തിരുവനന്തപുരം: പമ്പാ ആക്ഷന്‍ പ്ലാനുമായി ബന്ധപ്പെട്ട് പദ്ധതിയുടെ ഒന്നാംഘട്ടം അടിയന്തരമായി പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.
ഒന്നാംഘട്ടത്തില്‍ പറഞ്ഞിരുന്ന സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ഹൈലെവല്‍ കമ്മിറ്റി ഇക്കാര്യത്തില്‍ ഉടനടി പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഐ.ഐ.റ്റിയില്‍ നിന്നും ടെക്‌നിക്കല്‍ റിപ്പോര്‍ട്ട് നേടി ടെന്‍ഡര്‍ നടപടികളുമായി ഉടന്‍ മുന്നോട്ട് പോകണം. വരുന്നതിന്റെ അടുത്ത സീസണിലെങ്കിലും സ്വീവേജ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കണം. ഇതിനുള്ള സാങ്കേതിക വിദ്യ സംബന്ധിച്ച് ബന്ധപ്പെട്ട ഏജന്‍സി ഉടന്‍ തീരുമാനമെടുത്ത് നടപ്പാക്കണം. പദ്ധതിയുടെ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട് എം.എല്‍.എമാരും പഞ്ചായത്തുകളുമായി ചര്‍ച്ച നടത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പമ്പാ റിവര്‍ ബേസിന്‍ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ ജി.അനില്‍കുമാറിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സീറോ വേസ്റ്റ് പദ്ധതിയും കാര്യക്ഷമമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍, എം.എല്‍.എ.മാരായ ശിവദാസന്‍ നായര്‍, എം.എ.വാഹിദ്, ജലവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ വി.ജെ.കുര്യന്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാല്‍ തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post