Tuesday, July 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഗര്‍ഗ്ഗഭാഗവതസുധ – നന്ദാദികളുടെ വൈകുണ്ഠദര്‍ശനം

by Punnyabhumi Desk
Jul 31, 2013, 06:15 pm IST
in സനാതനം

ചെങ്കല്‍ സുധാകരന്‍

31. നന്ദാദികളുടെ വൈകുണ്ഠദര്‍ശനം
നന്ദാദികള്‍ വൈകുണ്ഠം ദര്‍ശിക്കാനിടയായ കഥ ഭക്തന്മാര്‍ക്ക് സന്തോഷപ്രദമാണ്. ശ്രീഗര്‍ഗ്ഗനും വ്യാസഭഗവാനും ഏതാണ്ട് സമാനമായാണ് ഇക്കഥ വര്‍ണിച്ചിട്ടുള്ളത്. വ്യാസന്‍ സംഗ്രഹിച്ചും ഗര്‍ഗ്ഗന്‍ വിസ്തരിച്ചും. ശ്രീമദ്ഭാഗവതം ദശമസ്‌കന്ധം പൂര്‍വ്വാര്‍ദ്ധത്തിലെ ഇരുപത്തെട്ടാമധ്യായത്തിലാണീ കഥയുള്ളത്. ഗര്‍ഗ്ഗഭാഗവതത്തിലെ മാഥുര്യഖണ്ഡം ഇരുപത്തിരണ്ടാംമദ്ധ്യായത്തിലും. അധ്യാത്മപദ്ധതിയില്‍ വളരെ പ്രാധാന്യമുള്ള ഒരാഖ്യാനമാണിത്.

വ്യാസഭാഗവതകഥ ഇപ്രകാരമാണ്. ഒരിക്കല്‍ നന്ദഗോപന്‍ ഏകാദശിനോറ്റ് ദ്വാദശിയില്‍ യമുനാസ്‌നാനത്തിനെത്തി നദിയിലറങ്ങി. ‘തംഗൃഹീത്വാനയദ് ഭൃത്യോ വരുണസ്യാസുരോfന്തികം (വരുണ ഭൃത്യനായോരസുരന്‍ നന്ദനെ പിലിച്ച് വരുണന്റെ മുന്നിലെത്തിച്ചു). ഗോപാലന്മാര്‍ ബഹളം കൂട്ടി. വിവരമറിഞ്ഞ് ശ്രീകൃഷ്ണന്‍ വരുണാലയത്തിലെത്തി. ഭയചകിതനായ വരുണന്‍ ഭൃത്യന്‍ ചെയ്ത അപരാധം പൊറുക്കണേ എന്നപേക്ഷിച്ച് നന്ദനെ തിരിച്ചുനല്‍കി, ക്ഷമായാചനം ചെയ്തു. വരുണന്‍പോലും ശ്രീകൃഷ്ണനെ ആദരിച്ച് നമസ്‌കരിക്കുന്നതു കണ്ട് നന്ദന് ആശ്ചര്യമായി. ഇക്കാര്യം അദ്ദേഹം ഗോപാലന്മാരെ അറിയിച്ചു. ശ്രീകൃഷ്ണന്‍ പരമാത്മാവുതന്നെ എന്നവരുറച്ചു. അവര്‍, വൈകുണ്ഠം ദര്‍ശിതമാക്കണമെന്ന് ഭഗവാനോടഭ്യര്‍ത്ഥിച്ചു. മഹാകാരുണികനായ കൃഷ്ണന്‍ ‘ദര്‍ശയാമാസ ലോകം സ്വം ഗോപാനാം തമസഃപരം’ (ഗോപന്മാര്‍ക്ക്, അതിപാവനമായ സ്വധാമം – വൈകുണ്ഠം – കാട്ടിക്കൊടുത്തു.)

അല്പം വ്യത്യാസമുണ്ടെങ്കിലും ഇതേ കഥതന്നെയാണ് ഗര്‍ഗ്ഗാചാര്യരും പറഞ്ഞിരിക്കുന്നത്. ഗര്‍ഗ്ഗഭാഗവത കഥാമൃതമന്വേഷിക്കുന്നതിനാല്‍ ആ കഥയിലെ പ്രധാനാംശങ്ങളിലൂടെയെങ്കിലും സഞ്ചരിക്കേണ്ടതാവശ്യമാണല്ലോ? നന്ദഗോപനെയന്വേഷിച്ച് ശ്രീ ഭഗവാന്‍ വരുണലോകത്തേക്കുപോയി. തേജോനിധിയായ ശ്രീകൃഷ്ണനെ വരുണന്‍ കണ്ടു.

‘കോടിമാര്‍ത്താണ്ഡസങ്കാശം
ദൃഷ്ട്വാ പ്രകുപിതം ഹരിം
നത്വാ കൃതാഞ്ജലിഃ പാശീ
പരിക്രമ്യാf ഹ ധര്‍ഷിതഃ’
(കോപിഷ്ഠനായി, കോടിസൂര്യസമം തേജസ്വിയായി, ശ്രീകൃഷ്ണന്‍ വരുന്നതുകണ്ട് ഭയചകിതനായ വരുണന്‍ നമസ്‌കാരപൂര്‍വ്വം പറഞ്ഞു.) തുടര്‍ന്നുള്ള മൂന്നു ശ്ലോകം വരുണന്റെ കൃഷ്ണസ്തുതിയാണ്. ഒപ്പം ക്ഷമായാചനവും. ‘മൂഢനായ എന്റെ ഭൃത്യന്‍ ചെയ്ത അപരാധം പൊറുത്ത് മാപ്പുതരണേ! ഭഗവാനെ, അവിടുത്തെ ഭൃത്യനായ  എന്നെ രക്ഷിക്കണേ!” വരുണന്‍ ഇപ്രകാരം അപേക്ഷിച്ച് വിയനാന്വിതനായി നിന്നു.

വരുണനില്‍ പ്രസീദനായ ശ്രീഭഗവാന്‍ നന്ദഗോപരുമൊത്ത് വ്രജത്തിലെത്തി. നന്ദരാജന്‍ ഉണ്ടായ സംഭവമെല്ലാം വ്രജവാസികളെ അറിയിച്ചു. ശ്രീകൃഷ്ണമഹിമ വിശദമാക്കി. വരുണന്‍ കുമ്പിട്ടുനിന്ന് അഭയം യാചിച്ച വിവരമറിഞ്ഞ് ഗോപന്മാര്‍ അദ്ഭുതസ്തബ്ധരായി. ലോകപാലകന്മാര്‍പോലും ആദരിക്കുന്ന നന്ദകുമാരനെ ഈശ്വരനായിത്തന്നെ അവര്‍ കരുതി. ഏറ്റവും അത്ഭുതാദരങ്ങളാല്‍ വിടര്‍ന്ന കണ്ണുകളോടെ ശ്രീകൃഷ്ണനു ചുറ്റും കൂടി. അവര്‍ അദ്ദേഹത്തോടപേക്ഷിച്ചു.

‘യദി ത്വം ഭഗവാന്‍ സാക്ഷാല്‍
ലോകപോലൈഃ സുപൂജിതഃ
ദര്‍ശയാതു പരം ലോകം
വൈകുണ്ഠം തര്‍ഹി നഃ പ്രഭോ!”
(ലോകപാലന്മാരാലും പൂജിതനായ അങ്ങ് സാക്ഷാല്‍ ഭഗവാന്‍തന്നെയാണ്. അങ്ങ് ഞങ്ങള്‍ക്ക് പരമപദമായ വൈകുണ്ഠലോകം കാണിച്ചുതന്നാലും)
ശ്രീകൃഷ്ണഭഗവാന്‍ സന്തുഷ്ടനായി. അദ്ദേഹം എല്ലാവരേയും കൂട്ടി വൈകുണ്ഠത്തിലേക്കു പോയി. സ്വധാമം കാണിച്ചുകൊടുത്തു.

‘ദര്‍ശയാമാസ രൂപം സ്വം
ജ്യോതിര്‍മണ്ഡലമധ്യഗം’
(ജ്യോതിര്‍മ്മണ്ഡലമധ്യസ്ഥമായ സ്വകീയരൂപത്തേയും അവര്‍ക്കു കാട്ടിക്കൊടുത്തു.) ശ്രീകൃഷ്ണന്റെ ദിവ്യരൂപം ഗോപന്മാരെ അദ്ഭുതപരതന്ത്രരാക്കി. അനേകായിരം കൈകളും കാലുകളുമുള്ള ശംഖചക്രഗദാപദ്മധാരിയായ വനമാലിയെ ഗോപന്മാര്‍, നിര്‍ന്നിമേഷം നോക്കിനിന്നു. ശേഷശായിയായ ഭഗവദ്‌രൂപം കോടിസൂര്യസമപ്രഭമായി കാണപ്പെട്ടു. ആലവട്ടവും വെഞ്ചാമരവും പൂണ്ട ശ്രീവിഗ്രഹം ദര്‍ശനസൗഭാഗ്യം നല്‍കി. ബ്രഹ്മാവു മുതലായ ശ്രേഷ്ഠന്മാരാല്‍ പരിസേവിതനായ ശ്രീകൃഷ്ണപരമാത്മാവ് ആരുടേയും ആദരത്തിന് പാത്രമായി.

ഭഗവദ്ദര്‍ശനത്താല്‍ സ്തബ്ധവൃത്തികളായ ഗോപന്മാരെ വിഷ്ണു പര്‍ഷദന്മാര്‍ ഒതുക്കിനിറുത്തി ശ്രീഹരിയെ നമസ്‌കരിച്ചു. ഗോപന്മാര്‍ പരിശ്രമിച്ചു നിന്നുപോയി. അവരോട് ഈശ്വരപാര്‍ഷദന്മാര്‍ പറഞ്ഞു. ‘ഹേ ഗോപന്മാരെ! നിങ്ങള്‍ മൗനം പാലിക്കു. ഇത് ഹരിയുടെ സഭയാണ്. ഇവിടെ ഭാഷണം നിഷിദ്ധമാണ്. ഭഗവാന്റെ സമക്ഷത്തില്‍ വേദങ്ങള്‍മാത്രമേ ഉച്ചരിക്കാന്‍ പാടുള്ളൂ.”

ഗോപന്മാര്‍ മൗനം ഭജിച്ചു. ഈ അസാധാരണത്വത്തില്‍ അവര്‍ക്ക് അദ്ഭുതം തോന്നി. അവര്‍ മനസ്സില്‍ പറഞ്ഞു. ‘ഇതാ, കൃഷ്ണന്‍ ഉന്നതാസനത്തിലിരിക്കുന്നു. നമ്മള്‍ ദൂരെ നില്‍ക്കുന്നു. കൃഷ്ണനാകട്ടെ, നമ്മോട് മിണ്ടുന്നുമില്ല. സഹോദരനോടുപോലും സംസാരിക്കുന്നില്ല.’

‘തസ്മാദ് വ്രജാത്‌വരോ നാസ്തി
കോപി ലോകോ ന സൗഖ്യദഃ’
(അതുകൊണ്ട്, വ്രജത്തിനേക്കാള്‍ സൗഖ്യദായിയായൊരിടം മറ്റെങ്ങുമില്ല). ഗോപന്മാരിങ്ങനെ സംസാരിച്ചുനില്‍ക്കുമ്പോള്‍, ഭഗവാന്‍ അവരെയെല്ലാം കൂട്ടിക്കൊണ്ട് വ്രജത്തിലേക്കുപോയി.

പ്രകാശമയമായ ആശയസംഫുല്ലതയാല്‍ ശ്രേഷ്ഠമാണ് ഈ കഥാഭാഗം ! ഏകാദശി നോറ്റശേഷം വ്രതപൂരണത്തിനായി ദ്വാദശി സ്‌നാനത്തിനായിട്ടാണല്ലോ നന്ദരാജന്‍ യമുനാനദിയിലേക്കറിങ്ങിയത്.  അതു മുതല്‍ ആന്തരതത്ത്വമന്വേഷിക്കാന്‍ യോജ്യമാണ്. എന്താണ് ഏകാദശിവ്രതം? വിഷ്ണുപ്രീതിക്കായുള്ള വ്രതം എന്ന സാമാന്യാര്‍ത്ഥം സുവിദിതം! അതല്ല ഇവിടെ പറയാനുദ്ദേശിക്കുന്നത്. ഏകദശമെന്നാല്‍ പതിനൊന്ന് എന്നാണല്ലോ? ഇന്ദ്രിയങ്ങള്‍ പത്തും മനസ്സും ചേര്‍ന്നത്. ഭക്തന്‍, ഈ പതിനൊന്നും ഈശ്വരങ്കലര്‍പ്പിച്ച് സത്യാന്വേഷണം നടത്തുന്നു. തുടര്‍ന്ന് വിവേകമാകുന്ന യമുനയില്‍ സ്‌നാനം ചെയ്യുന്നു. വസ്തുവിവേകമുണ്ടായാല്‍ ഈശ്വരദര്‍ശനമാണ് ഫലം! നന്ദനെ വരുണഭൃത്യന്‍ വരുണാലയത്തിലെത്തിച്ചു. ശ്രീഭഗവാനെ തിരിച്ചറിയാനുള്ള അവസരമൊരുങ്ങുന്നതാണിത്.

വരുണനും ഭൃത്യനും കാലമാണ്. കാലവും വണങ്ങുന്ന വസ്തു വാണീശ്വരന്‍. ആ തിരിച്ചറിവ് നന്ദനം (ഭക്തനെ) അദ്ഭുതാധീനനാക്കുന്നു. ദിക്പാലന്മാരും  നമിക്കുന്ന മഹത്വമാണ് കൃഷ്ണനിലുള്ളതെന്നറിഞ്ഞ് അഭിമാനവും ആനന്ദവുംകൊണ്ട് നിറഞ്ഞ മനസ്സായി ഭക്തന്, അദ്ദേഹം ഭഗവാന്റെ അതിശയനീയമഹിമ വെളിപ്പെടുത്താനാകാതെ വിഷമിച്ചുപോയി. ഉള്ളിലൊതുക്കാനാകാതെ നന്ദന്‍ അത് വ്രജവാസികളോലെല്ലാമറിയിച്ചു. ആരബ്ധമായ ഭക്തി ക്രമം ക്രമമായി വളര്‍ന്ന് സര്‍വ്വേന്ദ്രിയങ്ങളും ഭഗവദര്‍പ്പിതമായിത്തീരുന്നതാണിത്. നന്ദന്‍ ഗോപന്മാരെ കൃഷ്ണമഹിമ അറിയിച്ചു. ഗോപിന്മാരെ ഭക്തന്മാരെന്നോ ഭക്തന്മാരുടെ ഇന്ദ്രിയങ്ങളെന്നോ കണക്കാക്കാം. നന്ദന്‍ വിവരിച്ച കൃഷ്ണ മഹിമയില്‍ അവരും അദ്ഭുതാധീനരായി. ഭക്തന്റെ ഐശ്വരമായ തിരിച്ചറിവ് സര്‍വ്വേന്ദ്രിയങ്ങളേയും വ്യാപിച്ചു എന്നുസാരം.

പിന്നെ, ഭക്തന് ഒരേ ഒരാഗ്രഹമേ ഉണ്ടാകു. തന്റെ ആരാധനാമൂര്‍ത്തിയെ സാക്ഷാത്കരിക്കണമെന്ന ആഗ്രഹം! സമഗ്രിശോഭയോടെ കാണാനുള്ള താത്പര്യം! വിഭൂതികളെല്ലാം വിസ്തരിച്ചുകേട്ടപ്പോള്‍ അര്‍ജുനനുണ്ടായ ആകാംക്ഷയും ഇതിനു സദൃശമാണ്. ഭഗവദ്ഗീതാസന്ദര്‍ഭമാണുദ്ദിഷ്ടം! കീതയിലെ പത്താമധ്യായത്തില്‍ ഭഗവാന്‍, തന്റെ വിഭൂതികളെയാണ്, വിസ്തരമായി, അര്‍ജ്ജുനനെ കേള്‍പ്പിച്ചത്. സര്‍വ്വഭൂതാന്തരസ്ഥിതനും സര്‍വ്വഭൂതസ്വരൂപനുമാണ് താനെന്ന് ഭക്തനായ അര്‍ജ്ജുനനെ അറിയിച്ചു. ആ പ്രപഞ്ചസ്വരൂപം കാണണമെന്ന് അര്‍ജ്ജുനന്‍ ആഗ്രഹിച്ചു. ‘ദ്രഷ്ടുമിച്ഛാമി തേ രൂപം ഐശ്വരം പുരുഷോത്തമ!’ (ഹേ, പുരുഷശ്രേഷ്ഠാ! അങ്ങയുടെ ഐശ്വരമായ രൂപം കാണാന്‍ എനിക്കാഗ്രഹമുണ്ട്) എന്ന് ഭഗവാനോടഭ്യര്‍ത്ഥിച്ചു. ഭക്തന്റെ ഇംഗിതം സാധിതമാക്കേണ്ടത് ഭഗവാന്റെയും കടമയാണ്. അദ്ദേഹം വാത്സല്യപൂര്‍വ്വം പറഞ്ഞു.

‘പശ്യമേ പാര്‍ത്ഥ, രൂപാണി
ശതശോfഥ സഹസ്രശഃ’
(ഹേ, അര്‍ജ്ജുന! നുറുനൂറുതരത്തിലുള്ള എന്റെ രൂപങ്ങള്‍ കണ്ടാലും) എന്നു പറഞ്ഞ്  കൃഷ്ണന്‍ തന്റെ ദിവ്യവും അത്ഭുതകരവുമായ രൂപം കാട്ടിക്കൊടുത്തു!

ഭക്തന്മാര്‍ എന്നും എവിടേയും ഒരു പോലെയാണ്. ഭഗവദ്രൂപദര്‍ശനത്തേക്കാള്‍ ശ്രേഷ്ഠമായ മറ്റൊന്നുമില്ല. നന്ദരാജനും കൂട്ടരും ഭഗവാനോടഭ്യര്‍ഥിച്ചു. വൈകുണ്ഠവും വൈകുണ്ഠനാദരൂപവും തങ്ങള്‍ക്കു കാണണമെന്ന്, ഭക്തര്‍ ഈശ്വരദര്‍ശന തത്പരരാണെന്നു സാരം. അതിനായി മനസ്സും ബുദ്ധിയും ഇന്ദ്രിയഗ്രാമവും ഈശ്വരചിന്തയിലുറപ്പിച്ചു. യഥാര്‍ത്ഥത്തില്‍ മുനിയായി. മറ്റെല്ലാറ്റിനോടും മൗനം പ്രാപിച്ച് ഐശ്വരതേജസ്സില്‍ – രൂപത്തില്‍ – മനസ്സിലുറപ്പിച്ചു. പിന്നെ ഭക്തന്‍ ചെന്നെത്തുന്നത് വൈകുണ്ഠത്തിലാണ്. കുണ്ഠയില്ലാത്തിലത്ത്!.
ശ്രീകൃഷ്ണന്‍ നന്ദഗോപരെയും വ്രജവാസികളെയും വൈകുണ്ഠത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ഭഗവാന്‍, വൈകുണ്ഠനാഥനായ സ്വകീയ രൂപം, അവള്‍ക്ക് കാട്ടിക്കൊടുത്തു. ഈ കഥയുടെ സൂക്ഷ്മാര്‍ത്ഥമാണ് മുന്‍ സൂചിപ്പിച്ചത്. ഭക്തന്‍ കുണ്ഠത (ദുഃഖം) ഇല്ലാത്തിടത്തെത്തിയത്. വൈകുണ്ഠമെന്നാല്‍ കുണ്ഠതയില്ലാത്തിടമെന്നാണ് വിവക്ഷ! ഭക്തി പാരവശ്യത്തില്‍, ഒരാളെത്തിച്ചേരുന്നത് വൈകുണ്ഠത്തിലാണ്. ആനന്ദൈകരസമയമായ മനസ്സായി മാറി എന്നാശയം. ദിവ്യമായ ഈശ്വരരൂപം ഭക്തനെ വിസ്മയഭരിതനാക്കി. അവര്‍ണ്ണനീയവും അദ്ഭുതകരവുമായ ഒരു ദിവ്യാനുഭവമാണപ്പോള്‍ ഭക്തനുണ്ടാകുന്നത്.

നന്ദന്‍ (ഭക്തന്‍) ഭഗവദ്ദര്‍ശനഫലമായി ആനന്ദമൂര്‍ച്ഛയിലാണ്ടു. ദര്‍ശനത്തില്‍ അദ്ഭുതസ്തിമിതരായി എന്നതിലടങ്ങിയ ആശയം. അവര്‍ വിസ്മയഭരിതരായി. ‘സ്മയം’ എന്നാല്‍ അഹങ്കാരം എന്നും അര്‍ത്ഥമുണ്ട്. വിസ്മയമാകട്ടെ, അഹങ്കാര രഹിതാവസ്ഥ! ജിജ്ഞാസു സത്യദര്‍ശനത്തിലൂടെ അഹംവെടിഞ്ഞ് ഹര്‍ഷൈകവികാരനായി ‘പുരാണദിവ്യര്‍ഷിനിപീതവും ദുരാപവുമായ രൂപാമൃതമാസ്വദിച്ച്’ ഇന്ദ്രിയങ്ങള്‍ മൗനമാക്കി.

ഈശ്വരപാര്‍ഷദന്മാര്‍ ഗോപന്മാരോട് മൗനം പാലിക്കാന്‍ നിര്‍ദ്ദേശിച്ചതും അവര്‍, സംസാരിക്കാനേ കഴിയാതെ നിന്നുപോയതും വ്രജവാസികളെ കണ്ടിട്ടും ദിവ്യസ്വരൂപനായ ശ്രീകൃഷ്ണന്‍ സംസാരിക്കാത്തതും മേല്‍ക്കാണിച്ച അര്‍ത്ഥത്തില്‍ വേണം മനസ്സിലാക്കാന്‍  ‘യതോ വാചോ നിവര്‍ത്തന്തോ അപ്രാപ്യ മനസാ സഹ’ എന്ന ഉപനിഷദ് വാക്യം നിറഞ്ഞുനില്‍ക്കുന്നു ഭക്തി നിറഞ്ഞ് മറ്റെല്ലാം വിസ്തൃതമാകുന്നു. അനന്വയ ഭാവസമൃദ്ധിയില്‍ മനോബുദ്ധീന്ദ്രിയാദികള്‍ ഒന്നായി നിഷ്പന്ദമാകുന്നു.

പരിസരബോധം തിരിച്ചുകിട്ടുന്ന ഭക്തന്‍ കയറിയ പടികളിറങ്ങുകയാണ്. അദൈ്വതാനുഭൂതി കുറയുമ്പോള്‍ താനും ഭഗവാനുമെന്ന ദൈ്വതബോധം വരും. അതോലെ മൗനമായ ചുറ്റുപാട് അസഹ്യമാകും ഭഗവാന്‍ തങ്ങളോടു സംസാരിച്ചില്ലെന്നും വ്രജത്തിലെ സുഖം മറ്റെങ്ങും ലഭിക്കില്ലെന്നും ഗോപന്മാര്‍ക്കു തോന്നിയത് അതുകൊണ്ടാണ്. അസ്വസ്ഥമാനസരായ ഗോപന്മാരെ ഭഗവാന്‍ വേഗം വൃന്ദാവനത്തിലെത്തിച്ചു എന്നാണല്ലോ കഥാവസാനത്തില്‍ പറഞ്ഞിരിക്കുന്നത്. ശ്രീകൃഷ്ണപാദത്തിലുറച്ച ഭക്തിയാല്‍ എല്ലാം മറന്ന് വിസമയഭരിതനായ ഭക്തന്‍, അമൃതാത്മക ദര്‍ശനത്താല്‍ ആനന്ദഭരിതനാവുകയും  നിഷ്പന്ദമായ പ്രാണനടക്കിവച്ച് ഭഗവദ്ഭക്തിയില്‍ മുഴുകുകയും ചെയ്തു. ആ ഭാവത്തിന്‍ പരകോടിയില്‍ നിന്ന് ഭകതന്‍ ദൈ്വതചിന്തയാല്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് ഇറങ്ങിവന്നു എന്ന് സൂചന.
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013,

മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: [email protected]

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies