്യമാത്മവിനിഗ്രഹഃ
ജ്ഞാനമാര്‍ഗം അവലംബിക്കുന്നവര്‍ക്കും ആചാര്യോപാസനം വേണ്ടതുതന്നെ. വിവേകചൂഡാമണിയിലെ ‘അത്യന്തവിചിത്രമായ ഒരു പദ്യ’ത്തെയാണ് ശ്രീ.പനോളി അടുത്തതായി ചൂണ്ടിക്കാട്ടുന്നത്.
‘മോക്ഷകാരണസാമഗ്ര്യാം
ഭക്തിരേവ ഗരീയസീ
സ്വസ്വരൂപാനുസന്ധാനം
ഭക്തിരിത്യഭിഝീയതേ’
ജ്ഞാനത്തിലൂടെ മാത്രമേ മോക്ഷമുള്ളൂ എന്നു പറയുന്ന ആചാര്യസ്വാമികള്‍ ഇങ്ങനെ എഴുതുകയില്ലെന്നാണ് ലേഖകന്റെവാദം. സ്വസ്വരൂപാനുസന്ധാനമാണ് ഭക്തി എന്നു പറഞ്ഞതുകൊണ്ട് ദൈ്വതികള്‍ക്ക് എന്തുപ്രയോജനം? അദൈ്വതികള്‍ക്ക് പ്രയോജനമുണ്ടുതാനും. അതുകൊണ്ട് ഈ ശ്ലോകത്തിന്റെ കര്‍ത്താവ് അദൈ്വതാചാര്യനായ ശ്രീശങ്കരന്‍ തന്നെയല്ലേ എന്ന ചോദ്യമുണ്ടാവാം എന്നതിനാല്‍ മുനകൂറായിത്തന്നെ ശ്രീ,പനോളി പ്രസ്തുത ചോദ്യത്തിന്റെ മുനയൊടിക്കാന്‍ ശ്രമിക്കുന്നു.
ഈ ശ്ലോകത്തിന്റെ ഉത്തരാര്‍ദ്ധം ഒരു കാലത്ത് നഷ്ടപ്രായമായാല്‍ അവശേഷിക്കുന്നത് ‘മോക്ഷകാരണ സമഗ്ര്യാം ഭക്തിരേവ ഗരീയസി’ എന്നു മാത്രമാണെന്നും അങ്ങനെ അത് ആചാര്യസന്ദേശത്തെ ‘ഹനിക്കല്‍’ ആകുമെന്നുമാണ് ലേഖകന്‍ വാദിക്കുന്നത്.
എന്തൊരു വിചിത്രമായ വാദം! നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പ്രസ്തുത ശ്ലോകത്തിന്റെ ഉത്തരാര്‍ദ്ധം നഷ്ടപ്രായമായില്ലെന്നതിരിക്കട്ടെ – ഒരു ശ്ലോകത്തിന്റെ ഉത്തരാര്‍ദ്ധം മാത്രമെ നഷ്ടപ്രായമാകൂ എന്നെങ്ങനെ കരുതാം? മനു സ്മൃതിയിലെ ന സ്ത്രീസ്വാതന്ത്ര്യമര്‍ഹതി’ എന്നവസാനിക്കുന്ന ശ്ലോകത്തിലെ ആദ്യത്തെ മൂന്നു പാദങ്ങളാണ് ഇന്ന് നഷ്ടപ്രായമായതെന്നോര്‍ക്കുക.
നിഘണ്ടുക്കളിലൊന്നുംതന്നെ ഭക്തിക്ക് ‘സ്വസ്വരൂപാനുസന്ധാനം’ എന്നു നിര്‍വചനം നല്‍കിയിട്ടില്ലെത്രെ. ‘ഭക്ത’ ശബ്ദത്തെ ‘സന്യാസീ’ എന്നാണ് ആചാര്യര്‍ വ്യാഖ്യാനിച്ചതെന്ന് ലേഖകന്‍ പറയുന്നുണ്ട്. ഏതു നിഘണ്ടുവിനെ അടിസ്ഥാനമാക്കിയാണ് ആചാര്യര്‍ ഇങ്ങനെ വ്യാഖ്യാനിച്ചത്
സ്വസ്വരൂപാനുസന്ധാനമാണ് ഭക്തി (സ്വാത്മതത്വാനുസന്ധാനമെന്നുമുണ്ട്) എന്നാണ് വിവേകചൂഡാമണിയില്‍ ഭക്തിയുടെ നിര്‍വചനമെങ്കില്‍ അതു ഭാഷ്യങ്ങളില്‍ ഒരിടത്തെങ്കിലും കാണേണ്ടതല്ലേ എന്നതാണ് മറ്റൊരു ചോദ്യം. ‘അനന്യ ഭക്തി’ എന്ന പദത്തിന് ‘ആത്മജ്ഞാനലക്ഷണയാ’ എന്ന് അര്‍ത്ഥം നല്‍കാന്‍ ആചാര്യന്‍ മറന്നില്ല. (ഗീതാഭാഷ്യം 18-12)’ എന്നു ശ്രീ.പനോളി പറയുമ്പോള്‍ ഭാഷ്യത്തില്‍ അദ്ദേഹംതന്നെ അത് കാണിച്ചുതന്നിരിക്കുന്നു!
‘ഇതിനര്‍ത്ഥം ഭക്തിമാര്‍ഗ്ഗം കൈവെടിയണമെന്നല്ല’ എന്നു ലേഖകന്‍ ഭക്തരെ ആശ്വസിപ്പിക്കുന്നുണ്ട്. ഭക്തിയില്‍ അഗ്നിയില്ലെന്നും അതുകൊണ്ട് കര്‍മ്മങ്ങളെ ദഹിപ്പിച്ച് നിര്‍വ്വാണം നല്‍കാന്‍ അതിനു കഴിയില്ലെന്നും ലേഖകന്‍ വിശ്വസിക്കുമ്പോള്‍ ഈ സാന്ത്വനത്തിന്റെ അര്‍ത്ഥമെന്ത്?
ഗീതാഭാഷ്യത്തില്‍ ‘ഭക്ത’ ശബ്ദത്തെ ‘സംന്യാസി’ എന്നും ‘അനന്യഭക്തി’ക്ക് ‘ആത്മജ്ഞാനലക്ഷണയാ’ എന്നും അര്‍ത്ഥം നല്‍കിയതിനെ ലേഖനത്തില്‍ എടുത്തുപറയുന്നുണ്ട്. എന്നാല്‍ അതിനെ ശ്രീശങ്കരന്‍ ഭക്തനെ സംന്യാസിയാക്കി ‘ശുദ്ധീകരിക്കുക’യും ഭക്തിയെ ജ്ഞാനമാക്കി ‘മാറ്റിയെടുക്കുകയും ചെയ്തുവെന്നാണ് ലേഖകന്‍ വ്യാഖ്യാനിക്കുന്നത്.
ഭക്തന്‍ സംന്യാസിയത്രെ. ഭഗവദ്ഭക്തി വിഷയങ്ങളില്‍ അനാസക്തിയും സര്‍വ്വസങ്കല്‍പ്പസംന്യാസവും വരുത്തുമെന്നതുകൊണ്ടാണ് ഭക്തനെ ശ്രീശങ്കരന്‍ സന്ന്യാസിയെന്നു വിളിച്ചത്. ഇവിടെ, ശങ്കരമതമനുസരിച്ച് ഇനിയുമൊരു ‘ശുദ്ധീകരണ’ത്തിന്റെ ആവശ്യമില്ല.
അതുപോലെ ഭക്തിയും ജ്ഞാനവും രണ്ടല്ല എന്നല്ലേ പ്രസ്തുത ഭാഷ്യഭാഗത്തില്‍നിന്ന് തെളിയുന്നത്? ഇനി ഭക്തിയെ ശ്രീശങ്കരന്‍ ജ്ഞാനമാക്കി മാറ്റിയെടുത്തതാണെന്നു സമ്മതിച്ചാലും ഈ മാറ്റിയെടുക്കലിനെ ശ്രീ.പനോളി അംഗീകരിക്കാത്തതെന്ത്! ‘സ്വസ്വരൂപാനുസന്ധാനം ഭക്തിരിത്യഭിധീയതേ’ എന്നതിലും ഈ മാറ്റിയെടുക്കലിനെ ദര്‍ശിക്കാമല്ലോ?
‘ജ്ഞാനവൈരാഗ്യ ലക്ഷണം’ ആണ് സന്ന്യാസമെന്നാണ് ആചാര്യര്‍ സന്ന്യാസത്തെ നിര്‍വചിക്കുന്നതെന്ന് ശ്രീ.പനോളി ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ ശങ്കരമതമനുസരിച്ച് ജ്ഞാനവൈരാഗ്യയുക്തനായ സന്ന്യാസിയാണ് ഭക്തന്‍. പിന്നെ ഭക്തിയില്‍ അഗ്നിയില്ലെന്നും മറ്റും ശ്രീ.പനോളി പറയുന്നത് മനസ്സിലാകുന്നില്ല.
‘മനുഷ്യജന്മത്തിലെ ആത്യന്തികലക്ഷ്യമായ മോക്ഷം ക്ഷിപ്രസാദ്ധ്യമാണെന്നോ, ഭക്തിയിലൂടെയും മറ്റും നേടാനാകുമെന്നോ കരുതുന്നത് മൗഢ്യമാണ്’ എന്ന് പനോളി അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായത്തെ വിലയിരുത്തേണ്ടത് ശ്രീശങ്കരഭാഷ്യത്തിന്റെ വെളിച്ചത്തിലാണ്.
‘മാം ച ഈശ്വരം നാരായണം സര്‍വ്വഭൂതഹൃദയാശ്രീതം യോ യതിഃ കര്‍മ്മീ വാ ്അവ്യഭിചാരേണ ന കദാചിദ് വ്യഭിചരതി ഭക്തിയോഗേന ഭജനം ഭക്തിഃ സ ഏവ യോഗഃ തേന ഭക്തിയോഗേന സേവതേ സഗുണാന്‍ സമതീത്യ ഏതാന്‍ യഥോക്താന്‍ ബ്രഹ്മഭൂയായ ബ്രഹ്മഭവനായ മോക്ഷായ കല്‍പതേ സമര്‍ത്ഥോ ഭവതി ഇത്യര്‍ത്ഥഃ’. (സര്‍വചരാചരങ്ങളുടേയും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ഈശ്വരനും നാരായണനുമായ എന്നെ സന്ന്യാസിയാവട്ടെ, കര്‍മ്മം ചെയ്യുന്നവനാവട്ടെ, പതറാത്ത ഭക്തിമാര്‍ഗത്തില്‍ ആരാണോ ഭജിക്കുന്നത്, അല്ലെങ്കില്‍ സേവിക്കുന്നത്, അവന്‍ ത്രിഗുണങ്ങളേയും അതിക്രമിച്ച് മേല്‍പ്രസ്താവിച്ച പ്രകാരം ബ്രഹ്മമായി ഭവിക്കുവാന്‍ സമര്‍ത്ഥനായിത്തീരുന്നു. മോക്ഷത്തിന് അര്‍ഹനാവുന്നു എന്നര്‍ത്ഥം) (തുടരും)
Discussion about this post