തിരുവനന്തപുരം: കര്‍ക്കിടക വാവ് ദിനമായ ഇന്ന് പിതൃതര്‍പ്പണ പുണ്യം തേടി സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലെ ബലിതര്‍പ്പണകേന്ദ്രങ്ങളിലേക്ക് ഭക്തജനത്തിരക്ക്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചു കൊണ്ട് രാവിലെ മൂന്നുമുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. തിരുവല്ലം പരശുരാമക്ഷേത്രത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ബലിതര്‍പ്പണത്തിനായി ഒരുക്കിയിട്ടുള്ളത്. ശംഖുമുഖം കടപ്പുറം ഇന്നലെ പ്രക്ഷുബ്ധമായിരുന്നെങ്കിലും ഇന്നു രാവിലെ കാലാവസ്ഥ അനുകൂലമായിരുന്നു. ഇതിനകം ആയിരക്കണക്കിന് ഭക്തര്‍ ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുത്തു. വര്‍ക്കല പാപനാശം കടല്‍ത്തീരത്തും ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു.
പെരിയാറിലെ വെള്ളപ്പൊക്കം മൂലം കര്‍ക്കട വാവിനോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ ക്ഷേത്രത്തിന് സമീപത്തെ റോഡിലാണ് നടക്കുന്നത്. ബലിതര്‍പ്പണം ദേശീയപാത മുതല്‍ ക്ഷേത്രം വരെയുള്ള റോഡിലേയ്ക്കാണ് മാറ്റിയത്. ഇതിനായി റോഡിന്റെ ഇരുവശത്തുമായി താത്കാലിക ബലിത്തറകള്‍ തീര്‍ത്തു. ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും നിരോധിച്ചിട്ടുണ്ട്. വിവിധ ഹൈന്ദവ സംഘടനകളും സന്നദ്ധപ്രവര്‍ത്തകരും ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്കുള്ള സഹായം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോട്ടയം ജില്ലയില്‍ വെന്നിമലയിലും, മലപ്പുറത്ത് തിരുനാവായയിലും, വയനാട് ജില്ലയില്‍ തിരുനെല്ലിയിലും ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.
Discussion about this post