തിരുവനന്തപുരം: നിയമനിര്‍മ്മാണ സഭയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര തപാല്‍ വകുപ്പ് പുറത്തിറക്കിയ ശതോത്തര രജത ജൂബിലി സ്മാരകസ്റ്റാമ്പ് കേരള നിയമസഭയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ നടന്ന സ്റ്റാമ്പ് പ്രകാശനച്ചടങ്ങില്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശാന്തി നായരില്‍ നിന്നും സ്റ്റാമ്പ് ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യയിലെ നിയമനിര്‍മ്മാണ സഭകള്‍ക്കാകെ മാതൃകയാകാന്‍ നിയമസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒട്ടനവധി ചര്‍ച്ചകളും ബില്ലുകളുടെ അവതരണവും നടന്ന നിയമസഭയ്ക്ക് ചരിത്രപരമായും വളരെ പ്രാധാന്യമുണ്ട്. രണ്ടുവര്‍ഷം കൂടി കഴിയുമ്പോള്‍ നിയമസഭയില്‍ അരനൂറ്റാണ്ട് തികച്ച മന്ത്രി കെ.എം.മാണിയും ചരിത്രത്തിന്റെ ഭാഗമാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ വിജയമാക്കാന്‍ സ്പീക്കറുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
സാധാരണക്കാരന്റെ ആഗ്രഹങ്ങളും, ആകുലതകളും, പ്രതിസന്ധികളും പ്രതിഫലിക്കുന്നതിന് വേദിയായ നിയമസഭ സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയ്ക്കും, ജനാധിപത്യ സംരക്ഷണത്തിനും ഊന്നല്‍ നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ കാലഘട്ടത്തില്‍ തുടക്കം കുറിച്ച നിയമനിര്‍മ്മാണസഭ ശതോത്തര രജത ജൂബിലിയിലെത്തുമ്പോള്‍ നാം തന്നെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. സ്വയം ചോദ്യങ്ങള്‍ ചോദിച്ച് താക്കീതുകളോടെ വേണം മുന്നോട്ടു പോകേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ സ്വാഗതവും നിയമസഭാ സെക്രട്ടറി പി.ഡി.ശാരംഗധരന്‍ നന്ദിയും പറഞ്ഞു. സംസ്ഥാന മന്ത്രിമാര്‍ നിയമസഭാ സാമാജികര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post