ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ ശ്രീശാന്തിനെ പതിനൊന്നാം പ്രതിയാക്കി ഡല്‍ഹി പോലീസിന്റെ കുറ്റപത്രം. കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ശ്രീശാന്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് ആവശ്യപ്പെടുന്നത്. വാതുവെയ്പ്പുകാരന്‍ അശ്വനി അഗര്‍വാളാണ് ഒന്നാംപ്രതി. ജിജു ജനാര്‍ദ്ധനന്‍ 12ാം പ്രതിയാണ്. ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെ 39 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം.
രാജ്‌സഥാന്‍ റോയല്‍സ് താരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാന്‍,ഛോട്ടാ ഷക്കീല്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ഇടനിലക്കാരെ നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമാണെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. തെളിവായി ഫോണ്‍ സംഭാഷണങ്ങളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കുന്നുണ്ട്.
കുറ്റപത്രത്തില്‍ ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉള്ളത്. രാഹുല്‍ ദ്രാവിഡിനേയും രാജസ്ഥാന്‍ റോയല്‍സ് കോച്ചിനേയും കുറ്റപത്രത്തില്‍ സാക്ഷികളാക്കി. കുറ്റപത്രം നാളെ ഡല്‍ഹി സാകേത് കോടതി പരിഗണിക്കും.
ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
Discussion about this post