തിരുവനന്തപുരം: അടിസ്ഥാനസൌകര്യവികസനം ഭാരതത്തിന്റെ വികസനത്തിന് ആവശ്യമാണെന്നും ഒരു ലക്ഷം കോടി യു.എസ്. ഡോളറിന്റെ പദ്ധതികളാണ് അടിസ്ഥാനസൌകര്യവികസനത്തിനായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു. തെക്കേഇന്‍ഡ്യയിലെ വാണിജ്യ-വ്യവസായ-ടെക്സ്റൈല്‍സ് മന്ത്രിമാരുടെ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരക്ക് ഗതാഗതസൌകര്യം വര്‍ദ്ധിപ്പിക്കുന്ന പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. ഇത്തരം പദ്ധതികളിലെ നിക്ഷേപം രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഉയര്‍ത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്ന മറ്റൊരു മേഖല ഉത്പന്നനിര്‍മ്മാണ (മാനുഫാക്ചറിങ്) മേഖലയാണ്. 15-16 ശതമാനം മാത്രമാണ് മൊത്തം ജി.ഡി.പി. യില്‍ ഉത്പന്നനിര്‍മ്മാണ മേഖലയുടെ പങ്ക്. ഇതുയര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ദേശീയ നിക്ഷേപ-ഉത്പാദക മേഖലകള്‍ (നാഷണല്‍ ഇന്‍വെസ്റ്മെന്റ് ആന്റ് മാനുഫാക്ച്വറിങ് സോണ്‍) സൃഷ്ടിച്ചത് ഈ ലക്ഷ്യംവച്ചാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സംയുക്തസംരംഭമായ ഈ സോണുകള്‍ സ്വയംഭരണ മേഖലകളായിരിക്കുമെന്നും നടപടികളിലെ കാലതാമസം ഒഴിവാക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.സേവനമേഖലയില്‍ ഒരു പരിധിയ്ക്കപ്പുറം വളര്‍ച്ച സാധ്യമല്ല. ചെറുപ്പക്കാരില്‍ തൊഴില്‍പരമായ കഴിവുകള്‍ വളര്‍ത്താനുളള പരിശീലനം നല്‍കേണ്ടതുണ്ട്. ദേശീയ ഉത്പന്നനിര്‍മ്മാണ നയമടക്കമുളള (നാഷണല്‍ മാന്യുഫാക്ചറിങ് പോളിസി) സര്‍ക്കാര്‍ പദ്ധതികള്‍ കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിട്ടുളളതാണെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, തമിഴ്നാട്ടിലെ ഹാന്റ്ലൂം ആന്റ് ടെക്സ്റൈല്‍സ് മന്ത്രി ഡോ. സുന്ദരരാജന്‍, വ്യവസായ മന്ത്രി പി. തങ്കമണി, കേന്ദ്ര വ്യവസായ സെക്രട്ടറി എസ്.ആര്‍. റാവു, അഡീ. ചീഫ് സെക്രട്ടറി വി. സോമസുന്ദരം, കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
Discussion about this post