തിരുവനന്തപുരം: ഹിന്ദു മതത്തെപ്പറ്റിയും ഭാരതീയ സംസ്‌കാരത്തെപ്പറ്റിയും അവബോധമുണര്‍ത്താന്‍ എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാലകള്‍ തുടങ്ങാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. 70 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കിഡ്‌നി മാറ്റിവെയ്ക്കുന്നത് അടക്കമുള്ള പ്രധാന ശസ്ത്രക്രിയകള്‍ക്ക് സഹായം നല്‍കാന്‍ അരക്കോടി വകയിരുത്തി. 60 വയസ്സിനു മേല്‍ പ്രായമുള്ള പാവപ്പെട്ട ഹൈന്ദവരെ പാര്‍പ്പിക്കാന്‍ വൃദ്ധസദനം നിര്‍മ്മിക്കാനും അരക്കോടി അനുവദിച്ചു. ഉത്സവം കാണാനെത്തുന്ന ഭക്തര്‍ക്ക് അമ്പലത്തിനകത്തുവെച്ചോ ദേവസ്വം ജീവനക്കാര്‍ക്ക് ഡ്യൂട്ടി സമയത്തോ അപകടം സംഭവിച്ചാല്‍ നല്‍കുന്നതിന് 10 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.
ശബരിമല ക്ഷേത്രത്തിന് അന്യ സംസ്ഥാനങ്ങളില്‍ പ്രചാരണം നല്‍കുന്നതിന് രണ്ടു കോടി രൂപ ചെലവഴിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ദൃശ്യമാധ്യമങ്ങളിലൂടെയാണ് പ്രചാരണ പരിപാടി നടപ്പാക്കുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ബജറ്റിലാണ് ശബരിമലയ്ക്ക് പ്രചാരം നല്‍കാന്‍ രണ്ടു കോടി രൂപ നീക്കിവെച്ചിട്ടുള്ളത്.
ആകെ 513 കോടി രൂപ വരവും 493 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ മിച്ചം 20 കോടിയാണ്. ദേവസ്വം ബോര്‍ഡിന്റെ ഭരണ നിയന്ത്രണത്തിലുള്ള ഓഫീസുകളും അമ്പലങ്ങളും പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍വത്കരിക്കുമെന്ന് ബോര്‍ഡ് അംഗീകരിച്ച ബജറ്റില്‍ പറയുന്നു. ഇതിനായി നാലു കോടി രൂപ വകയിരുത്തി.
വിവിധ ക്ഷേത്രങ്ങളിലെ കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നത് ദേവസ്വം ബോര്‍ഡ് ഓഫീസില്‍ ഇരുന്ന് നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കുന്നതിന് അരക്കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ദേവസ്വം ക്ഷേത്രങ്ങളിലെ മരാമത്ത് പണികള്‍ക്കായി രണ്ടു കോടി അനുവദിച്ചു. തിരുവനന്തപുരത്ത് അതിഥി മന്ദിരം നിര്‍മ്മിക്കാന്‍ ഒരു കോടി രൂപയും വകയിരുത്തി.
ദേവസ്വം ബോര്‍ഡ് കമ്മീഷണറായി പി.വേണുഗോപാല്‍ ഇന്ന് ചുമതലയേറ്റു. ബോര്‍ഡ് ആസ്ഥാനത്ത് കമ്മീഷണറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.രാജശ്രീയില്‍ നിന്നാണ് അദ്ദേഹം ചുമതലയേറ്റത്. ആദ്യമായാണ് സര്‍വ്വീസിലുള്ള ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറാകുന്നത്.
Discussion about this post