തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിലെ സൌരോര്‍ജ്ജ പദ്ധതിയുടെ ഉദ്ഘാടനം സാംസ്ക്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു. സംസ്ഥാനം വലിയൊരു ഊര്‍ജ്ജപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടത് ഈ സന്ദര്‍ഭത്തില്‍ അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജവഹര്‍ലാല്‍ നെഹ്രു സോളാര്‍മിഷന്‍ പദ്ധതിയുടെ ചുവടുപിടിച്ച് സി-ഡിറ്റ് ആവിഷ്ക്കരിച്ച സൂര്യകേരളം പദ്ധതിയുടെ ഭാഗമായാണ് സൈനികസ്കൂളില്‍ ഈ പ്രോജക്റ്റ് നടപ്പാക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ 50 സൌരോര്‍ജ്ജ വിളക്കുകളാണ് ക്യാമ്പസില്‍ സ്ഥാപിച്ചിട്ടുളളത്. ഇതിലൂടെ പ്രതിമാസം 600 യൂണിറ്റ് വൈദ്യുതി ലാഭിക്കാനാകും. ക്രമേണ ക്യാമ്പസ് മുഴുവന്‍ സോളാര്‍ ലൈറ്റുകള്‍ വ്യാപിപ്പിക്കാനുളള സൈനികസ്കൂളിന്റെ പദ്ധതിയ്ക്ക് സര്‍ക്കാര്‍ പിന്‍തുണയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ഈ സൌരോര്‍ജ്ജ പദ്ധതി സി-ഡിറ്റിന്റെ ഈ രംഗത്തെ ആദ്യത്തെ സംരംഭമാണെന്ന് സി-ഡിറ്റ് ഡയറക്ടര്‍ ഡോ. ബാബു ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എ. ഫിറോസ്, സി-ഡിറ്റ് രജിസ്ട്രാര്‍ എസ്.എ. ഷാജഹാന്‍, സൈനികസ്കൂള്‍ പ്രിന്‍സിപ്പല്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ബി. ജനാര്‍ദ്ദനന്‍, രജിസ്ട്രാര്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിനു മുന്‍പ് സ്കൂളിലെ എന്‍.സി.സി. കേഡറ്റുകള്‍ മന്ത്രിയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയും തുടര്‍ന്ന് മന്ത്രി കെ.സി. ജോസഫ് ‘സ്തൂപ ഓഫ് റിമംബറന്‍സില്‍’ റീത്ത് സമര്‍പ്പിക്കുകയും ചെയ്തു.
Discussion about this post