ന്യൂഡല്‍ഹി: ടു ജി കേസില്‍ തങ്ങളെ സാക്ഷികളായി വിളിച്ചുവരുത്താനുള്ള വിചാരണ കോടതി തീരുമാനത്തിനെതിരേ അനില്‍ അംബാനിയും ഭാര്യ ടീനയും സുപ്രീംകോടതിയെ സമീപിച്ചു. ജസ്റീസ് പി. സദാശിവം അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ അടിയന്തരമായി വാദം കേള്‍ക്കണമെന്ന അഭ്യര്‍ഥനയോടെയാണ് ഇവരുടെ ഹര്‍ജി എത്തിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി 24 ന് പരിഗണിക്കാനായി മാറ്റി. സിബിഐയുടെ അപേക്ഷ പരിഗണിച്ചായിരുന്നു വിചാരണ കോടതി അനില്‍ അംബാനിയെയും ഭാര്യയെയും ഉള്‍പ്പെടെ 13 പേരെ സാക്ഷികളായി വിളിച്ചുവരുത്തിയത്. കേസുമായി ബന്ധപ്പെട്ടു വിചാരണ നേരിടുന്ന സ്വാന്‍ ടെലികോമില്‍ റിലയന്‍സ് എഡിഎ ഗ്രൂപ്പ് 990 കോടി രൂപയുടെ നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കോടതി നടപടി. കേസില്‍ തീര്‍പ്പിലെത്താന്‍ ഇവരെ വിസ്തരിക്കേണ്ടത് ആവശ്യമാണെന്ന നിരീക്ഷണത്തിലാണ് സിബിഐയുടെ അപേക്ഷ അംഗീകരിച്ച് കോടതി ഇവരെ വിളിച്ചുവരുത്തിയത്.
Discussion about this post