തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ജലക്ഷാമവും വരള്‍ച്ചയും പരിഹരിക്കാനുളള സത്വര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നടന്ന വരള്‍ച്ചാ അവലോകന യോഗത്തില്‍ തീരുമാനമായി. വരള്‍ച്ചമൂലമുളള പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ഇതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
14.48 കോടി രൂപ വരള്‍ച്ചാദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഒരുവര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കാവുന്ന എല്ലാ കുടിവെളള പദ്ധതികളുടെയും പട്ടികയുണ്ടാക്കി പണിപൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രിയും എം.എല്‍.എ. മാരുമടങ്ങുന്ന സംഘം ഈ പദ്ധതികള്‍ അവലോകനം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരള്‍ച്ചയ്ക്കുളള ശാശ്വതപരിഹാരമെന്ന നിലയില്‍ കൂടുതല്‍ തടയണകള്‍ നിര്‍മ്മിക്കണമെന്നും കുളങ്ങളും പാറമടകളും ജലസ്രോതസ്സുകളായി സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കെട്ടിടങ്ങള്‍ക്കെല്ലാം മഴവെളള സംഭരണി നിര്‍ബന്ധമാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്നും തൊഴിലുറപ്പുപദ്ധതിയില്‍പ്പെടുത്തി മഴക്കുഴികള്‍ നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെളളായണി കായല്‍ സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കാനും അദ്ദേഹം നിര്‍ദ്ദേശം കൊടുത്തു. വരള്‍ച്ചാദുരിതാശ്വാസപദ്ധതികള്‍ക്കായി കലക്ടര്‍ക്ക് അനുവദിക്കാവുന്ന തുക മെയ് 31 വരെ അഞ്ച് ലക്ഷത്തില്‍ നിന്നും ഇരുപത് ലക്ഷമായി ഉയര്‍ത്തി. വരള്‍ച്ചയെ നേരിടാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി താലൂക്ക്തല യോഗം വിളിച്ചുകൂട്ടണമെന്നും എംഎല്‍.എ.മാരും പഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പമ്പ്ഹൌസുകളിലേയും ട്രീറ്റ്മെന്റ് പ്ളാന്റുകളിലേയും പവര്‍കട്ട് ഏകീകരണത്തിന് വേണ്ട സഹായം ഇലക്ട്രിസിറ്റി ബോര്‍ഡ് വാട്ടര്‍ അതോറിറ്റിക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കുടിവെളള വിതരണത്തെക്കുറിച്ച് എം.എല്‍.എ. മാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ മുഖ്യമന്ത്രി പരിശോധിക്കുകയും വിവിധ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അവയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തു. കുടിവെളളം വിതരണം ചെയ്യുന്ന ടാങ്കുകളുടേയും ലോറികളുടെയും എണ്ണം കൂട്ടാനാവശ്യമായ നടപടികളെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജലസ്രോതസ്സുകളില്‍ നിന്ന് വെളളം ശേഖരിച്ച് വിതരണം നടത്തുമ്പോള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോറികള്‍ക്ക് മുന്‍ഗണന നല്‍കും. നിലവിലുളള കുടിവെളള വിതരണപദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കുറ്റമറ്റതാക്കാനും വേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്തു. 55 പഞ്ചായത്തുകളില്‍ പൈപ്പ് ലൈന്‍ നീട്ടി കുടിവെളള ക്ഷാമം പരിഹരിക്കാനും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ജില്ലയിലെ 151 കുളങ്ങള്‍ വൃത്തിയാക്കുമെന്നും കൂടുതല്‍ തടയണകള്‍ നിര്‍മ്മിക്കുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി. വിവിധ ജില്ലകളില്‍ നടത്തിയ വരള്‍ച്ചാദുരിതാശ്വാസ അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ഉത്തരവുകള്‍ പുറത്തിറക്കാനും ചര്‍ച്ചകള്‍ക്കുമായി 16ന് രാവിലെ ഒന്‍പതുമണിക്ക് മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രത്യേക യോഗം വിളിച്ചുകൂട്ടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ.പി. മോഹനന്‍, വി.എസ്. ശിവകുമാര്‍, പി.ജെ. ജോസഫ്, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, എം.എല്‍.എ. മാരായ ജമീല പ്രകാശം, എ.റ്റി. ജോര്‍ജ്, കോലിയക്കോട് കൃഷ്ണന്‍നായര്‍, ആര്‍. ശെല്‍വരാജ്, ബി. സത്യന്‍, വര്‍ക്കല കഹാര്‍, പാലോട് രവി, എം. എ. വാഹിദ്, വി. ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, റവന്യു സെക്രട്ടറി കമലവര്‍ദ്ധന റാവു, വാട്ടര്‍ അതോറിറ്റി എം.ഡി. അശോക് കുമാര്‍ സിങ്, ജില്ലാ കളക്ടര്‍ കെ.എന്‍. സതീഷ്, ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post