ന്യൂഡല്‍ഹി: ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ കുറ്റക്കാരനെന്നു കോടതി വിധിച്ച ഷെഹ്‌സാദ് അഹമ്മദിനു ജീവപര്യന്തം തടവ് ശിക്ഷ. ഡല്‍ഹി സാകേത് കോടതിയാണു ശിക്ഷ വിധിച്ചത്. 2008 സെപ്റ്റംബര്‍ 19നാണു കേസിനാസ്പദമായ സംഭവമുണ്ടായത്. ഡല്‍ഹി ജാമിയാനഗറിലെ ബാട്‌ല ഹൗസിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെന്നു സംശയിച്ച രണ്ടുപേരാണ് സ്‌പെഷല്‍ സെല്ലിന്റെ ഓപ്പറേഷനില്‍ വെടിയേറ്റു മരിച്ചത്. ഏറ്റുമുട്ടലിനു നേതൃത്വം നല്‍കിയ ഇന്‍സ്‌പെക്ടര്‍ മോഹന്‍ചന്ദ് ശര്‍മ്മയും വെടിവയ്പില്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ ഷെഹ്‌സാദ് കുറ്റക്കാരനാണെന് ഈ മാസം 25നാണു കോടതി വിധിച്ചത്. ശിക്ഷ ഇന്നലെ പ്രഖ്യാപിക്കുമെന്നാണു പറഞ്ഞിരുന്നതെങ്കിലും വാദം പൂര്‍ത്തിയാകാന്‍ വൈകിയതിനെ തുടര്‍ന്നാണ് ഇന്നത്തേക്കു മാറ്റിയത്.
ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട ഷെഹ്‌സാദ് അഹമ്മദിനെ പിന്നീട് ഉത്തര്‍ പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. ഷെഹ്‌സാദാണ് മോഹന്‍ ചന്ദ് ശര്‍മ്മയെ വെടിവച്ചതെന്ന് തെളിഞ്ഞതോടെ് പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തുകയായിരുന്നു.
Discussion about this post