തിരുവനന്തപുരം: കേരള പ്രസ് അക്കാദമി കൊച്ചി കാക്കനാട്ടെ കാമ്പസില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മാധ്യമ മ്യൂസിയത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് അക്കാദമിയുടെ പ്രതിനിധി സംഘം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫിന് സമര്‍പ്പിച്ചു. അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍, വൈസ് ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍, എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം എന്‍.രാജേഷ്, അഡീഷണല്‍ സെക്രട്ടറി എന്‍.പി.സന്തോഷ് എന്നിവരടങ്ങിയ സംഘം മന്ത്രിയുമായി മ്യൂസിയം സ്ഥാപിക്കുന്നതു സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടത്തി.
മ്യൂസിയോളജിസ്റ്റ് കണ്‍സള്‍ട്ടന്റ് ആര്‍.ചന്ദ്രന്‍ പിള്ളയാണ് മ്യൂസിയത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രോജക്ടിന് പ്രാഥമിക അംഗീകാരം ലഭിച്ച ശേഷം കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായം തേടാനാവുമെന്ന് മന്ത്രി കെ.സി.ജോസഫ് പ്രതിനിധി സംഘത്തോട് പറഞ്ഞു.
പ്രസ് അക്കാദമി ആസ്ഥാനം സ്ഥിതി ചെയ്യുന്ന കൊച്ചി കാക്കനാട്ടെ മൂന്ന് ഏക്കര്‍ വരുന്ന കാമ്പസ്സില്‍ ഇതിനാവശ്യമായ മൂന്നുനിലക്കെട്ടിടം പണിയാന്‍ പ്രോജക്ട് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ഗ്യാലറികള്‍, ലൈബ്രറി, ആര്‍ക്കൈവ്, ഇന്ററാക്റ്റീവ് റൂം, ഓഡിറ്റോറിയം എന്നിവയാണ് പ്രദര്‍ശന മന്ദിരത്തിലെ മറ്റ് വിഭാഗങ്ങള്‍. കെട്ടിടവും പ്രാഥമിക സൗകര്യവുമേര്‍പ്പെടുത്താന്‍ 13.35 കോടി രൂപ വേണ്ടിവരുമെന്ന് കണക്കാക്കുന്നു. ഇന്ത്യയില്‍ സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ മാധ്യമ മ്യൂസിയം ആയിരിക്കും ഇത്. പത്രങ്ങളുടെ ജനനവും വളര്‍ച്ചയും അവയുടെ ഇന്നത്തെ നിലയിലേക്കുള്ള പരിണാമവും ഉള്ളടക്കത്തിലും സാങ്കേതികതയിലും ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങളും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ ജനനവുമെല്ലാം വരുംതലമുറകള്‍ക്ക് പഠിക്കാന്‍ ഉതകുംവിധം സംവിധാനം ചെയ്യുകയാണ് മാധ്യമ മ്യൂസിയത്തിന്റെ ഉദ്ദേശ്യം. മാധ്യമ ചരിത്രം നാടിന്റെ രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രം കൂടിയായതിനാല്‍ മാധ്യമ മ്യൂസിയം ചരിത്ര മ്യൂസിയത്തിന്റെ കൂടി പങ്കു വഹിക്കും. ഏറ്റവും ആധുനികമായ സാങ്കേതിക സൗകര്യങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
Discussion about this post