ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലുമുള്‍പ്പെടെ ഹിമാലയന്‍ താഴ്വരയില്‍ കനത്തമഴയെത്തുടര്‍ന്നുള്ള പ്രളയത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ട പതിനായിരങ്ങളെ രക്ഷപ്പെടുത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമം തുടരുന്നു. പ്രകൃതിക്ഷോഭത്തില്‍ ആയിരം പേരെങ്കിലും മരിച്ചതായാണു നിഗമനം. മലയാളി തീര്‍ഥാടകര്‍ ഉള്‍പ്പെടെ അറുപതിനായിരത്തോളം പേര്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. സമീപകാലത്തെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് സൈന്യം ഇപ്പോള്‍ നടത്തിവരുന്നത്. ഉത്തരാഖണ്ഡിലും ഹിമാചലിലും കരസേനയും വ്യോമസേനയും ദേശീയ ദുരന്തനിവാരണ സേനയും ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിസേനയും സംയുക്തമായാണു രക്ഷാപ്രവര്‍ത്തനം. 22,392 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേദാര്‍നാഥില്‍ കുടുങ്ങിയ എല്ലാവരെയും ഇന്നലെ വൈകുന്നേരത്തോടെ രക്ഷപ്പെടുത്തിയതായി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ അജയ് ചദ്ദ അറിയിച്ചു. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള കേദാര്‍നാഥ് ക്ഷേത്രത്തിനു സമീപം അയ്യായിരത്തോളം പേരാണു കുടുങ്ങിക്കിടന്നത്. റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. വാര്‍ത്താവിനിമയ സംവിധാനങ്ങളും മരുന്നും ഭക്ഷണവും സൈന്യം കൊണ്ടുപോയിരുന്നു. രണ്ടായിരത്തോളം ഭക്ഷണപാക്കറ്റുകള്‍ ഹെലികോപ്റ്ററിലൂടെ വിതരണം ചെയ്തു. കനത്ത മഴയെത്തുടര്‍ന്ന് ഒഴുകിപ്പോയ എട്ടുഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ എത്താന്‍ കഴിഞ്ഞിട്ടില്ല. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, ചമോലി ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിന് ഉത്തരാഖണ്ഡ് സര്‍ക്കാരിനു കേന്ദ്രം എല്ലാ പിന്തുണയും നല്‍കുമെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അറിയിച്ചു. ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന നല്‍കാന്‍ എല്ലാവരോടും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. പതിനായിരത്തോളം സൈനികരെ ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനു നിയോഗിച്ചതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ പ്രതിരോധമന്ത്രി എ.കെ. ആന്റണി സൈന്യത്തിന്റെ പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തു. ഗംഗോത്രി, കേദാര്‍നാഥ്, യമുനോത്രി, ബദരിനാഥ് എന്നീ നാലു പ്രമുഖ തീര്‍ഥാടനകേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ചാര്‍ ധാം യാത്രയുടെ സമയത്താണു പ്രളയം. തീര്‍ഥാടകരുടെ എണ്ണത്തില്‍ സമീപദിവസങ്ങളില്‍ വലിയ വര്‍ധനയുണ്ടായിരുന്നു. പ്രളയത്തില്‍ കേദാര്‍നാഥ് ക്ഷേത്രം പൂര്‍ണമായും ചെളിയില്‍ പൂണ്ടുകിടക്കുകയാണ്. ക്ഷേത്രത്തിനു കേടുപാടുകളില്ലെങ്കിലും ദീര്‍ഘനാളത്തെ പരിശ്രമ ത്തിനുശേഷമേ റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയൂവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ അറിയിച്ചു. ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് കൈലാസ്-മാനസസരോവറിലേക്കുള്ള രണ്ടാം ബാച്ചിന്റെ യാത്ര റദ്ദാക്കി. ഉത്തരേന്ത്യയില്‍ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ഹെല്‍പ്പ് ലൈന്‍ സംവിധാനം തുറന്നിട്ടുണ്ട്. രുദ്രപ്രയാഗ്, ഉത്തരകാശി, ചമോലി (+919808151240, +919837134399) പുരി, ഹരിദ്വാര്‍, നൈനിറ്റാള്‍ ( +91999779124, +919451901023) അല്‍മോറ, ബാഗീശ്വര്‍, പിത്തോര്‍ഗഡ് (+919456755206, +919634535758) എന്നീ നമ്പറുകളില്‍ വിവരങ്ങള്‍ ലഭിക്കും. ഉത്തരാഖണ്ഡ് സംസ്ഥാന ദുരിതാശ്വാസസമിതി സെക്രട്ടറിയെ 9837542221 എന്ന നമ്പറിലും ലഭിക്കും.
Discussion about this post