തിരുവനന്തപുരം: നിയമസഭയുടെ ചരിത്രവും പ്രവര്‍ത്തനങ്ങളും കൂടുതല്‍ ജനങ്ങളിലേക്ക് എത്തണമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഏറ്റവും പ്രാധാന്യമേറിയ നിയമനിര്‍മ്മാണ സഭകളെക്കുറിച്ച് വളരെ കുറച്ച് അറിവ് മാത്രമേ ജനങ്ങള്‍ക്കുള്ളൂ. അതിനാല്‍തന്നെ, ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഇത് മാറേണ്ടതുണ്ട്. നിയമസഭാ പ്രവര്‍ത്തനം ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനമാണെന്ന വസ്തുത എല്ലാവരെയും ബോധ്യപ്പെടുത്തേണ്ട ചുമതലയും നിയമസയ്ഭക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭാ ദിനാചരണം പ്രമാണിച്ച് നിയമസഭയിലെ മഹാത്മാഗാന്ധി, നെഹ്റു, അംബേദ്കര്‍, കെ. ആര്‍. നാരായണന്‍ എന്നിവരുടെ പ്രതിമകളില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പുഷ്പാര്‍ച്ചന നടത്തി. സെക്രട്ടറി പി. ഡി. ശാരംഗധരന്‍, നിയമസഭാ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 1957 ഏപ്രില്‍ 27-നാണ് കേരള നിയമസഭ ആദ്യമായി സമ്മേളിച്ചത്. അതിന്റെ ഓര്‍മ്മയ്ക്കായാണ് എല്ലാവര്‍ഷവും ഏപ്രില്‍ 27 നിയമസഭാ ദിനമായി ആചരിക്കുന്നത്. കേരളത്തിലെ നിയമനിര്‍മ്മാണ സഭകളുടെ 125-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍, നമ്മുടെ നിയമസഭ പാസാക്കിയ അനേകം നിയമനിര്‍മ്മാണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കുന്ന അനേകം പ്രചരണ പരിപാടികള്‍ നടന്നുവരികയാണ്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശനങ്ങള്‍ നടത്തി. ഏറ്റവും നവീന സംവിധാനങ്ങളോടെ പുതിയ മ്യൂസിയം തുറന്നു. നിയമസഭാ പ്രവര്‍ത്തനങ്ങള്‍, എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്ന തരത്തില്‍ വെബ്ബ്കാസ്റിംഗ് ആരംഭിച്ചതും എടുത്തുപറയേണ്ട പരിഷ്ക്കാരമാണ്. എല്ലാ ജനങ്ങള്‍ക്കും പ്രാപ്യമായ സുതാര്യപ്രവര്‍ത്തനത്തിനാണ് ഊന്നല്‍ നല്കുന്നതെന്നും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അറിയിച്ചു.
Discussion about this post