ഡോ.അദിതി
പുലോമന്‍ എന്ന രാക്ഷസനില്‍നിന്നു രക്ഷപ്പെട്ട ഭൃഗുവിന്റെ പത്‌നിയായ പുലോമ ആശ്രമത്തിലെത്തിച്ചേര്‍ന്നു. അവള്‍ ഗര്‍ഭിണിയായിരുന്നു. ബലം പ്രയോഗിച്ച് അവളെ കടത്തിക്കൊണ്ടുപോകാനുള്ള രാക്ഷസന്റെ പരിശ്രമത്തിനിടയില്‍ ഉണ്ടായ ആഘാതം നിമിത്തം അവള്‍ പ്രസവിച്ചുപോയി. ച്യവനന്‍ എന്ന ആ ശിശുവിന്റെ മുഖതേജസ്സിന്റെ ശക്തികൊണ്ട് പുലോമന്‍ വെണ്ണീറായിപ്പോയി. കാര്യം മനസ്സിലാക്കിയ ഭൃഗു അഗ്നിയെ ശപിച്ചു. അഗ്നി സര്‍വ്വഭക്ഷകന്‍ (എല്ലാം സ്വാംശീകരിക്കുന്നവന്‍) ആയിത്തീരട്ടെ എന്നായിരുന്നു ആ ശാപം. തന്റെ ഭാര്യയെ കടത്തിക്കൊണ്ടുപോകാന്‍ അഗ്നി സഹായിച്ചു എന്നു കരുതിയാണ് ഭൃഗു അഗ്നിയെ ശപിച്ചത്.
ഈ ശാപത്തിന്റെ കാരണവും അതിലെ ഔചിത്യവും പരിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. ഭൃഗുമഹര്‍ഷി നദീസ്‌നാനത്തിന് പുറത്തുപോയിരുന്ന അവസരത്തിലാണ് പുലോമന്‍ ആശ്രമത്തില്‍ കടന്നുകൂടിയത്. പുലോമയിലെ ദിവ്യസൗന്ദര്യത്തെ അയാള്‍ മതിയാവോളം നോക്കിക്കണ്ടു. അനുപമസൗന്ദര്യത്തിന്റെ ഉറവിടമായ ആ സതീരത്‌നത്തെ കൈക്കലാക്കണമെന്ന് കാമാന്ധനായ അയാള്‍ തീരുമാനിച്ചു. ആ അവസരത്തില്‍ അഗ്നിയല്ലാതെ വേറാരും അവിടെ ഉണ്ടായിരുന്നില്ല. യാഗാഗ്നിയെന്ന നിലയില്‍ വീട്ടിനുള്ളില്‍ നിത്യം ജ്വലിച്ചിരുന്നതാണ് ആ അഗ്നി. രാക്ഷസന്‍ ഈ സൗന്ദര്യധാമമാരാണെന്ന് അഗ്നിയോടു തിരക്കി. അയാള്‍ ചോദിച്ചു – ‘ആരുടെ ഭാര്യയാണിവള്‍? എന്നോടു സത്യം പറയൂ. ഈ നിഴലില്‍ മറഞ്ഞിരിക്കുന്ന ഇവള്‍ ഭൃഗുവിന്റെ ഭാര്യയാണോ? മാനസികമായി ഞാനിവളെ നേരത്തേതന്നെ വരിച്ചിരുന്നു. എന്നാല്‍ ഇവളുടെ അച്ഛന്‍ എനിക്കിവളെ തരാതെ ഭൃഗുവിനു കൊടുത്തു. അത് ഒരു തികഞ്ഞ അന്യായമാണ്. ഇവളുടെ അച്ഛന്റെ ആ പ്രവൃത്തി എന്നെ നിരാശയുടെ ആഴിയില്‍ താഴ്ത്തിയിരിക്കുന്നു. അതുകൊണ്ട് ബലംപ്രയോഗിച്ചാണെങ്കിലും ഞാനിവളെ കൊണ്ടുപോകും.
ചുരുക്കിപ്പറഞ്ഞാല്‍ പുലോമന്‍ സത്യം പറയാന്‍ അഗ്നിയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. പുലോമനെ ഭയന്ന അഗ്നി അറിയിച്ചു. ‘ അങ്ങു സംശയിച്ച ആ സ്ത്രീരത്‌നം ഇവള്‍ തന്നെയാണ് എന്നാല്‍ അഗ്നിയായ എന്നെ സാക്ഷിയാക്കി ഇവളുടെ അച്ഛന്‍ ഇവളെ ഭൃഗുവിനു കൊടുത്തുകഴിഞ്ഞു. അഗ്നിസാക്ഷിയായി ഇവളെ അങ്ങേയ്ക്കു തന്നിട്ടില്ല’.
കാമാവേശം പൂണ്ട പുലോമന്‍ അഗ്നിയുടെ വിസ്തൃതകഥനങ്ങളൊന്നും ശ്രദ്ധിച്ചില്ല. പുലോമനൊരു കാര്യമേ അറിയാനുണ്ടായിരുന്നുള്ളൂ. ഞാന്‍ മുമ്പാഗ്രഹിച്ച സ്ത്രീയാണോ ഇവള്‍ എന്നു മാത്രം.
അഗ്നിയില്‍ നിന്ന് അക്കാര്യം മനസ്സിലാക്കിയ പുലോമന്‍ വരാഹരൂപം പൂണ്ട് പുലോമയേയും പൊക്കിയെടുത്ത് വായുവേഗത്തില്‍ കടന്നുകളഞ്ഞു. അവിചാരിതമായ ഈ അക്രമത്തില്‍ ആധിപൂണ്ട പുലോമ അകാലത്തില്‍ പ്രസവിച്ചു. ആ കുട്ടിയില്‍നിന്നു പ്രസരിച്ച തേജസ്സാണ് പുലോമന്റെ കഥ കഴിച്ചത്. അത്, ചെയ്തകുറ്റത്തിന് അര്‍ഹമായ തിരിച്ചടിയായി.
കാമാവേശം നിമിത്തം ഒരു മഹര്‍ഷിയുടെ ഗര്‍ഭിണിയായ ധര്‍മ്മദാരങ്ങളെ പുലോമന്‍ ബലമായി പിടിച്ചുകൊണ്ടുപോയെന്നത് അത്യന്തം അപലപനീയം തന്നെ. പുലോമന്‍ അവളെ നേരത്തേ മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്നു എന്നത് ഇവിടെ തള്ളിക്കളയുന്നില്ല.
എന്നാലിപ്പോളവള്‍ ബഹുമാന്യനായ ഒരു ഋഷിയുടെ ഗര്‍ഭിണിയായ ഭാര്യയാണ്. അഗ്നിസാക്ഷിയായി ഇവളെ ഭൃഗു കല്യാണം കഴിച്ചകാര്യം അഗ്നി പല തവണ പുലോമനെ കേള്‍പ്പിച്ചതാണ്. എന്നാലതൊന്നും പുലോമന്‍ ചെവിക്കൊണ്ടില്ല. അത് അയാളുടെ അന്ത്യം കുറിക്കുകയും ചെയ്തു.
ഒരു സുന്ദരിയെ സ്വന്തമാക്കാന്‍ ഒരുവന് മനസ്സില്‍ ആഗ്രഹമുദിച്ചെന്നുവരാം. അയാള്‍ ആ ആഗ്രഹത്തിന്റെ ദീപം കെടാതെ തന്റെ മനസ്സില്‍ സൂക്ഷിച്ചെന്നും വരാം. മനുഷ്യന്റെ ആഗ്രഹങ്ങള്‍ ഏതു പരിധിക്കുമപ്പുറത്താണല്ലോ. എന്നാല്‍ ആഗ്രഹം വെറും ഒരാഗ്രഹം തന്നെ. ആ ആഗ്രഹം ഒരിക്കലും ഒരവകാശമല്ല. അതുകൊണ്ട് പുലോമന്‍ പുലോമയെ നേരത്തേ ആഗ്രഹിച്ചു എന്നും മറ്റുമുള്ള അവകാശവാദങ്ങള്‍ ശുദ്ധഭോഷ്‌കാണ്.
ഈ സംഭവത്തില്‍ അഗ്നിയുടെ പങ്ക് കുറ്റമറ്റതാണ്. ശരിയായ കുറ്റവാളി (പുലോമന്‍) കുറ്റം ചെയ്ത് നിമിഷത്തിനുള്ളില്‍ വെന്തെരിഞ്ഞു പോയി. അപ്പോള്‍ കുറ്റവാളി ജീവിച്ചിരിപ്പില്ല. കുറ്റവാളിയില്ലെങ്കില്‍ കുറ്റം ചെയ്തതിന് ആരെയെങ്കിലും ശിക്ഷിക്കാനൊക്കുമോ? നീതിന്യായ സംഹിതയനുസരിച്ച് സാദ്ധ്യമല്ലതന്നെ. ശരിയായ കുറ്റവാളിയെ ശിക്ഷിക്കാന്‍ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ ശിക്ഷിക്കാമോ? കള്ളനെ കണ്ടില്ലെങ്കില്‍ കണ്ടവനെയാരെങ്കിലും ‘കള്ളാ’ എന്നു വിളിക്കുമോ? ഒരു ശാപം പിടിച്ചുപറ്റത്തക്കവണ്ണം എന്തെങ്കിലും ഒരു കുറ്റം അഗ്നി ഇവിടെ ചെയ്‌തോ? പുലോമന്റെ ചോദ്യത്തിന് അഗ്നി സത്യസന്ധമായാണു മറുപടി പറഞ്ഞത്.
അതുതന്നെ ഭൃഗുവിന് അനുകൂലമായിരുന്നു. തന്റെ വലയത്തിലുള്ള ഏതിനെയും ഉള്ളതുപോലെ മാത്രമേ അഗ്നിക്ക് പ്രകാശിപ്പിക്കാന്‍ പറ്റുകയുള്ളൂ. പ്രകൃതസംഭവത്തിലും അഗ്നി തന്റെ സ്വാഭാവികസ്വരൂപം വെളിവാക്കിയിട്ടുണ്ട്. ആ സത്യം പറയുന്ന സ്വഭാവം തന്നെയാണ് അഗ്നിക്കു ‘സര്‍വ്വസാക്ഷി’ എന്ന ബിരുദം നേടിക്കൊടുത്തത്. അന്നുവരെ ദേവന്മാര്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഹവിസ്സു മാത്രമേ അഗ്നി ഉള്‍ക്കൊണ്ടിരുന്നുള്ളൂ. ഒരു തെറ്റും ചെയ്യാത്ത ആ അഗ്നിക്ക് സര്‍വ്വഭക്ഷനായിത്തീരട്ടെ എന്നു ഭൃഗു കൊടുത്ത ശാപം അന്യായമാണ്; നീതിബോധത്തിനു നിരക്കാത്തതാണ്.
അഗ്നി പ്രകൃതത്തില്‍ ഒരു കാരണവശാലും കുറ്റക്കാരനല്ല. കുറ്റക്കാരനല്ലാത്ത അഗ്നിക്ക് ഇതെങ്ങനെ സഹിക്കാന്‍ പറ്റും? സ്വാഭാവികമായും അഗ്നി പ്രകോപിതനായി. കുറ്റം ചെയ്യാത്ത തന്നെ ശപിച്ചതില്‍ മനംനൊന്ത അഗ്നി ഭൃഗുമഹര്‍ഷിയെ ശപിക്കാന്‍ തുനിഞ്ഞതാണ്. ഈ ശാപത്തിലെ അന്യായത്തെ അഗ്നി ശക്തമായി ചോദ്യം ചെയ്തു.
എന്നാല്‍ മഹാനായ അഗ്നി സ്വയം നിയന്ത്രിച്ച് ഭൃഗുമഹര്‍ഷിയെ ശപിക്കാതിരിക്കുകയായിരുന്നു. അന്യായമായി അടിച്ചേല്‍പ്പിക്കപ്പെട്ട ശാപഭാരത്തോടെ അഗ്നി അപ്രത്യക്ഷനായി. ഒരുപക്ഷേ അത് അന്യായമായ ഈ ശിക്ഷയിന്മേലുള്ള ശക്തമായ പ്രതിഷേധമായിരുന്നു. പവിത്രതയുടെ പരമസ്ഥാനമായ അഗ്നിക്ക് ഇതല്ലാതെന്തു ചെയ്യാന്‍ പറ്റും? അഗ്നി യജ്ഞകുണ്ഡത്തില്‍നിന്നു വിട്ടുനിന്നു. ഋഷിമാരുടെയോ ദേവന്‍മാരുടെയോ ഒരു കര്‍മ്മത്തിലും പങ്കെടുത്തില്ല. അയാള്‍ ഒളിച്ചിരുന്നു. പിന്നീട് ബ്രഹ്മദേവന്‍ അഗ്നിയെ സാന്ത്വനപ്പെടുത്തി. അതിനുശേഷം ആ അഗ്നി തന്റെ സ്വതഃസിദ്ധമായ കര്‍മ്മനിര്‍വ്വഹണത്തിന് യജ്ഞകുണ്ഡങ്ങളില്‍ സ്ഥാനംപിടിച്ചു.
ഒളിച്ചിരിക്കുന്ന ഒരുവനെ കണ്ടുപിടിച്ചുകൊടുക്കുകയോ അല്ലെങ്കില്‍ കണ്ടുപിടിച്ചുകൊടുക്കാന്‍ സഹായിക്കുകയോ ചെയ്യുന്നവരെ ഒളിച്ചിരിക്കുന്നവന്‍ ശപിച്ചെന്നുവരാം.
ഒളിച്ചിരിക്കുന്ന തന്നെ ബ്രഹ്മാദികള്‍ക്ക് കാണിച്ചുകൊടുത്തത് ചിലരാണെന്നറിഞ്ഞപ്പോള്‍ അന്യായമായ ശിക്ഷ അടിച്ചേല്‍പ്പിച്ചിട്ടുപോലും ശപിക്കാത്ത അഗ്നി ശപിക്കാനൊരുമ്പെട്ടു. തന്നെ കാണിച്ചുകൊടുത്തതില്‍ അത്യന്തം കോപാക്രാന്തനായ അഗ്നി അതിനുത്തരവാദികളായ തത്തകള്‍ മൂകരായിപ്പോകുന്നതിനും, തവളകള്‍ രുചിയറിയാതെ പോകുന്നതിനും, ആനകളുടെ മൂക്ക് നീണ്ടുപോകുന്നതിനും ശപിച്ചു.
അന്യായമായി ശാപമേല്‍ക്കേണ്ടിവന്നിട്ടും തിരിച്ചടിക്കാത്ത അഗ്നിയുടെ സഹിഷ്ണുതയില്‍ നാം മുമ്പ് അഭിമാനം പൂണ്ടിട്ടുണ്ട്. എന്നാല്‍ ആ അഗ്നിതന്നെ പ്രത്യേകിച്ചു കുറ്റമൊന്നും ചെയ്യാത്ത തത്ത്, തവള തുടങ്ങിയ ജീവികളെ ശപിച്ചതായിക്കണ്ടു. അവര്‍ ഒളിച്ചിരിക്കുന്ന അഗ്നിയെ കണ്ടു പിടിക്കുന്നതിന് ദേവന്മാരെ സഹായിച്ചുവെന്നത് തീര്‍ച്ച. അപ്രകാരം ചെയ്തതുകൊണ്ടു മാത്രം അവര്‍ ശപിക്കപ്പെടേണ്ടവരല്ല. തന്നെ കാണിച്ചുകൊടുത്തിന് വേണമെങ്കില്‍ അഗ്നിക്ക് ആ ജീവികളെ ഒന്നു ശകാരിക്കാമായിരുന്നു.
ഈ നിരപരാധികളെ ശപിച്ചത് നീതീകരിക്കത്തക്കതാണോ? അശക്തരായ ഈ പ്രാണികളോടു കാണിച്ച ഒരന്യായമായിപ്പോയില്ലേ ഇത്! അഗ്നിയില്‍ നാം കണ്ട ദാക്ഷിണ്യഭാവം ഇവിടെ അറ്റുപോയിരിക്കുന്നു. ഇതൊരു ലോകനീതിയാണ്.
ശക്തനായ ഒരുവന്‍ മറ്റൊരുവനെ ദണ്ഡിച്ചാല്‍ അതയാളേറ്റുവാങ്ങി നിശ്ശബ്ദനായിപോകും. അശക്തനില്‍ നിന്നു മാണെങ്കില്‍ ഒരു ചെറിയ വീഴ്ചമതി അയാളെ ഭയങ്കര കുറ്റവാളിയായി മുദ്രകുത്തും. ഈ ലോകനീതിതന്നെ വ്യാസന്റെ രാജനീതിയിലും കാണുന്നു.
എന്നാല്‍ അഗ്നിക്ക് തന്നോടുകാട്ടിയ അപരാധത്തിന് പ്രതിഷേധിക്കുവാനുള്ള അവസരം പോലും നിഷേധിച്ചപ്പോള്‍ ഭൃഗുവിന്റെ കാര്യത്തില്‍ അഗ്നി ഉള്‍ക്കൊണ്ട സംയമനം അഗ്നിയിലസ്തമിച്ചുപോയി. ‘അളമുട്ടിയാല്‍ ചേരയും കടിയ്ക്കും’ എന്നാണല്ലോ ചൊല്ല്.
സഹിക്കുന്നതിനും പൊറുക്കുന്നതിനുമൊക്കെ ഒരു പരിധിയില്ലേ! ജീവികളോടുള്ള അഗ്നിയുടെ പ്രതികരണം ഈ നിലയിലെടുത്താല്‍ അഗ്നിയുടെ ശാപത്തെ ഒരന്യായമായി കണക്കാക്കാന്‍ പറ്റുകയില്ല.
Discussion about this post