ന്യൂഡല്‍ഹി: വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ അഴിമതി കേസുകളില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ജോയിന്റ് സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ അഴിമതിക്കേസുകളില്‍ പെട്ടാല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് അഴിമതി നിരോധന നിയമത്തിലുണ്ട്. ഇവര്‍ വിരമിച്ചാല്‍ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാരിന്റെ അനുമതി വേണമെന്ന ഭേദഗതിയാണ് മന്ത്രിസഭാ യോഗം നിര്‍ദേശിച്ചത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അഴിമതിയിലൂടെ സമ്പാദിച്ച സ്വത്ത് വകകള്‍ കണ്ടുകെട്ടാമെന്നും ഭേദഗതിയിലുണ്ട്. സര്‍ക്കാരിന്റെ നയത്തിനനസുരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ പിന്നീട് വേട്ടയാടുന്നത് തടയാനാണ് നിയമഭേദഗതിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
ഇതിനിടെ വിവാഹമോചിതയാകുന്ന സ്ത്രീക്ക് ഭര്‍ത്താവിന് പാരമ്പര്യമായി കിട്ടിയതടക്കം എല്ലാ സ്വത്തുകളുടെയും നേര്‍ പകുതി അവകാശപ്പെട്ടതാണെന്ന നിയമഭേദഗതി മന്ത്രിസഭാ ഉന്നതാധികാര സമിതിയ്ക്ക് വിട്ടു.
വിവാഹ ശേഷമുള്ള സ്വത്ത് മാത്രമല്ല ഭര്‍ത്താവിന് പാരമ്പര്യമായി കിട്ടിയതടക്കം വിവാഹത്തിന് മുമ്പ് എന്തൊക്ക സ്വത്തുക്കള്‍ ഭര്‍ത്താവിന് ഉണ്ടായിരുന്നോ അതിന്റെ പകുതി കൂടി ഭാര്യയ്ക്ക് അവകാശപ്പെട്ടതാണെന്നാണ് നിയമഭേദഗതിയിലെ നിര്‍ദേശം. നിയമമന്ത്രാലയത്തിന്റെ ഭേദഗതി നിര്‍ദേശത്തെ വനിതാ ശിശുക്ഷേമ മന്ത്രാലയം എതിര്‍ത്തു. വിവാഹത്തിന് മുമ്പ് ഭര്‍ത്താവിനുണ്ടായിരുന്ന സ്വത്തില്‍ അവകാശവാദമുന്നയിക്കുന്നത് ഭാര്യയ്ക്ക് ലഭിക്കേണ്ട സ്വത്തുക്കള്‍ക്ക് തടസ്സമാകുമെന്നാണ് വനിതാ ശിശുക്ഷേമ മന്ത്രാലയം പറയുന്നത്. തര്‍ക്കത്തെ തുടര്‍ന്നാണ് ഭേഗദതി മന്ത്രിസഭാ ഉന്നതാധികാര സമിതിക്ക് വിട്ടത്.
Discussion about this post