ന്യൂഡല്‍ഹി: വി.എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറ്റില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സമിതിയംഗം കെ. വരദരാജനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ദേശാഭിമാനി മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്.പി ശ്രീധരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനത്തിനും കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി.
വി.എസ്സിന്റെ പ്രസ്സ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷ് എന്നിവര്‍ക്കെതിരെ നടപടിയെടുത്തതിന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗീകാരം നല്‍കി. വി.എസ്സിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി പുറത്താക്കിയവര്‍ക്ക് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായി തുടരാനാകില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു. ടിപി വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി കമ്മീഷന്‍ നടത്തുന്ന അന്വേഷണം അന്തിമഘട്ടത്തിലാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ അന്വേഷണ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും കാരാട്ട് പറഞ്ഞു.
സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ് ഉന്നയിച്ച വിഷയങ്ങള്‍ അടക്കമുള്ളവ പരിശോധിക്കാന്‍ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, നിരുപം സെന്‍, വി.ബി രാഘവലു, എ കെ പദ്മനാഭന്‍ എന്നിവര്‍ ഉള്‍പ്പെട്ട ആറംഗ കമ്മീഷനെ സി.പി.എം നിയോഗിച്ചു.
Discussion about this post