തിരുവനന്തപുരം: ആരോഗ്യ സേവനം സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ആരോഗ്യകേരളം പുരസ്കാരങ്ങള്‍ തിരുവനന്തപുരത്ത് വിതരണം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ മേഖലയില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിനൊപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് കണക്കിലെടുത്താണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അംഗീകാരം നല്‍കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യരംഗത്തെ പ്രധാന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആശുപത്രികളില്‍ അടിസ്ഥാന സൌകര്യവികസനത്തിന് കൂടുതല്‍ നടപടികള്‍ ആവിഷ്ക്കരിക്കും. സ്പെഷ്യലിറ്റ് ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും ചില സ്പെഷ്യലൈസേഷനുകളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരായ എം.കെ.മുനീര്‍, കെ.സി.ജോസഫ്, മഞ്ഞളാകുഴി അലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പി.കെ.ജമീല തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നും, രണ്ടും, മൂന്നും പുരസ്കാരങ്ങള്‍ കൊല്ലം, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകള്‍ക്കും, ബ്ളോക്ക് പഞ്ചായത്ത് തലത്തില്‍ ആലപ്പുഴ വെളിയനാട് ബ്ളോക്ക്, കോട്ടയം കടുത്തുരുത്തി, വയനാട് സുല്‍ത്താന്‍ ബത്തേരി എന്നീ ബ്ളോക്കുകള്‍ക്കും, ഗ്രാമപഞ്ചായത്തില്‍ തൃശൂര്‍ കാട്ടൂര്‍, എറണാകുളം മനീട്, തൃശൂര്‍ പൊയ്യ ഗ്രാമപഞ്ചായത്ത് എന്നിവയ്ക്കും, മുനിസിപ്പാലിറ്റിയില്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, നെടുമങ്ങാട്, എറണാകുളത്തെ മരട്, കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ കൊച്ചിന്‍, തൃശൂര്‍ കോര്‍പ്പറേഷനുകള്‍ക്കും ആരോഗ്യകേരളം അവാര്‍ഡുകള്‍ വിതരണം ചെയ്തു.
Discussion about this post