കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അശ്രദ്ധ മൂലം രക്തം മാറിക്കയറ്റിയതിനെ തുടര്‍ന്ന് രോഗി മരിച്ചതിനെച്ചൊല്ലി സംഘര്‍ഷം. കുറ്റിയില്‍ താഴം സ്വദേശിനി തങ്കം ആണ് മരിച്ചത്. പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യമായതായും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള വകുപ്പ് മേധാവിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവ് വന്നത്.
ഉദരരോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തങ്കം. രോഗം ഭേദമായി മടങ്ങാനിരിക്കെയാണ് ഒ പോസിറ്റീവ് രക്തമുള്ള തങ്കത്തിന് മറ്റൊരു വാര്‍ഡില്‍ കഴിയുന്ന തങ്കമ്മയ്ക്ക് നല്‍കേണ്ട എ പോസിറ്റീവ് രക്തം മാറി നല്‍കിയത്. രക്തം കയറ്റിയതിനു ശേഷം അസ്വാസ്ഥ്യം പ്രകടിപ്പിച്ച തങ്കത്തിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി 11ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. 27ാം വാര്‍ഡില്‍ കഴിയുന്ന തങ്കമ്മയുടെ ബന്ധുക്കള്‍ രക്തവും മരുന്നും അന്വേഷിച്ചു വന്നപ്പോഴാണ് പിഴവ് സംഭവിച്ച കാര്യം ആശുപത്രി അധികൃതര്‍ക്ക് മനസിലായത്.
പ്രതിഷേധവുമായി തങ്കത്തിന്റെ ബന്ധുക്കളും ഡിവൈഎഫ്‌ഐ നേതാക്കളും രംഗത്തെത്തി. തങ്കത്തിന് രക്തം നല്‍കാന്‍ ഡോക്ടറുടെ നിര്‍ദേശം ഇല്ലായിരുന്നെന്നും രക്തബാങ്കില്‍ നിന്നും രക്തം അനുവദിച്ചിരുന്നില്ലെന്നും വകുപ്പ് മേധാവി ജോര്‍ജ് തോമസ് പറഞ്ഞു. എന്നാല്‍ രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് രോഗി അസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി പരിശോധിച്ച ഡോക്ടറുടെ കേസ് റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post