ന്യൂഡല്‍ഹി: പേമാരിയിലും മണ്ണിടിച്ചിലിലും പെട്ട് ഉത്തരാഖണ്ഡില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമംനടക്കുന്നതിനിടെ വീണ്ടും മഴ ആരംഭിച്ചത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. മഴ ആരംഭിച്ചതോടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കയാണ്. ഇക്കഴിഞ്ഞ ആറ് ദിവസത്തിനകം എഴുപതിനായിരത്തോളം പേരെയാണ് രക്ഷിക്കാനായത്. എന്നാല്‍ സൈന്യവും സന്നദ്ധപ്രവര്‍ത്തകരും മറ്റുവഴികളില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയിട്ടുണ്ട്.
ഉത്തരാഖണ്ഡില്‍ ഇരുപത്തിരണ്ടായിരത്തോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. മരണസംഖ്യ ആയിരം കവിയുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണെ അറിയിച്ചു. അതേസമയം നാളെ മുതല്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഇനി ശേഷിക്കുന്നത് 24 മണിക്കൂര്‍ മാത്രം. വിവിധ കേന്ദ്രങ്ങളില്‍ ഇനിയും 40,000 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.
പ്രളയമേഖലയില്‍ നിന്നു കണ്ടെടുത്ത മൃതദേഹങ്ങള്‍ 800 കടന്നു. കേദാര്‍നാഥിലെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നൂറുകണക്കിനു മൃതദേഹങ്ങളുണ്ടെന്ന് ഇവിടെനിന്നു രക്ഷപ്പെട്ടെത്തിയവര്‍ പറയുന്നു.
ഒഴുക്കില്‍പ്പെട്ട് ഏകദേശം 600 പേരെ കാണാതായിട്ടുണ്ടെന്നാണ് സംസ്ഥാന ദുരന്തനിവാരണ സമിതി പറയുന്നത്.
Discussion about this post