ചെങ്കല്‍ സുധാകരന്‍
29. പ്രലംബവധം
”അനുസന്ധീയതേ ബ്രഹ്മ
ബ്രഹ്മാനന്ദഘനെ യതഃ
സദാബ്രഹ്മാനുസന്ധാനം
ഭക്തിരിത്യവഗമൃതേ”
(ബ്രഹ്മം ആനന്ദഘനമാണ്. സത്യാന്വേഷികള്‍ ബ്രഹ്മസ്വരൂപം പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. സദാ ചെയ്യുന്ന ബ്രഹ്മസ്വരൂപാനുസന്ധാനമാണ് ഭക്തി) ശ്രീനാരായണഗുരുദേഹന്‍ ദര്‍ശനമാലയില്‍ (9-2) പറഞ്ഞിട്ടുള്ളതാണ് ഈ ശ്ലോകം. ഭക്തന്‍ സദാ ബ്രഹ്മത്തെ (ഈശ്വരനെ) പിന്തുലര്‍ന്നുകൊണ്ടേയിരിക്കും. ബഹുലാശ്വമഹാരാജാവ് ഇത്തരത്തിലുള്ള ഒരു ഉത്തമഭക്തനാണ്. ഈശ്വരചിന്തയും ഭഗവത്കഥാശ്രവണ തത്പരതയും അദ്ദേഹത്തിനുണ്ടായിരുന്നു. ഈശ്വരകഥകളില്‍ മതിവരാതിരിക്കുക ഭക്തന്റെ ലക്ഷണമാണ്. ബഹുലാശ്വമഹാരാജാവ് ശ്രീനാരദനോട് ലീലാഗോപാലന്മാരായ രാമകൃഷ്ണന്മാരുടെ കഥ പറയുവാന്‍, പ്രേരിപ്പിച്ചു – ”മഹര്‍ഷേ, ശ്രീകൃഷ്ണഭഗവാന്‍ ബലരാമനുമൊത്ത് ഏതെല്ലാം ലീലകളാണ് ചെയ്തത്?”
ഭഗവത്കഥാകഥനതത്പരനായ ശ്രീനാരദന്‍ പറഞ്ഞു: ‘മഹാരാജാവേ, ഒരിക്കല്‍ ഭഗവാന്‍ കൃഷ്ണന്‍ ബലദേവനും മറ്റു ഗോപാലന്മാരുമൊത്ത് യമുനാസമീപമുള്ള ഭാണ്ഡീരവനത്തില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടികള്‍ പലതരം കളികളില്‍ മുഴുകി. മല്‍പ്പിടുത്തത്തില്‍ തോല്‍ക്കുന്നയാള്‍ ജയിക്കുന്നയാളെ ചുമക്കണമെന്ന വ്യവസ്ഥയിലുള്ള കളിയായിരുന്നു അവയിലൊന്ന്. ആ അവസരമുപയോഗിച്ച് കംസപ്രചോദിതനായ പ്രലംബന്‍ എന്ന അസുരന്‍, ഗോപവേഷത്തില്‍ കുട്ടികള്‍ക്കിടയില്‍ കയറിക്കൂടി, കൃഷ്ണനൊഴികെ മറ്റാരും ഇക്കാര്യമറിഞ്ഞില്ല.
”വിഹാരേ വിജയം രാമം
നേതും കോപി ന മന്യതേ
ഉവാഹ തം പ്രലംബോസൗ
ഭാണ്ഡീരാദ്‌യമുനാതടം’
(കളിയില്‍ ജയിച്ച രാമനേ, പ്രലംബന്‍ എടുത്തുകൊണ്ട് ഭാണ്ഡീരവനത്തില്‍ നിന്ന് യമുനാതടത്തിലേക്കു നടന്നു). മറ്റുള്ളവരില്‍ നിന്നകന്നപ്പോള്‍ ആ അസുരന്‍ മേലോട്ടുയര്‍ന്ന് മഥുരാപുരിയെ ലാക്കാക്കി പ്രയാണമാരംഭിച്ചു. ബലന്‍ കാര്യം മനസ്സിലാക്കു.
അദ്ദേഹം സ്വശരീരം ഭാരവത്താക്കി. പര്‍വ്വതതുല്യ ഭാരം! ഭീകരാകൃതിപൂണ്ട പ്രലംബനെ രാമന്‍ മുഷ്ടിചുരുട്ടി കുത്തി. തലയ്ക്കടിച്ചു വീഴ്ത്താന്‍ ശ്രമിച്ചു.
‘വിശീര്‍ണ്ണ മസ്തകോ ദൈത്യോ
യഥാവജ്രഗതോ ഗിരിഃ
പപാത ഭൂമൗ സഹസാ
ചാലയന്‍ വസുധാതലം”
(മസ്തകം ശിഥിപമായ അസുരന്‍, വജ്രപാതത്താല്‍ പര്‍വ്വതമെന്നപോലെ, താഴേക്കു പതിച്ചു. ഭൂമി വിറച്ചു പോയി). അവന്റെ പ്രാണന്‍ പോയി. അപ്പോള്‍, ആ അസുരന്റെ ഉള്ളില്‍നിന്നൊരു ജ്യോതിസ്സുയര്‍ന്നു ചെന്ന് ബലരാമനില്‍ ലയിച്ചു. ദേവന്മാര്‍ പുഷ്പവര്‍ഷം നടത്തി. വാദ്യഘോഷങ്ങള്‍ മുഴക്കി.
സ്വാഭാവികമായും ബഹുലാശ്വമഹാരാജാവ്, പ്രലംബമോക്ഷകഥയില്‍ ജിജ്ഞാസുവായി. അദ്ദേഹം ദേവര്‍ഷിയോടു ചോദിച്ചു. ‘ദേവര്‍ഷേ, പ്രലംബന്‍ മുജ്ജന്മത്തില്‍, ആരായിരുന്നു? അവന് ബലരാമനാല്‍ മുക്തി സിദ്ധിക്കാന്‍ എന്താണ് കാരണം?”
‘രാജാവ് കേട്ടാലും,’ നാരദന്‍ പറഞ്ഞു. ‘പണ്ട് വൈശ്രവണന്‍ ശിവപൂജയ്ക്കായി വിശേഷപ്പെട്ട പുഷ്പങ്ങള്‍ കൃഷിചെയ്തുണ്ടാക്കി. ചെടികളെയും പൂക്കളെയും സംരക്ഷിക്കാന്‍ യക്ഷന്മാരെ ചട്ടംകെട്ടി. പക്ഷേ, പൂക്കള്‍ കളവുപോകുന്നതായി കുബേരനറിഞ്ഞു. പരിഹാരങ്ങള്‍ ഫലിക്കാതെ വന്നു. യക്ഷേശന്‍ കുപിതനായി. ‘ഈ പൂക്കളപഹരിക്കുന്നവന്‍ അസുരനായിപ്പോകട്ടെ.’ കുബേരന്‍ ശപിച്ചു.
വിജയന്‍ എന്ന ഗന്ധര്‍വ്വനാണ് ശാപമേറ്റത്. അയാള്‍ ഹുഹുവിന്റെ പുത്രനായിരുന്നു. അവന് വിഷ്ണുകീര്‍ത്തനം പാടിപ്പാടി തീര്‍ത്ഥസ്ഥാനങ്ങളില്‍ സഞ്ചരിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെയാണ് ചൈത്രരഥത്തിലെത്തിയത്. അവിടെ കമനീയ പുഷ്പങ്ങള്‍ കണ്ട് ആകൃഷ്ടനായി. കഥയറിയാതെ അയാള്‍ പൂക്കള്‍ പറിച്ചു. ഉടന്‍തന്നെ അവന്‍ അസുരനായി മാറി.
കുബേരശാപവൃത്താന്തം മനസ്സിലാക്കിയ വിജയന്‍ യക്ഷരാജനെ ശരണം പ്രാപിച്ചു. നമസ്‌കരിച്ച് ശാപമോക്ഷം അഭ്യര്‍ത്ഥിച്ചു. അത് കുബേരന്റെ മനസ്സലിയിച്ചു. പ്രസന്നചിന്തനായി വരം നല്‍കി. ‘നീ വിഷ്ണുഭക്തനും ശാന്തനുമാണല്ലോ? ഭയപ്പെടേണ്ട. ദ്വാപരാന്തത്തില്‍ ഭാണ്ഡീരവനത്തില്‍വച്ച് നിനക്ക് ബലരാമന്റെ കൈയാല്‍ മുക്തി ലഭിക്കും.’
നാരദന്‍ തുടര്‍ന്നു: ‘മഹാരാജന്‍, ആ ഗന്ധര്‍വ്വനാണ് പ്രലംബന്‍! കുബേരന്റെ വരബലത്താലാണ് അവന് മുക്തി ലഭിച്ചത്.”
പ്രലംബകഥയിലും മനുഷ്യന്റെ ക്രമംക്രമമായ ആദ്ധ്യാത്മികവളര്‍ച്ചയുടെ സ്വാഭാവികത കാണാം. ഗര്‍ഗ്ഗാചാര്യര്‍ കഥാപാത്രങ്ങളുടെ മുജ്ജന്മകഥ പറയുന്നിടത്തെല്ലാം ഈ ക്രമം ദ്രഷ്ടവ്യമാണ്. വിജയന്‍ എന്ന ഗന്ധര്‍വ്വന് ശാപം ലഭിച്ചതാണല്ലോ പൂര്‍വ്വകഥ!
ജീവന്‍ സംശുദ്ധിയുള്ളതാണ്. ശുദ്ധബ്രഹ്മത്തിന്റെ അംശം! സര്‍വ്വ ജീവജാലങ്ങള്‍ക്കുള്ളിലും ഒരേ രീതിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു. വിജയന്‍ എന്ന ഗന്ധര്‍വ്വന് അധ്യാത്മനിഷ്ഠയോടെ കഴിഞ്ഞ വ്യക്തിയായിരുന്നു. വിഷ്ണുകീര്‍ത്തനം പാടിപ്പാടി തീര്‍ത്ഥഘട്ടങ്ങളില്‍ സഞ്ചരിക്കുകയായിരുന്നു അയാള്‍. ജീവന്റെ നൈസര്‍ഗികസ്വഭാവമാണത്. ഭക്തന്മാര്‍ വ്യാപനസ്വഭാവനായ വിഷ്ണുവില്‍ അദ്ഭിതാധീനനാകുന്നു. വിഷ്ണുകീര്‍ത്തനം അവന്റെ (ഭക്തന്റെ) ശീലമാണ്.
തീര്‍ത്ഥാടനം പുണ്യംപെരുക്കുമെന്ന ചിന്തയാല്‍, ഭക്തന്മാര്‍ അതിനുള്ള അവസരം തേടിയലയും. വിജയനും അതാണു ചെയ്തത്. എന്നാല്‍, ചില സാഹചര്യങ്ങള്‍ ഈ യാത്രയ്ക്ക് ബാധയാകുന്നു. വിജയന്‍ ചൈത്രരഥത്തിലെത്തിയതോടെ ജീവിതഗതിമാറി.
കാമക്രോധാദികള്‍ക്കു വിധേയനായ സാധാരണവ്യക്തി ശമദമാദികളിലൂടെ നിയന്ത്രിത മാനസനായിട്ടാണ് ഭക്തിമാര്‍ഗത്തില്‍ സഞ്ചരിക്കുന്നത്. പക്ഷേ, നിയന്ത്രിതമെന്നു കരുതുന്ന പ്രാഥമിക ചോദനകള്‍ അവസരം പാര്‍ത്തുകൊണ്ടേയിരിക്കും. കാവല്‍ക്കാരന്‍ മയങ്ങുമ്പോള്‍ കള്ളന്‍ മതില്‍ചാടുന്നതുപോലെ കാമക്രോധാദിഭാവങ്ങള്‍ ഭക്തനെ പരാജയപ്പെടുത്തും. നിരന്തരം തുടരേണ്ട മനനാദിവൃത്തികള്‍ തെല്ലൊന്നു മുടങ്ങിയാല്‍മതി അവ പൂര്‍വ്വാധികം ശക്തിയോടെ ആക്രമിക്കും.
ചൈത്രരഥത്തിലെ സര്‍വര്‍ത്തുരമണീയമായ പൂക്കള്‍ വിജയനെ ഹഠാദാകര്‍ഷിച്ചു. കണ്ണുകളെ കീഴടക്കിയ പൂക്കള്‍ മനസ്സിനെയും ക്രമേണ ബുദ്ധിയേയും വശീകരിച്ചു. വശിയായിരുന്ന വിജയന്‍ പരവശനായി. ഇന്ദ്രിയം ശക്തമായപ്പോള്‍ മനസ്സ് ഇന്ദ്രിയാര്‍ത്ഥങ്ങളില്‍ മുഴുകിയെന്നര്‍ത്ഥം! പിന്നീടുണ്ടാകുന്നത് വിവേകനാശമാണ്. കാര്യാകാര്യങ്ങള്‍ തിരിച്ചറിയുവാനുള്ള ബുദ്ധി ക്ഷയിച്ചുപോകുന്നു. കുബേരശാപം നിലനില്‍ക്കുന്ന പ്രദേശമാണ് ചൈത്രരഥമെന്നോ തനിക്ക് ഇന്ദ്രിബ കൃഷ്ടചേതസ്സായ ഗന്ധര്‍വ്വന് കഴിഞ്ഞില്ല.
പൂര്‍ണ്ണമായും പരാധീനമാകാത്ത ബുദ്ധിയാണ്, പശ്ചാത്താപപൂര്‍വം, ശാപമോക്ഷമിരന്നത്. വിഷ്ണുഭക്തനായ വിജയന് ദ്വാപരയുഗത്തില്‍ ബലരാമസ്പര്‍ശത്താല്‍ മുക്തിലഭിക്കുമെന്ന ശാപമോക്ഷവും ലഭിച്ചു. എങ്കിലും പ്രബലമായ ജ്ഞാനേന്ദ്രിയചോദനയെ ജയിക്കാന്‍ വിജയനുകഴിഞ്ഞില്ല. കുബേരപ്രസാദത്താല്‍ ലഭിച്ച ശാപമോക്ഷാവസരം വേഗത്തിലാനയിക്കാനുള്ള ശ്രമമൊന്നും അവനുണ്ടായില്ല. ശാപാനുസൃതമായ അസുരജന്മത്തില്‍ അഭിരമിക്കാനാണയാള്‍ക്കു തോന്നിയത്. ദുര്‍ബലചിത്തരായ വ്യക്തികള്‍ക്ക് അങ്ങനെ ചെയ്യാനേ കഴിയൂ.
ഉര്‍വ്വശ്യാകൃഷ്ടമാനസനായ പുരൂരവസ്സിനെപ്പോലെ വിജയനും, സ്വധര്‍മ്മങ്ങള്‍ മറന്നുപോയി. മദ്യപന് സ്വബോധം നഷ്ടപ്പെടുന്ന രീതിയാണ് ഇന്ദ്രിയമാഥിയായ വിഷയങ്ങളില്‍ മുഴുകുന്ന വ്യക്തിക്കുണ്ടാകുന്നത്. അയാള്‍ വസ്തുവിവേകം നശിച്ച് മൃഢബുദ്ദിയായി ഇന്ദ്രിയമഗ്നനായി മാറുന്നു. കുബേരശാപത്താല്‍ വിജയന്‍ അസുരനായി എന്ന കഥയിലെ പൊരുളിതാണ്.
അസുരത്വത്തില്‍ നിന്ന്, ഇന്ദ്രിയാധീനത്വത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ മനുഷ്യനെ സഹായിക്കുന്നത് വിവേചനബുദ്ധിയാണ്. വിവേകമാണ്. ആ വൈഭവമാണ് ഐന്ദ്ര്യസുഖാനുഭവത്തിലൂടെ നഷ്ടമാകുന്നത്. അസുക്കളില്‍ രമിക്കുന്നവനായി, അധര്‍മ്മചാരിയായി, പരിമണിക്കാനെളുപ്പം! വിജയന്‍ പ്രലംബനായി മാറുന്നത് ഈ വിധത്തിലാണ്. ഇന്ദ്രിയാര്‍ത്ഥങ്ങളില്‍ മുഴുകുന്നതോടെ മനസ്സ് സുഖഭോഗങ്ങളില്‍ മുങ്ങുന്നു. പൊങ്ങാനുള്ള (മുക്തിനേടാനുള്ള) ശ്രമമേ ഉണ്ടാവുകയില്ല. തീക്ക് കാറ്റെണപോലെ സമാനസ്വഭാവസ്ഥരായ ബന്ധുക്കളും ഒത്തുകൂടം. അതാണ് കംസസഖ്യം! കംസന്‍ നാശത്തിന്റെ പ്രതീകം! കംസന് വിധേയനാകുന്നതോടെ നന്മയുടെ ചെറുനാമ്പുപോലും നഷ്ടമാകുന്നു. താമസഭാവശക്തിയാല്‍ നന്മയെ എതിര്‍ക്കുവാന്‍ ബദ്ധകച്ഛമാകുന്ന മനസ്സ് അതിനുള്ള വഴി ആലോചിച്ചുകൊണ്ടേയിരിക്കും.
കംസപ്രേരിതനായി രാമകൃഷ്ണന്മാരെ നശിപ്പിക്കാനുള്ള യത്‌നത്തില്‍ അസുരജന്മത്തിലെ വിജയനും (പ്രലംബന്‍) പങ്കാളിയായി. പ്രലംബവീര്യനായ (ശക്തനായ) അസുരന്‍ ഗോപാലന്മാരുടെ കൂട്ടത്തില്‍ കടന്നുകൂടി രാമനെ ചുമന്നുകൊണ്ട് നശിപ്പിക്കാന്‍ ശ്രമിച്ചത് ദുര്‍മാര്‍ഗ്ഗചാരിതയുടെ ബലത്താലാണ്.
കുബേരന്‍ വരമായി നല്‍കിയ ശാപമോക്ഷം ഫലിച്ചു. പ്രലംബന്‍ ബലരാമന്റെ താന്ധനമേറ്റ തലനുറുങ്ങി മരിച്ചുവീണു. അയാള്‍ വിജനയനായി ബലരാമില്‍ ലയം പ്രാപിക്കുകയും ചെയ്തു.
ചാരത്തില്‍ മുടിക്കിടക്കുന്ന അഗ്നിസ്ഫുലിംഗം യാദൃച്ഛികമായി വന്നുവീഴുന്ന ഇന്ധനത്തില്‍ പടര്‍ന്നുപിടിക്കും. ജ്വിലിക്കും. അതുപോലെ പ്രലംബനില്‍, പൂര്‍വ്വജന്മവാസന ശാപമെന്ന ചാരത്താല്‍ മൂടിയ അഗ്നികണക്കേ ഉള്ളിലുണ്ടായിരുന്നു. ദുഷ്ടലാക്കോടെയാണെങ്കിലും, രാമകൃഷ്ണാദി ഗോപാലന്‍മാരുടെ കൂട്ടത്തിലായമ് പ്രലംബനെത്തിയത്. നന്മയുള്ള മനസ്സുകള്‍ സംഗമിച്ചപ്പോള്‍ പ്രലംബനിലെ പൂര്‍വ്വവാസന ഉണര്‍ന്നു. രാമനെ ചുമലിലേറ്റിയതു മുതല്‍ ദുര്‍വ്വഹമായ ഭാരത്താല്‍ അസുരന്‍ പുളയുകയായിരുന്നു. ദേവത്വം സ്പര്‍ശിച്ചപ്പോള്‍ അവനിലെ അസുരഭാവം തിരോഭൂതമായി!
”അനിച്ഛയാ തു സംസ്പൃഷ്‌ടോ,
ദഹത്യേഹ ഹി പാവകഃ”
എന്ന തത്ത്വപ്രകാരം രാമസ്പര്‍ശം, പ്രലംബനിലെ ദേഹബുദ്ധി ഇല്ലാതാക്കി.
‘വിശീര്‍ണ്ണ മസ്തകോ ദൈത്യോ
യഥാ വജ്രഗതോ ഗിരിഃ’
എന്ന മട്ടില്‍ നിലംപതിച്ചു. ആ വിശീര്‍ണ്ണമസ്തകത്വമാണ് ഇവിടെ പ്രധാനം. നുറുങ്ങി വീണത് ദേഹബുദ്ധിയാണ്. അതുമാറിയതോടെ പ്രലംബന്‍ മുക്തിനേടി.
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-
ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.
തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.
വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013,
മൊബൈല്‍: 9447089049
പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.
കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,
മാളുബന്‍ പബ്ലിക്കേഷന്‍സ്
ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-
MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: [email protected]
Discussion about this post