തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ മാനസിക രോഗ വിഭാഗത്തിലെ സൈക്കോ-സോഷ്യല്‍ ഇന്റെര്‍വെന്‍ഷന്‍ യൂണിറ്റില്‍ കുട്ടികളുടെ സര്‍ഗ്ഗ ശേഷി വികാസ പരിപാടിയായ സൃഷ്ടിക്ക് തുടക്കം കുറിക്കുന്നു. മാനസിക ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മാനസ യുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കുട്ടികളിലെ മാനസിക പ്രശ്‌നങ്ങള്‍, വൈകല്യങ്ങള്‍, സ്വഭാവ വ്യതിയാനം എന്നിവയുടെ ചികിത്സയില്‍ അവരുടെ സര്‍ഗാത്മകശേഷി കണ്ടെത്തി വികസിപ്പിക്കുന്നതുകൂടി ഉള്‍പ്പെടുത്തുമ്പോള്‍ നല്ല ഫലം കിട്ടുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്. മെയ് 13 രാവിലെ ഒന്‍പതിന് ഡോക്ടര്‍ അനില്‍ പ്രഭാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മെയ് 13, 14 തീയതികളില്‍ ശില്പകല – ക്ലേ മോഡലിംഗ് ഇവയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും. പ്രശസ്ത ശില്പി ആര്യനാട് രാജേന്ദ്രന്‍ ക്ലാസുകള്‍ നയിക്കും. കുട്ടികളുടെയും കൗമാരക്കാരുടെയും ക്ലിനിക്കില്‍ ഒ.പി. രജിസ്‌ട്രേഷന്‍ ഉള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. മെഡിക്കല്‍ കോളേജ് എസ്.ബി.റ്റി ബാങ്കിന് സമീപമുള്ള ബിഹേവിയറല്‍ സയന്‍സ് സെന്ററില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചവരെയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ 9496345778 എന്ന നമ്പരില്‍ ലഭിക്കും.
Discussion about this post