ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് താനാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം താന്‍ മുന്‍പുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ആദ്യം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണം. വകുപ്പുകള്‍ സംബന്ധിച്ച് അതിനുശേഷം മാത്രമേ ചര്‍ച്ച നടക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയുടെ ഡല്‍ഹി ഘടകം നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായും കേന്ദ്ര മന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരെ കണ്ടു ചര്‍ച്ച നടത്തിയതായും ഉമ്മന്‍ ചാണ്ടി അറിയിച്ചു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ടി.സി. മാത്യു നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടി.സി. മാത്യു തന്നെ വന്നു കണ്ടിരുന്നു. എന്നാല്‍ പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനു തയാറായില്ല. പിന്നീട് പരാതി എഴുതി നല്‍കിയപ്പോള്‍ ഉടന്‍ പോലീസിന് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരേ ടി.സി. മാത്യു പരാതി പറഞ്ഞിരുന്നില്ലെന്നും വ്യക്തമാക്കി. സോളാര്‍ തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. കോട്ടയത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് തോമസ് കുരുവിളയുമായി ഡല്‍ഹിയിലുള്ള ബന്ധമെന്നും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു.
Discussion about this post