20. കൊല്ലുന്ന ചിരി (ഭാഗം -1)
ഡോ.അദിതി
വിധിപ്രകാരം കല്യാണം കഴിഞ്ഞിട്ടില്ലാത്തതിനാല്‍ കുന്തീദേവി അവള്‍ക്കു പിറന്ന മൂത്തപുത്രനായ കര്‍ണ്ണനെ രഹസ്യമായി ഉപേക്ഷിച്ചു. പരിത്യജിക്കപ്പെട്ട കുട്ടി ഒരു സൂതന്റെ കൈയ്യില്‍ ചെന്നുപെട്ടു. അയാള്‍ സ്വന്തം മകനായി കുട്ടിയെ വളര്‍ത്തി. അതിനാല്‍ കര്‍ണ്ണനെ സൂതജാതിയില്‍പ്പെട്ടതായി കണക്കാക്കിവന്നു.
അന്നു നിലവിലിരുന്ന സാമുദായിക നീതി അനുസരിച്ച് സൂതജാതിയില്‍പ്പെട്ട ഒരുവനെ ദ്രോണാചാര്യനെപ്പോലെയുള്ള ഒരാചാര്യന്‍ ശിഷ്യനായി സ്വീകരിച്ചിരുന്നില്ല. ആയുധവിദ്യ കരസ്ഥമാക്കാനുള്ള കര്‍ണ്ണനിലെ അമിതിമായ ആവേശം അയാളെ പരശുരാമന്റെ അടുത്തേക്കെത്തിച്ചു. താനൊരു ബ്രാഹ്മണബാലനാണെന്ന് പരശുരാമനെ തെറ്റിദ്ധരിപ്പിച്ചാണ് ബ്രഹ്മാസ്ത്രമടക്കമുള്ള ദിവ്യാസ്ത്രപ്രയോഗം കര്‍ണ്ണന്‍ പരശുരാമനില്‍ നിന്ന് അഭ്യസിച്ചത്.
വിനയാന്വിതനും സേവാതല്പരനും ബുദ്ധിമാനും അനുപമ ശരീരശേഷിയുമുള്ള കര്‍ണ്ണനോട് പരശുരാമന് അതിരറ്റ വാത്സല്യമുണ്ടായിരുന്നു. ഒരിക്കല്‍ പരശുരാമന്‍ കര്‍ണ്ണന്റെ അങ്കത്തട്ടില്‍ തലവച്ച് ഉറങ്ങുകയായിരുന്നു. കടുത്ത നിരാഹാരവ്രതം അനുഷ്ഠിക്കുകയാല്‍ അദ്ദേഹം പ്രക്ഷീണനായിരുന്നു.
ഗുരുനാഥന്‍ അപ്രകാരം ഉറങ്ങുമ്പോള്‍ ഒരു പുഴു ഇഴഞ്ഞുവന്ന് കര്‍ണ്ണന്റെ തുട തുരന്നിറങ്ങാന്‍ തുടങ്ങി. ചോരയ്ക്കുവേണ്ടി കൊതിപൂണ്ട പുഴു കര്‍ണ്ണന്റെ തുടയില്‍ ആഴത്തില്‍ തുരന്നിറങ്ങിയപ്പോള്‍ കര്‍ണ്ണനുണ്ടായ അസഹ്യമായ വേദന ഊഹിക്കാവുന്നതേയുള്ളൂ. വേദന സഹിക്കാതെയായ കര്‍ണ്ണന് കൈകൊണ്ട് തുടയില്‍ തുരക്കുന്ന പുഴുവിനെ തട്ടിമാറ്റണമെന്നുണ്ടായിരുന്നു. തന്റെ മടിയില്‍ ഉറങ്ങിക്കിടക്കുന്ന ആചാര്യനത് നിദ്രാഭംഗം വരുത്തുമെന്ന് ഭയന്ന് കര്‍ണ്ണനതുചെയ്തില്ല. തുടയിലെ പച്ചമാംസത്തിലൂടെ പുഴു തുരന്നു കയറിയതിലുള്ള വേദന കടിച്ചമര്‍ത്തിക്കൊണ്ട് ഗുരുവിന്റെ നിദ്രാഭംഗം ഗുരുഭക്തനായ കര്‍ണ്ണന്‍ ഒഴിവാക്കി. തുളയ്ക്കപ്പെട്ട തുടയില്‍ നിന്നും രക്തം കുതിച്ചുചാടി. പരശുരാമന്‍ കിടന്ന സ്ഥലം മുഴുവന്‍ രക്തം കൊണ്ടു നനഞ്ഞു. രക്തസ്പര്‍ശമേറ്റ പരശുരാമന്‍ ഞെട്ടി ഉണര്‍ന്നു. വിറച്ചുതൊഴുകൈയ്യോടെ തന്റെ മുന്നില്‍ നില്‍ക്കുന്ന പ്രിയ ശിഷ്യനോട് പരശുരാമന്‍ ചോദിച്ചു – ‘രക്തസ്പര്‍ശം കൊണ്ട് എനിക്കശുദ്ധിവന്നിരിക്കുന്നു. നീ ഇവിടെ എന്തുചെയ്യുകയായിരുന്നു. ഭയക്കാതെ ഈ സംഭവത്തിന്‍റെ പിന്നിലെ സത്യം നീ എന്നോടു തുറന്നു പറയുക.’ ഗത്യന്തരമില്ലാതെ കര്‍ണ്ണന്‍ സംഭവത്തിലെ നിജസ്ഥിതി പരശുരാമനെ ബോധ്യപ്പെടുത്തി.
പൈശാചിക രൂപം പൂണ്ടു നില്‍ക്കുന്ന ആ പുഴുവിനെ പരശുരാമന്‍ കണ്ടു. ആ ഭീകരനായ പുഴു അലാര്‍ക്കന്‍ എന്ന ഒരു രാക്ഷസനായിരുന്നു.
പരശുരാമന്റെ ദൃഷ്ടി രാക്ഷസനില്‍ പതിച്ചപ്പോള്‍ കുടിച്ച രക്തം അവന്‍ ഛര്‍ദ്ദിച്ചു. പരശുരാമനെ വേണ്ടും വിധം നമസ്‌ക്കരിച്ചു കൊണ്ടും തനിക്ക് ശാപമോക്ഷം കിട്ടിയതില്‍ സന്തോഷിച്ചുകൊണ്ടും അയാള്‍ തന്റെ പൂര്‍വ്വ വൃത്താന്തം പരശുരാമനെ പറഞ്ഞു ബോധ്യപ്പെടുത്തി. ആ രാക്ഷസന്‍ പറഞ്ഞു – ‘ ഞാന്‍ ദംശന്‍ എന്നു പേരുള്ള ഒരു അസുരനായിരുന്നു. കൃതയുഗത്തില്‍ ഞാന്‍ ഭൃഗുമഹര്‍ഷിയുടെ സമകാലീനനായിരുന്നു. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി. ഭൃഗു എന്നെ ശപിച്ചു. തന്മൂലം ഞാന്‍ പുഴുവായി മാറി. അങ്ങയുടെ പൂര്‍വ്വികന്‍ എന്നോട് കല്പിച്ചു — രക്തവും ചലവും ഭക്ഷിച്ച് നീ നരകതുല്യമായ ജീവിതം നയിക്കുക. മാപ്പിരന്ന എന്നോട് അദ്ദേഹം പറഞ്ഞു – ഒരു കാലത്ത് ഭാര്‍ഗ്ഗവരാമന്‍ നിന്നെ ശാപത്തില്‍ നിന്നും മോചിപ്പിക്കും. ഇത്രയും പറഞ്ഞ് മുനിയെ വണങ്ങിയിട്ട് അലാര്‍ക്കന്‍ അപ്രത്യക്ഷനായി.
ആചാര്യന്‍ കര്‍ണ്ണനു നേരെ തിരിഞ്ഞു ചോദിച്ചു – ‘ഒരു പുഴു തുടയില്‍ തുരന്നിറങ്ങുന്ന വേളയിലുള്ള വേദന സഹിച്ചുകൊണ്ടിരിക്കാന്‍ ഒരു ബ്രാഹ്മണനു സാധ്യമല്ല. അതുകൊണ്ട് നീ ഒരു ക്ഷത്രിയനായിരിക്കണം. സത്യം പറഞ്ഞോ നീ ആരാണ്?’ ഭയം പേറി വിറപൂണ്ട കര്‍ണ്ണന്‍ തൊഴുകൈയ്യോടെ പറഞ്ഞു – ‘ഞാന്‍ ക്ഷത്രിയനുമല്ല, ബ്രാഹ്മണനുമല്ല, സൂതജാതിയില്‍ പിറന്നവന്‍. ഞാന്‍ രാധയുടെ മകനായ രാധേയനാണ്.
ആയുധവിദ്യ പഠിക്കാനുള്ള അമിതമായ ആവേശം നിമിത്തം ഞാന്‍ വേഷം മാറി വന്നതാണ്. എന്നോട് ക്ഷമിക്കണം. എനിക്കു മാപ്പുതരണം. ‘പേടിച്ചുവിറച്ചുനിന്ന് മാപ്പിരക്കുന്ന കര്‍ണ്ണനെ നോക്കി ഭാര്‍ഗ്ഗവരാമനൊന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു – ‘ബ്രാഹ്മണനാണെന്ന് തെറ്റിദ്ധരിപ്പിച്ച് എന്നെ വഞ്ചിച്ചു. നീ നൃശംസനാണ്. ആവശ്യം വരുമ്പോള്‍ ബ്രഹ്മാസ്ത്ര വിദ്യ നീ മറന്നുപോകും. ആ വിദ്യ നിനക്കു ഫലിക്കാതെ പോകും. അബ്രാഹ്മണനില്‍ ബ്രഹ്മാസ്ത്രവിദ്യ നിലനില്‍ക്കുകയില്ല. എന്നോട് കാണിച്ച ഈ അപമര്യാദ കാരണം നിനക്കിനിയിവിടെ സ്ഥാനമില്ല.’ കര്‍ണ്ണനോട് ആചാര്യനുണ്ടായ കോപവും, ശാപവും അയാളെ പറഞ്ഞുവിട്ടതും യുദ്ധത്തില്‍ കര്‍ണ്ണന്റെ പരാജയം ഉറപ്പിക്കുന്നതായിരുന്നു. അപ്രതിരോധ്യങ്ങളായ ആയുധങ്ങള്‍ യുദ്ധഭൂമിയില്‍ നിന്ന് പ്രയോഗിക്കാന്‍ തുടങ്ങുമ്പോള്‍ അതുമറന്നുപോവുമെങ്കില്‍ മരണം സുനിശ്ചിതം.
ബ്രഹ്മാസ്ത്രത്തിന്റെ അറിവ് ബ്രാഹ്മണനല്ലാത്തവനില്‍ നിലനില്ക്കുകയില്ല എങ്കില്‍ കര്‍ണ്ണന്‍ ബ്രാഹ്മണനല്ലാത്തതുകൊണ്ട് സ്വാഭാവികമായും അതു കര്‍ണ്ണനില്‍ ഉണ്ടാവുകയില്ല. ആ നിലയില്‍ നോക്കുമ്പോള്‍ അബ്രാഹ്മണനായ കര്‍ണ്ണനില്‍ ബ്രഹ്മാസ്ത്രംകൊണ്ടുള്ള ശാപം നിലനില്ക്കുകയില്ല എന്നതിന് എന്തു പ്രസക്തി? പരശുരാമന്റെ ബ്രഹ്മാസ്ത്രശക്തി കര്‍ണ്ണനില്‍ നിലനില്ക്കുകയില്ല എന്ന നിഷേധം ആ ശക്തി നിഷേധിച്ചില്ലെങ്കില്‍ കര്‍ണ്ണനില്‍ അതുവിളങ്ങുമെന്ന് വ്യക്തമാകുന്നു. ക്ഷത്രിയന്മാരോടുള്ള പരശുരാമന്റെ പക എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് ബ്രഹ്മാസ്ത്രം പോലെയുള്ള ഒരായുധം ഒരു ക്ഷത്രിയനില്‍ എത്തുന്നത് പരശുരാമന് സഹിക്കാന്‍ പറ്റുകയില്ല. അങ്ങനെയിരിക്കുമ്പോള്‍ തന്നില്‍ നിന്നുതന്നെ ഒരു ക്ഷത്രിയനു ബ്രഹ്മാസ്ത്രം കിട്ടുന്നത് പരശുരാമന്‍ എങ്ങനെ സഹിക്കും. പരശുരാമന്റെ ലോകപരിചയം തന്നെ കര്‍ണ്ണനൊരു ക്ഷത്രിയനാണെന്ന കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ദാക്ഷിണ്യത്തിനുവേണ്ടി രണ്ട് കൈയ്യും നീട്ടി നിന്ന കര്‍ണ്ണനെനോക്കി പരശുരാമന്‍ പുഞ്ചിരിച്ചു.
ഇത്തരം സന്ദര്‍ഭത്തില്‍ എന്തിനാണൊരുവന്‍ പുഞ്ചിരിക്കുന്നത്? ഒരുവനോട് ദേഷ്യവും വെറുപ്പും തോന്നിയിരിക്കുന്ന ഒരാളില്‍ മറ്റൊരുത്തന്റെ കഥനങ്ങള്‍ക്കൊന്നും സ്ഥാനമില്ല. കോപാക്രാന്ദനായി നില്ക്കുന്ന ഇത്തരം ആളുകളില്‍ ദാക്ഷിണ്യത്തിന്റെ അഭ്യര്‍ത്ഥന എരിയുന്ന തീയില്‍ എണ്ണയൊഴിക്കുന്നതേ ആകയുളളൂ. ക്ഷത്രിയന്മാരെ ഇരുപത്തിയൊന്നു തവണ വംശവിച്ഛേദം നടത്തിയതിനുശേഷം പരശുരാമനൊന്നു തണുത്തു എങ്കിലും അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ ഒരു ഭാഗത്തു ക്ഷത്രിയവിരോധത്തിന്റെ അണയാത്ത ഒരു തീപ്പൊരു എന്നുമുണ്ടായിരുന്നു. താന്‍ സൂതപുത്രനാണെന്നാണ് കര്‍ണ്ണന്റെ വെളിപ്പെടുത്തല്‍. കര്‍ണ്ണനെ സംബന്ധിച്ചിടത്തോളം അതൊരു പരമസത്യമാണ്. സത്യം എന്നു വിശ്വസിക്കുന്നതും സത്യവും തമ്മില്‍ പലപ്പോഴും ബന്ധമില്ല. അതുകൊണ്ടുതന്നെ കര്‍ണ്ണന്റെ സത്യമായ വെളിപ്പെടുത്തല്‍ പരശുരാമനെ സംബന്ധിച്ചിടത്തോളം പച്ചക്കള്ളമായി. കര്‍ണ്ണന് താന്‍ ക്ഷത്രിയനാണെന്ന കാര്യം അറിഞ്ഞുകൂടാത്തത് പരശുരാമന് അറിഞ്ഞുകൂടല്ലോ.
അതുകൊണ്ട് താന്‍ സൂതനാണെന്നുള്ള അത്യന്തം സത്യസന്ധമായ ആ വെളിപ്പെടുത്തല്‍ കര്‍ണ്ണന്റെ അവസരം നോക്കി രക്ഷപ്പെടാനുള്ള ഒരു കൗശലമായി പരശുരാമന് തോന്നിക്കാണും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കുറ്റാരോപണത്തിന് വിധേയനായവന്റെ സങ്കടമോ പരിദേവനമോ താന്‍ വഞ്ചിക്കപ്പെട്ടു എന്നു കരുതുന്ന ആളില്‍ കൂടുതല്‍ കോപവും വെറുപ്പും തോന്നാനേ ഉപകരിക്കൂ.
രക്ഷപ്പെടാനുള്ള ഇവന്റെ പദ്ധതി എന്ന് ആത്മഗതം ചെയ്തശേഷം രക്ഷയില്ലാത്ത നിലയില്‍ തളക്കപ്പെട്ടിരിക്കുന്ന അവന്റെ രക്ഷാമാര്‍ഗ്ഗം തിരയുന്ന പ്രവൃത്തിയില്‍ പുച്ഛമുള്‍ക്കൊള്ളും. ആ പുച്ഛത്തില്‍ അറപ്പുണ്ട്, കോപമുണ്ട്, അടങ്ങാത്ത പകയുണ്ട്, പരിഹാസമുണ്ട്, കുറ്റവാളിയെ തിരിച്ചറിഞ്ഞതിലുള്ള സാമര്‍ത്ഥ്യഗര്‍വ്വുമുണ്ട്, എന്തു ശിക്ഷയും ഇവനുകൊടുക്കുവാന്‍ താന്‍ ശക്തനാണ് എന്ന അഹംഭാവമുണ്ട്.
നിഷ്ഠുരമായ ശിക്ഷ അനുഭവിക്കുവാന്‍ വിധിക്കപ്പെട്ടു എന്ന തീര്‍പ്പുകല്പ്പിക്കല്‍ ആ പുഞ്ചിരിയിലുണ്ട്. ഇപ്രകാരം ശക്തനായ ഒരുവനില്‍ നിന്നു ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങാന്‍ പോകുന്ന ഒരുവന്റെ നിഷ്ഫലമായ യാചനയേയും ആ പുഞ്ചിരി വ്യക്തമാക്കുന്നു.
ഉടനെയല്ലെങ്കിലും ഭാവിയില്‍ കര്‍ണ്ണന് വിധിച്ച മരണശിക്ഷതന്നെയായിരുന്നു പരശുരാമന്റെ ശാപം.
ഒരുപക്ഷേ ബ്രഹ്മാസ്ത്ര വിദ്യ കൈയ്യിലുണ്ടായിരുന്നെങ്കില്‍ കുരുക്ഷേത്രയുദ്ധത്തില്‍ കര്‍ണ്ണന്‍ മരിച്ചുവീഴുമായിരുന്നില്ല. ഇത്തരത്തിലുള്ള അത്യന്തം ക്രൂരമായ ഒരു ശാപശിക്ഷ ഏറ്റുവാങ്ങത്തക്കവണ്ണം എന്തെങ്കിലും ഒരപരാധം കര്‍ണ്ണന്‍ പരശുരാമനോട് കാട്ടിയോ?
പഠിക്കുവാനുള്ള ആഗ്രഹം തെറ്റാണോ? അറിയാനുള്ള ആഗ്രഹം തെറ്റല്ലെങ്കില്‍ പിന്നെ എന്ത് തെറ്റാണ് കര്‍ണ്ണന്‍ ചെയ്തത്? സൂതനാണെന്നു പറഞ്ഞ് അറിവിന്റെ കവാടം കൊട്ടിയടച്ചപ്പോള്‍ ഗത്യന്തരമില്ലാത്തതുകൊണ്ടല്ലേ കര്‍ണ്ണന്‍ ബ്രാഹ്മണ വേഷധാരിയായി പരശുരാമന്റെ അടുത്തേക്കു പോയത്? ആയുധ വിദ്യ അഭ്യസിക്കുന്നതിനുള്ള കര്‍ണ്ണന്റെ യോഗ്യതയെ ആര്‍ക്കെങ്കിലും ചോദ്യം ചെയ്യാന്‍ പറ്റുമോ? വിനയാന്വിതനും സമര്‍ത്ഥനുമായതുകൊണ്ടല്ലേ പരശുരാമന്‍ കര്‍ണ്ണനു ബ്രഹ്മാസ്ത്രം ഉപദേശിച്ചുകൊടുത്തത്. ഗുരുവിനോടുളള കര്‍ണ്ണന്റെ ഭക്തിയല്ലേ അയാള്‍ക്കിവിടെ ശിക്ഷ ക്ഷണിച്ചുവരുത്തിയത്. തന്റെ തുടയില്‍ തുരന്നു കയറിയ കീടത്തെ മാറ്റാന്‍ ശ്രമിച്ചാല്‍ ഗുരുവിന് നിദ്രാഭംഗം വരുമെന്നു കരുതിയല്ലേ അയാള്‍ നരകവേദന അനുഭവിച്ചത്, സഹിച്ചത്. എന്നാല്‍ ഈ സഹനശക്തിയിലൂടെ അയാള്‍ക്കുപോലും അറിയാത്ത അയാളുടെ ‘ക്ഷത്രിയകുലത്വം’ പരശുരാമന് മനസ്സിലാക്കാന്‍ വകനല്കി.
ധീരനായ പോരാളി ആകാനുള്ള പരിശ്രമത്തിലാണ് ബ്രാഹ്മണവേഷധാരിയായ അയാള്‍ പരശുരാമനെ സമീപച്ചത്. ഇതിലൊരു കള്ളമുണ്ടെന്നുള്ളതു ശരിതന്നെ. എന്നാല്‍ കര്‍ണ്ണന്റെ തുട പുഴുതുരന്ന ആ സംഭവം കര്‍ണ്ണനെ സര്‍വ്വശ്രേഷ്ഠനായ ഗുരുഭക്തനാക്കിയില്ലേ? തനിയ്‌ക്കെന്തു സംഭവിച്ചുപോയാലും തന്റെ അംഗതത്തിലുറങ്ങുന്ന ഗുരുദേവന് നിദ്രാഭംഗം വരരുതെന്ന് അയാള്‍ വിചാരിച്ചില്ലേ? തന്റെ ശരീരത്തിനുണ്ടാവുന്ന ഏതു ക്ഷതവും അയാള്‍ സഹിച്ചു. എന്തിനു വേണ്ടി? മഹാത്മാവായ തന്റെ ആചാര്യന്റെ സുഖസൗകര്യത്തിനുവേണ്ടി. ലോകത്തുള്ള ഏതൊരാചാര്യനും ഇത്തരം ഒരു ശിഷ്യനെ കിട്ടുവാന്‍ ആഗ്രഹിക്കുകയില്ലേ? തന്റെ ശിഷ്യന്‍ ഇത്തരക്കാരനാണെന്നറിഞ്ഞാല്‍ ഏതു കുറവും സഹിച്ച് അയാളെ വാരിപ്പുണരുകയില്ലേ? എന്നാല്‍ ഇവിടെ സംഭവിച്ചതോ…?
കര്‍ണ്ണന്റെ കഴിവും അതുല്യഗുരുഭക്തിയും ഒരിടത്ത്. വേഷം മാറി വന്നു എന്നുള്ളത് മറ്റൊരു കാര്യം. ഇവിടെ വിവേകപൂര്‍വ്വം കാര്യം പരിശോധിച്ചാല്‍ കര്‍ണ്ണന്റെ വേഷം മാറല്‍ എന്ന കുറ്റം എത്രയോ ലഘുവാണ്. എന്നാല്‍ ഇവിടെ പരശുരാമന്‍ കര്‍ണ്ണന്റെ മഹത്വങ്ങളെ പാടെ വിസ്മരിച്ചുകൊണ്ട് ചെയ്തുപോയ ഒരു ചെറിയകുറ്റത്തില്‍ അയാളെ തളയ്ക്കുകയായിരുന്നു. ഇത് പരശുരാമന്റെ ഔചിത്യബോധത്തിലെ തീരാക്കളങ്കം തന്നെയാണ്. വാദമുഖത്തിനു വേണമെങ്കില്‍ കര്‍ണ്ണനെ ഒരു ചെറിയ പറ്റിപ്പുകാരനെന്നു വിളിച്ചോളൂ. എന്നാല്‍ പരശുരാമനോ നന്ദികേടിന്റെ കൃതഘ്‌നതയുടെ കേദാരമാണെന്നു സമ്മതിക്കേണ്ടിവരും. ന്യായത്തിനുവേണ്ടിയുള്ള പരിദേവനങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫലിക്കാതെ പോകുമ്പോള്‍ നീറുന്ന ഹൃദയം പേറി മൗനിയായിരിക്കാനേ പലപ്പോഴും നമുക്കു സാധിക്കൂ. ഹേ വ്യാസഭഗവാനേ! ഈ സംഭവത്തില്‍ അങ്ങയുടെ മൗനം ഭയാനകം തന്നെ. പാണ്ഡവര്‍ ധര്‍മ്മപക്ഷപാതികളും കൗരവര്‍ അധര്‍മ്മികളും എന്ന സങ്കല്‍പത്തിലാണല്ലോ നാം. ഭാവിയില്‍ നടക്കാന്‍ പോകുന്ന കുരുക്ഷേത്രയുദ്ധത്തില്‍ ധര്‍മ്മം ജയിക്കണം. വിധിയുടെ ക്രൂരതയ്ക്കു വിധേയനായി പ്രഥമപാണ്ഡവന്‍ (കര്‍ണ്ണന്‍) അധര്‍മ്മികളുടെ പക്ഷത്തായിപ്പോയി. കുരുക്ഷേത്ര ധര്‍മ്മയുദ്ധത്തില്‍ പാണ്ഡവര്‍ ജയിക്കുവാന്‍ കര്‍ണ്ണന്റെ വധം അനിവാര്യമായിരുന്നു. ഒരു ‘വ്യക്തിധര്‍മ്മത്തില്‍’ നിന്നുകൊണ്ടു നോക്കുമ്പോള്‍ അതില്‍ അന്യായമുണ്ട് എങ്കിലും സമൂഹധര്‍മ്മം നിലനിന്നുകാണുവാന്‍ വേണ്ടിയുള്ള വ്യഗ്രതയില്‍ വ്യക്തിധര്‍മ്മങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുന്നത് – ആനുപാതികമായി നീതി നടപ്പിലാക്കിയതുതന്നെ. അതുകൊണ്ട് ഈ വിഷയത്തില്‍ ഭഗവാന്‍ വ്യാസനില്‍ കുറ്റം കാണരുത്.
Discussion about this post