തിരുവനന്തപുരം: ഡെങ്കിപ്പനിയുടെ സങ്കീര്‍ണതകളും രോഗാതുരതയും സംബന്ധിച്ച ഘടകങ്ങളെക്കുറിച്ച് പഠിക്കുന്നതിനും, രോഗവ്യാപനം തടയുന്നതിനുള്ള ഗവേഷണത്തിനുമായി കേരളത്തിലെത്തിയ കേന്ദ്രസംഘം നാളെ (ജൂലൈ 28) വൈകുന്നേരം ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറുമായി സെക്രട്ടേറിയറ്റില്‍ കൂടിക്കാഴ്ച നടത്തും. ഡെങ്കിപ്പനി നിയന്ത്രണത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, ഡെങ്കി വൈറസ്സുകളുടെ ജനിതകമാറ്റം, മാരകശേഷിയുള്ള ഡെങ്കി വൈറസ് സബ്ഗ്രൂപ്പുകളുടെ സാന്നിധ്യം മുതലായ കാര്യങ്ങള്‍ പഠനവിധേയമാക്കുന്നതിന് വിദഗ്ദ്ധരുടെ സേവനം ആവശ്യമാണെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദിനോട്, ഡല്‍ഹിയില്‍ വച്ച് ആവശ്യപ്പെട്ടതിന്റെയും തുടര്‍ന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി കേശവ്‌ദേശിരാജുവുമായി നടത്തിയ ചര്‍ച്ചയുടെയും അടിസ്ഥാനത്തിലാണ് പഠനസംഘം എത്തിയിട്ടുള്ളത്.
ദേശീയ കൊതുകുജന്യരോഗ നിയന്ത്രണ പരിപാടിയുടെ ജോയിന്റ് ഡയറക്ടര്‍ ഡോ. കല്‍പന ബറുവയുടെ നേതൃത്വത്തില്‍ പൂന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ സയന്റിസ്റ്റ് ഡോ. ബി.വി. ടെന്‍ഡാലെ (Dr. B.V. Tandale), ഡല്‍ഹി ആര്‍.എം.എല്‍ ഹോസ്പിറ്റലിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. രത്‌നാകര്‍ സാഹു എന്നിവരടങ്ങുന്ന സംഘമാണ് സംസ്ഥാനത്ത് പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ മെഡിക്കല്‍ കോളേജ്, അനുബന്ധ സ്ഥാപനങ്ങള്‍, ഡെങ്കിബാധിത പ്രദേശങ്ങള്‍ മുതലായവ സന്ദര്‍ശിച്ച സംഘം നാളെ കൊല്ലം ജില്ലയില്‍ പര്യടനം നടത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനുശേഷം ചൊവ്വാഴ്ച രാവിലെ സംഘം മടങ്ങും.
Discussion about this post