കെ.കെ.പൊന്‍മേലേത്ത്
കൗരവകുമാരന്‍മാരുടേയും പാണ്‌ഡവകുമാരന്‍മാരുടേയും ആയോധന പഠനവും അരങ്ങേറ്റവും കഴിഞ്ഞ് ഹസ്‌തിനപുരം ആഹ്ലാദ ഘോഷങ്ങളില്‍ നിന്നും മുക്തമായപ്പോള്‍ രാജകൊട്ടാരവും ശാന്തിയില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ ആയോധന കലാ പാടവപ്രദര്‍ശനത്തില്‍ അര്‍ജ്ജുനന്‍ സര്‍വരുടേയും പ്രശംസയ്‌ക്ക് പാത്രമായത് ദുര്യോധനനേയും കൂട്ടരേയും ക്രുദ്ധരാക്കി. തന്നെയുമല്ല അര്‍ജ്ജുനനേക്കാള്‍ ആയോധനവിദ്യയില്‍ പ്രഗല്‌ഭനായ കര്‍ണ്ണനെ സൂത്യപുത്രനെന്നു വിളിച്ച് നിസ്‌തേജനാക്കിയതും കൗരവജ്യേഷ്‌ഠന് പഥ്യമായില്ല. അങ്ങനെ സ്വതവേ വിരോധികളായ പാണ്‌ഡവരോട് ശത്രുത നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. തീയില്‍ എണ്ണ ഒഴിക്കുന്നതുപോലെ മറ്റൊരു സംഭവം കൂടി കോപം ആളിക്കത്തുന്നതിന് ഉണ്ടായി. അന്‌ധനായ ധൃതരാഷ്‌ട്രര്‍ രാജ്യഭരണത്തില്‍ അദ്ദേഹത്തെ സഹായിക്കുന്നതിന് രാജകുമാരന്‍മാരില്‍ ഏറ്റവും മൂത്തവനായ യുധിഷ്‌ഠിരനെ യുവരാജാവായി അഭിഷേകം ചെയ്‌തിരുന്നു. ശാന്തരനും സല്‍സ്വാഭാവിയുമായ ആ പാണ്‌ഡവപുത്രന്റെ പ്രവര്‍ത്തനങ്ങള്‍ പ്രജകളെ അത്യന്തം സന്തോഷിപ്പിച്ചു. എവിടേയും ധര്‍മ്മപുത്രരെ വാഴ്‌ത്തി സ്‌തുതിക്കുന്നത് കേട്ട് കേട്ട് ദുര്യോധനന്റെ ക്ഷമ നശിക്കുവാന്‍ തുടങ്ങി. എങ്ങനെ പാണ്‌ഡവരെ രാജകൊട്ടാരത്തില്‍ നിന്നുമകറ്റി വിടുവാന്‍ സാധിക്കും? “എങ്ങനെ അവരെ നശിപ്പിക്കുവാന്‍ വഴിയൊരുക്കും” എന്നായി ആ ദുഷ്‌ടന്റെ ചിന്ത. കൗശലക്കാരനായ സ്വന്തം അമ്മാവന്‍ ശകുനി, ഇളയ സഹോദരന്‍ ദുശ്ശാസനന്‍, ഉറ്റ സ്‌നേഹിതനായ കര്‍ണ്ണന്‍ എന്നിവരുമായി ഗൂഢമായി ആലോചിച്ച് തുടങ്ങി. പരസ്യമായി എതിര്‍ക്കുവാന്‍ കഴിയുകയില്ല. ജനങ്ങളെല്ലാം പാണ്‌ഡവരുടെ പക്ഷമാണ്. അവര്‍ ഗൂഢമായി പാണ്‌ഡവനാശത്തിന് വഴിയൊരുക്കിക്കൊണ്ടിരുന്നു.
ധര്‍മ്മപുത്രരോ അനുജന്‍മാരോ ദുര്യോധനാദികളുടെ വിരോധത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അവര്‍ പ്രജാക്ഷേമകരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഭീമനും അര്‍ജ്ജുനനും ക്രമസമാധാനം നിലനിര്‍ത്താനും ശത്രുക്കളെ അമര്‍ച്ച വരുത്തുവാനും ശ്രദ്ധിച്ചു. നകുല സഹദേവന്‍മാര്‍ പ്രജകളുടെ കഷ്‌ടതകള്‍ കണ്ടറിഞ്ഞ് അവയ്‌ക്ക് പരിഹാരം കണ്ടെത്തിക്കൊണ്ടിരുന്നു. അതിനിടയില്‍ ദുഷ്‌ടന്മാര്‍ക്ക് ഒരു വഴി തുറന്നു കിട്ടി. ഹസ്‌തിനപുരത്തുനിന്നും വളരെ അകലെ വാരമാവതമെന്ന സ്ഥലത്ത് ഒരു ശിവക്ഷേത്രത്തില്‍ ഉല്‍സവം ആഘോഷിക്കേണ്ട സമയം വന്നെത്തി. ദുര്യോധനനും ശകുനിയും കര്‍ണ്ണനും അന്ധനായ ധൃതരാഷ്‌ട്രരെ ചെന്നു കണ്ടു. അവര്‍ ധര്‍മ്മപുത്രന്റെ പ്രശസ്‌തിയും പ്രജകളുടെ ആരാധനയും മറ്റും എടുത്തുകാട്ടി. കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ രാജ്യവും ഭരണവുമെല്ലാം അവരുടെ കൈയിലാകും. അങ്ങയുടെ പുത്രന്‍മാര്‍ പാണ്‌ഡവരുടെ ഭൃത്യന്‍മാരാകും. രാജാകുമാരന്‍മാരായ ഞങ്ങള്‍ ഒരുനേരം ആഹാരത്തിനുകൂടി അവരെ ആശ്രയിക്കേണ്ടതായി വരും. ദുര്യോധനന്‍ കരഞ്ഞുകൊണ്ടു ചോദിച്ചു.
“പിതാവേ ഞങ്ങളെ വഴിയാധാരമനാക്കാനാണോ അങ്ങയുടെ തീരുമാനം.” മക്കളോട് അതിരറ്റ വാത്സല്യവും സ്‌നേഹവുമുണ്ടായിരുന്ന ധൃതരാഷ്‌ട്രര്‍ അതുകേട്ട് വ്യസനാക്രാന്തനായി. പ്രജകള്‍ക്ക് പാണ്‌ഡവരോടുള്ള ആരാധന ധൃതരാഷ്‌ട്രര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജനഹിതം മാനിച്ചും ഭീഷ്‌മാദികളുടെ നിര്‍ബന്ധം കാരണവുമാണ് യുധിഷ്‌ഠിരനെ യുവരാജാവാക്കിയത്.
ധൃതരാഷ്‌ട്രര്‍ ചോദിച്ചു-
“മക്കളേ! ഞാനെന്തുചെയ്യും, ഭീഷ്‌മര്‍, ദ്രേണര്‍, കൃപര്‍, വിദുരര്‍ തുടങ്ങിയ ശ്രേഷ്‌ഠജനങ്ങള്‍ പാണ്‌ഡവപക്ഷപാതികളാണ്. ജനങ്ങളെല്ലാം പാണ്‌ഡവരെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പാണ്‌ഡവര്‍ക്കെതിരായി വല്ലതും നടത്തുവാന്‍ പറ്റുമോ?
കര്‍ണ്ണന്‍ പറഞ്ഞു- `മഹാത്മാവെ! ആരുടേയും എതിര്‍പ്പുണ്ടാകാതെ പാണ്‌ഡവരെ രാജധാനിയില്‍ നിന്നുമകറ്റി നശിപ്പിക്കുവാനുള്ള ഒരു മാര്‍ഗ്ഗമുണ്ടാകുന്നുണ്ട്.”
“അതെന്താണ്” – മഹാരാജാവ് ചോദിച്ചു. ദുര്യോധനന്‍ പറഞ്ഞു- “അച്ഛാ! വാരണാവതത്തില്‍ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രത്തില്‍ നടത്തിവരുന്ന ഉത്സവം അടുത്തുവരുന്നു. അതു ഭംഗിയായി നടത്തിവരുവാന്‍ ധര്‍മ്മപുത്രരേയും അനുജന്‍മാരേയു അവിടന്ന് നിയോഗിക്കണം. അവരങ്ങോട്ടു പോയാല്‍ തിരിച്ചുവരാതിരിക്കാനുള്ള എല്ലാ നടപടികളും ഞങ്ങള്‍ തുടര്‍ന്നുകൊള്ളാം. അതുകേട്ട് സന്താനവത്സലനായ ധൃതരാഷ്‌ട്രര്‍ സന്തോഷിപ്പിച്ചു. പാണ്‌ഡവരെ ഉത്സവം നടത്തിപ്പിന് നിയോഗിക്കുവാന്‍ തീരുമാനിച്ചു. ഭീഷ്‌മരും ദ്രോണരും മറ്റും ആ ഗൂഢതന്ത്രം മനസ്സിലാക്കിയില്ല. പാണ്‌ഡവപക്ഷപാതിയായ വിദൂരര്‍ മാത്രം ആ വാര്‍ത്ത കേട്ട് പരിഭ്രമിച്ചു. അതിലെന്തോ ചതിയുണ്ടെന്ന് മനസ്സിലാക്കി. അദ്ദേഹം ആരോടും പറഞ്ഞില്ല. കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിന് ശ്രമിച്ചുകൊണ്ടിരുന്നു.
ധൃതരാഷ്‌ട്രരുടെ സ്‌നേഹസൃണമായ വാക്കുകള്‍ കേട്ട് മനം കുളിര്‍ത്ത ധര്‍മ്മപുത്രരും അനുജന്‍മാരും മാതാവുമൊത്ത് ബന്ധുക്കളോടും ആചാര്യന്‍മാരോടും യാത്രപറഞ്ഞ് സകലരുടേയും അനുഗ്രഹങ്ങളും ആശംസകളും സ്വീകരിച്ച് വാരണാവതത്തിലേക്ക് ഇറങ്ങിത്തിരിച്ചു. വിദൂരര്‍ മാത്രം അവരുടെ കൂടെ കുറേ ദൂരം സഞ്ചരിച്ച് ധര്‍മ്മപുത്രരോട് ദുര്യോധനന്റെ ഗൂഢവിചാരമെന്തെന്ന് അറിയിച്ചു. അഗ്നിയില്‍ വീഴ്‌ത്തി വധിക്കാനാകും ശ്രമിക്കുന്നത്. അതുകൊണ്ട് താമസസ്ഥലത്ത് ആരുമറിയാതെ ഒരു ഗുഹ നിര്‍മ്മിച്ച രാത്രികാലങ്ങളില്‍ അതിനകത്ത് കഴിയണമെന്ന് നിര്‍ദ്ദേശിച്ചു. ഹസ്‌തിനപുരത്ത് നിന്നും വളരെ അകലെയാണ് വാരണാവതം. പാണ്‌ഡവര്‍ കാടും മേടും മുള്ളും മുരടും നിറഞ്ഞ വഴികളിലൂടെ വിഷമിച്ച് രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് സ്ഥലത്തെത്തി. പാണ്‌ഡവരുടെ ആഗമനമറിഞ്ഞ് നാട്ടുകാരെല്ലാമവരെ സ്വീകരിക്കുവാന്‍ അണിനിരന്നിരുന്നു. (ഉത്തരഭാരതത്തില്‍ മീററ്റിനു പത്തിരുപതു നാഴിക അകലെ വടക്കുപടിഞ്ഞാറുഭാഗത്തു വര്‍ണ്ണവ എന്ന പേരില്‍ ഇന്നറിയപ്പെടുന്ന സ്ഥലമാണ് വാരണാവതം.) ജനങ്ങളുടെ സന്തോഷവും സമ്മാനങ്ങളും എല്ലാം സ്വീകരിച്ച് ജയാരവങ്ങളുടെ നടുവില്‍ പാണ്‌ഡവകുമാരന്‍മാര്‍ ആനന്ദ തുന്ദിലരായി നിലകൊണ്ടു.
പാണ്‌ഡകുമാരന്‍മാരെ സഹായിക്കാന്‍ പുരോചനന്‍ എന്നൊരു പരിചാരകനെ മഹാരാജാവ് ഏര്‍പ്പെടുത്തിയിരുന്നു. ദുര്യോധനന്റെ ചാരനായ അയാള്‍ ധര്‍മമപുത്രരേയും അനുജന്‍മാരേയും മാതാവിനേയും ചതിച്ചുകൊല്ലാനുള്ള തക്കം നോക്കിയാണ് കൂടെ നടന്നിരുന്നത്. വാരണാവതത്തില്‍ പാണ്‌ഡവകുമാരന്‍മാര്‍ക്ക് താമസിക്കുവാന്‍ വളരെ വേഗത്തില്‍ ഒരു മാളിക പുരോചനന്റെ മേല്‍നോട്ടത്തില്‍ പണിതുയര്‍ത്തി. ആഹാരാദികാര്യങ്ങളില്‍ പുരോചനന്റെ ശ്രദ്ധ എപ്പോഴും ഉണ്ടായിരുന്നു. പാണ്‌ഡവര്‍ പകലെല്ലാം പ്രകൃതി ഭംഗികള്‍ ആസ്വദിച്ചും പ്രജകളുടെ കൂടെ ഇടപഴകിയും അവരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിയും സന്തോഷമായി കഴിഞ്ഞുവന്നു. അതിനിടയില്‍ ഒരു മനുഷ്യന്‍ ധര്‍മ്മപുത്രരുടെ അടുത്തെത്തി.
വിദൂരര്‍ പറഞ്ഞയച്ച ഒരു പണിക്കാരനായിരുന്നു അയാള്‍. താനൊരു തുരങ്കം പണിക്കാരനാണെന്നും ആരുമറിയാതെ താനൊരു തുരങ്കമുണ്ടാക്കി തരാമെന്നറിയിച്ചു. ധര്‍മ്മപുത്രര്‍ അനുവദിച്ചു. അയാള്‍ രഹസ്യമായി തുരങ്കം പണിതുടങ്ങി. രണ്ട് മൂന്ന് ദിവസം കൊണ്ട് തുരങ്കം ശരിയാക്കി. തുരങ്കം വഴി വേഗം വെളിയിലെത്താനുള്ള വാതിലും സജ്ജമാക്കി. ഗുഹാമുഖം ആരും കണ്ടുപിടിക്കാത്ത രീതിയില്‍ മറ്റാരും അറിയാതെ പ്രവേശിക്കാനും രക്ഷപ്പെടാനും തക്കവിധത്തിലായിരുന്നു. തീപ്പൊരി വീണാല്‍ കത്തിപ്പടര്‍ന്ന് തീയാളി സകലതും ക്ഷണത്തില്‍ നശിക്കുന്ന ഒരു മാളികയിലാണ് പുരോചനന്‍ പാണ്‌ഡവരെ താമസിപ്പിച്ചിരുന്നത്. മാളികയില്‍ പ്രവേശിച്ചപ്പോള്‍തന്നെ ധര്‍മ്മപുത്രര്‍ കാര്യം മനസ്സിലാക്കിയിരുന്നു. ഭീമനെ വിളിച്ചുപറഞ്ഞു `അനുജാ! ഈ വീടിന്റെ ഏതുഭാഗത്ത് ചെന്നാലും അരക്കിന്റെ മണമാണഉള്ളത്. ഇത് ഒരു അരക്കില്ലമാണ്. ചെറിയച്ഛന്‍ (വിദൂരന്‍) പറഞ്ഞപോലെ ഇതിനു തീകൊളുത്തി കൊല്ലാനായിരിക്കും ദുര്യോധനന്റെ ചാരനായ പുരോചനന്‍ കാത്തു കഴിയുന്നത്. സൂക്ഷിക്കണം.”
Discussion about this post