ന്യൂഡല്‍ഹി: കല്‍ക്കരി പാടം വിതരണത്തിലെ അഴിമതി സംബന്ധിച്ച സിബിഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തിരുത്തിയ സംഭവത്തില്‍ നിയമമന്ത്രി അശ്വനികുമാര്‍ രാജിവെച്ചു. വൈകിട്ട് തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി അശ്വിനികുമാറിനോട് രാജിവെയ്ക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. റിപ്പോര്‍ട്ട് തിരുത്തിയ സംഭവത്തില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെയും സിബിഐയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും സര്‍ക്കാരിന് രൂക്ഷമായ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരം പ്രധാനമന്ത്രി അശ്വിനികുമാറിനെ വിളിച്ചുവരുത്തി രാജി ആവശ്യപ്പെട്ടതെന്നാണ് വിവരം.
കൈക്കൂലി കേസില്‍ രാജിവെച്ച റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയിലെത്തി രാജിക്കത്ത് നേരിട്ടു നല്‍കി. ഇതിനു പിന്നാലെയാണ് അശ്വിനികുമാറും പ്രധാനമന്ത്രിയുടെ സെവന്‍ റേയ്സ് കോഴ്സ് വസതിയിലെത്തിയത്. താന്‍ രാജിവെച്ചതായി പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പവന്‍കുമാര്‍ ബന്‍സല്‍ സ്ഥിരീകരിച്ചു. ഇരു മന്ത്രിമാരോടും രാജി വെയ്ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കുമെന്ന് ദിവസങ്ങളായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയോഗം ഇന്നു ചേരാനിരുന്നതാണെങ്കിലും ഇത് ശനിയാഴ്ചത്തേക്ക് മാറ്റിയിരുന്നു.
Discussion about this post