Tuesday, July 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഗര്‍ഗ്ഗഭാഗവതസുധ – വ്യോമാസുരാരിഷ്ടാസുരവധം

by Punnyabhumi Desk
Aug 9, 2013, 05:20 pm IST
in സനാതനം

ചെങ്കല്‍ സുധാകരന്‍

31. വ്യോമാസുരാരിഷ്ടാസുരവധം
ഗര്‍ഗ്ഗഭാഗവതം മാഥുര്യഖണ്ഡാവസാനാധ്യായത്തിലാണ് (24-ാം അദ്ധ്യായം) വ്യോമാസുരാരിഷ്ടാസുരനിധനകഥ വിരചിച്ചിട്ടുള്ളത്. വ്യാസഭാഗവതത്തിലും ഇക്കഥകള്‍ സൂചിതമായിട്ടുണ്ട്. ഭാഗവതം ദശമസ്‌കന്ധം പൂര്‍വാര്‍ദ്ദത്തിലെ 36,37 അദ്ധ്യായങ്ങളില്‍ അരിഷ്ടാസുരകഥയും 37-ാം അദ്ധ്യായത്തില്‍ വ്യോമാസുരകഥയും പറഞ്ഞിരിക്കുന്നു. കഥ ശ്ലോകത്തില്‍കഴിച്ചിരിക്കുകയാണെന്നുമാത്രം. ഇവയുടെ സ്ഥൂലാംസത്തില്‍ സാരമായ മാറ്റമൊന്നുമില്ല.
ശ്രീഗര്‍ഗ്ഗന്റെ കഥയെ പിന്തുടരാം. ഒരിക്കല്‍ ശ്രീകൃഷ്ണഭാഗവാനും കൂട്ടരും ബലരാമനുമൊത്ത് പര്‍വ്വതപ്രാന്തത്തില്‍ കളികളില്‍ മുഴുകിക്കഴിയുകയായിരുന്നു. കള്ളനും ഭടന്മാരുമെന്ന കളിയാണവര്‍ നടത്തിയത്. അപ്പോള്‍-

‘തത്രവ്യോമാസുരോ ദൈത്യോ
ബാലാന്‍ മോഷായിതാന്‍ ബഹൂന്‍
നിത്വാനീത്വഗദ്രിദര്യാം ച
വിനിക്ഷിപ്യപുനഃ പുനഃ’
(വ്യോമാസുരന്‍ കുട്ടികളെ അപഹരിച്ച് ഗിരിഗഹ്വരങ്ങളില്‍ ഒളിപ്പിച്ചു. എന്നിട്ട്,ഗിരിഗഹ്വരം കല്ലുകൊണ്ടടച്ചു).
ശ്രീകൃഷ്ണന്‍ വാസ്തവം മനസ്സിലാക്കു. അദ്ദേഹം ആ അസുരനുമായി ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെട്ടു. അവനെ, ഭഗവാന്‍ നിലത്തുവീഴ്ത്തി. തുടര്‍ന്ന്, മുഷ്ടികള്‍ കൊണ്ടിടിച്ചു.

‘തദാമൃത്യുംഗതോ ദൈത്യ-
സ്തജ്ജ്യോതിര്‍ഗ്ഗതം സ്ഫുരത്
ദശദിക്ഷുഭ്രമദ്രാജന്‍
ശ്രീകൃഷ്‌ണേ ലീനതാം ഗതഃ’
(ഭഗവാന്റെ മര്‍ദ്ദനമേറ്റു തളര്‍ന്ന അസുരന്‍ നിലത്തുവീണുമരിച്ചു. അവനില്‍നിന്നൊരു തേജസ്സുയര്‍ന്ന് ദിക്കുകളെ പ്രകാശമയമാക്കിക്കൊണ്ട് ഭഗവാനില്‍ത്തന്നെ ലയിച്ചു.) അപ്പോള ദേവന്മാര്‍ പുഷ്പവൃഷ്ടി നടത്തി. ദുന്ദുഭീഘോഷവുമുണ്ടാക്കി.

ഈ കഥ, സ്വാഭാവികമായും, ബഹുലാശ്വനെ ജിജ്ഞാസുവാക്കി. ശ്രീകൃഷ്ണമഹിമയില്‍ രാജാവ് ആനന്ദഭരിതനായി. വ്യോമാസുരന്റെ പൂര്‍വ്വജന്മകഥയറിയാന്‍ അദ്ദേഹം താല്പര്യപ്പെട്ടു. വക്താവിനും ശ്രോതാവിനും ഒരുപോലെ ഇഷ്ടമായ ആ കഥ നാരദന്‍ ബഹുലാശ്വരനെ കേള്‍പ്പിച്ചു.

പണ്ട് കാശിയില്‍ ഭീമരഥന്‍ എന്നൊരു രാജാവുണ്ടായിരുന്നു. രാജ്യഭരണം സമര്‍ഥമായി നിര്‍വ്വഹിച്ച ആ രാജാവ്, യഥാക്രമം, പുത്രനെ രാജാവായി വാഴിച്ചശേഷം വാനപ്രസ്ഥനായി. മലയാചലത്തില്‍ തപശ്ചര്യകളുമായി കഴിഞ്ഞു. അക്കാലത്ത് ഋഷിവര്യനായ പുലസ്ത്യന്‍ ശിഷ്യരുമൊത്ത് ഭീമരഥന്റെ ആശ്രമത്തിലെത്തി. സ്വാഭിമാനം വിട്ടുമാറാത്ത രാജര്‍ഷി മുനിയെ വേണ്ടവിധം ആദരിച്ചില്ല. കണ്ടപ്പോള്‍ എഴുന്നേറ്റു നമസ്‌കരിച്ചുപോലുമില്ല. കോപിഷ്ഠനായ പുലസ്ത്യന്‍, ‘നീ ഒരസുരനായിത്തീരട്ടെ’ എന്നു ശപിച്ചു. ഭീമരഥന് തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപമുണ്ടായി. ഭയചകിതനായ രാജര്‍ഷിപുലസ്ത്യനെ പ്രണമിച്ച് ശാപമോക്ഷമിരന്നു. മഹാമുനിമാര്‍ ആശ്രിതവത്സരാണല്ലോ. മഹര്‍ഷി ഭീമരഥനില്‍ ആര്‍ദ്രചിത്തനായി. ‘ദ്വാപരയുഗാന്തരത്തില്‍ വ്രജമണ്ഡലത്തില്‍വച്ച് ശ്രീകൃഷ്ണഭഗവാന്റെ കൈകളാല്‍ നിനക്ക് മോക്ഷം ലഭിക്കും. എന്നു പറഞ്ഞ് ഭീമരഥനെ ആശ്വസിപ്പിച്ചു.

ശാപഗ്രസ്തനായ രാജര്‍ഷി, മയാസുരന്റെ പുത്രനായി പിറന്നു. മോക്ഷേച്ഛുവായ ആ അസുരന്‍ (വ്യോമന്‍) വിപരീതഭക്തിപ്രകാരം കൃഷ്ണസാമീപ്യം കാത്തുകാത്ത് മോചനവും നേടി, കൃഷ്മകൃപയാല്‍?
സമാനമായ മറ്റൊരു കഥയാണ് അരിഷ്ടാസുരനെ സംബന്ധിച്ചു മുള്ളത്.

krishna-garga‘ഏകദാ ഗോപവേഷേഷു
ദൈത്യോfരിഷ്‌ടോ മഹാബലഃ
ആഗതോ നാദയന്‍ ഖം ഗാന്‍
തടാന്‍ ശ്യംഗൈര്‍ വിദാരയന്‍’
(ഒരിക്കല്‍ മഹാബലവാനായ അരിഷ്ടാസുരന്‍ മദിച്ച കാളയുടെ രൂപത്തില്‍ (ഗോപഃ=കാള) ഗോപാലബാലന്മാര്‍ക്കിടയില്‍ പ്രവേശിച്ച്, കൊമ്പുകള്‍കൊണ്ട് ഭൂമിയെ കുത്തിപ്പിളര്‍ന്നും ആകാശം മാറ്റൊലി കൊള്ളുമാറ് അലറിയും ഭീതിപരത്തി.) ഗോപന്മാരും പശുക്കളും ഭയന്നോടി. ശ്രീകൃഷ്ണന്‍ അവരെ ആശ്വസിപ്പിച്ചു. ഭയപ്പെടരുതെന്നുപദേശിച്ചു. എന്നിട്ട, വൃക്ഷവേഷധാരിയായ അരിഷ്ടന്റെ കൊമ്പുകളില്‍ പിടിച്ച് പിന്നിലേക്കു തള്ളി. അസരുന്‍ ഭഗവാനേയും ദൂരത്തേക്കു തള്ളി മാറ്റി. ഭഗവാന്‍ ഭീകനരനായ കാളയുടെ വാലില്‍പിടിച്ച് ചുഴറ്റിയെറിഞ്ഞു. ക്രോധാതിക്യത്തോടെ കുടഞ്ഞെഴുന്നേറ്റ അസുരന്‍ കൊമ്പുകളാലൊരു മല പുഴക്കിയെടുത്ത് കൃഷ്ണന്റെ നേര്‍ക്കെറിഞ്ഞു. ശ്രീകൃഷ്ണന്‍ ആ മലയെ അസുരന്റെ നേര്‍ക്ക് തിരിച്ചെറിഞ്ഞു. ഏറുകൊണ്ട് അസുരന്‍ തെല്ലൊന്ന് ക്ഷീണിച്ചു. ശക്തി സംഭരിച്ച് വീണ്ടുമൊതിര്‍ത്തു. കൊമ്പുകളില്‍ പിടിച്ചെടുത്ത് ആ കൂറ്റനെ ശ്രീകൃഷ്ണന്‍ ഊക്കോടെ നിലത്തടിച്ചു.

‘തദൈവൃഷരൂപത്വം
ത്യക്ത്വഗ വിപ്രവപുര്‍ദ്ധരഃ
നത്വാ ശ്രീകൃഷ്ണപാദാബ്ജം
പ്രാഹ ഗദ്ഗദയാ ഗിരാ.’
(അപ്പോള്‍, അസുരന്‍ കാളയുടെ രൂപമുപേക്ഷിച്ച് ഒരു ബ്രാഹ്മണന്റെ രൂപം പ്രാപിച്ചു. ശ്രീകൃഷ്ണനെ നമസ്‌കരിച്ചു. എന്നിട്ട് ഗദ്ഗദത്തോലെ പറഞ്ഞു.)
‘ഭഗവാനേ, ഞാന്‍ ബൃഹസ്പതീശിഷ്യനായ വരതന്തു എന്ന ബ്രാഹ്മനാണ്. ദേവഗുരുവിന്നടുക്കല്‍ വിദ്യ അഭ്യസിക്കുകയായിരുന്ന ഞാന്‍, മദത്താല്‍, ഗുരുവിനെ വന്ദിച്ചില്ല. ഒരു കാളയെപ്പോലെ നാലു കാലുകളില്‍ നിന്നതേയുള്ളൂ. ഗുരുനിന്ദ ചെയ്ത എന്നെ ബൃഹസ്പതി ശപിച്ചു. ‘ഒരു കാളയായിത്തീരട്ടെ’ എന്ന്. അങ്ങനെ ഒരു കാളയായി പിറന്നു. വംഗദേശത്തില്‍. അസുരസംസര്‍ഗ്ഗം ദേവത്വം നഷ്ടപ്പെടുത്തി. ആസുരത വര്‍ദ്ധിച്ചു. ഇതാ ഇപ്പോള്‍ അങ്ങയുടെ ദിവ്യസപര്‍ശത്താല്‍ പൂര്‍വ്വരൂപം ലഭിച്ചു. ഈവിധം സ്വന്തം വൃത്താന്തമറിയിച്ച അരിഷ്ടന്‍ ശ്രീകൃഷ്ണഭഗവനെ സ്തുതിച്ചു. പ്രദക്ഷിണം ചെയ്ത്, അവിടെ വന്നിറങ്ങിയ ദിവ്യവിമാനത്തിലേറി, സ്വര്‍ഗ്ഗത്തിലേക്കു പോയി. ശ്രീകൃഷ്ണലീലയില്‍ ലീനനായ ബഹുലാശ്വന്‍ ആനന്ദാശ്രുക്കളണിഞ്ഞു കൊണ്ട് ഭഗവത്കഥ ശ്രവിച്ചു. നാരദന്‍ കൃഷ്ണകഥാവിവിരണത്താല്‍ സംതൃപ്തനായി.

ജീവിതം തന്നെ കള്ളനും പോലീസും കളിയാണ്. മായാബന്ധമായ ജീവിതം നയിക്കുന്നവര്‍ കള്ളന്മാരാണ്. വിധി (ഈശ്വരന്‍) പോലീസും, അസത്യം ബോദ്ധ്യപ്പെടുത്തി കള്ളനെ ശിക്ഷിക്കുകയാണല്ലോ രാജഭടന്മാര്‍ ചെയ്യേണ്ടത്. സംസാരലീല എന്നതിന് പകരമാണ്. ഈ കഥയില്‍, കള്ളനും ഭടനുമെന്ന സംജ്ഞ നല്‍കിയിരിക്കുന്നത്.

ജീവാത്മാക്കള്‍ മായാസഹിതജീവിതം നയിക്കുമ്പോള്‍ അസുരന്മാര്‍ (ദുഷ്ടന്മാര്‍) അവിടെ കടന്നുകൂടും. അവരുടെ വ്യാജമറിയാതെ പലരും ആകൃഷ്ടരാകും. വ്യോമാസരുന്‍ ഗോപവേഷത്തില്‍, ഗോപാലര്‍ക്കിടയില്‍ കയറിക്കൂടിയതും അവരെ ഒന്നൊന്നായി ഗിരിഗഹ്വരത്തിലയച്ചതും ഈ സത്യമാണ് വ്യക്തമാക്കുന്നത്. ഇത്തരം ‘മായ’ മായിക്കല്ലാതെ മറ്റാര്‍ക്കാണ് മനസ്സിലാവുക? സ്രീകൃഷ്ണന്‍ ആ കള്ളം കണ്ടു പിടിച്ചു. പിന്നീട് സുരാസുരര്‍ തമ്മിലുള്ള യുദ്ധമാണ്. വ്യോമനെ ഭഗവാന്‍ എതിര്‍ത്തു. ഘോരമായി യുദ്ധം ചെയ്തു. ഭഗവാന്റെ മുഷ്ടിപ്രഹരമേറ്റ് വ്യോമാസുരന്‍ മരിച്ചു. ദേഹബുദ്ധിയാല്‍ മദിച്ചും അജ്ഞാനത്താല്‍ ഭ്രമിച്ചും സത്യം മനസ്സിലാകാത്ത കുത്സിതവ്യക്തിത്വമുള്ള യാളാണ് വ്യോമന്‍! ശ്രീകൃഷ്ണനേയും കൃഷ്ണാശ്രിതഗോപാലന്മാരേയും ഈശ്വരനേയും ഭക്തന്മാരേയും എതിര്‍ക്കുകയെന്നത് ആസുരത്വത്തിന്റെ ലക്ഷണമാണ്. പക്ഷേ, ഏതുഭാവത്തില്‍ ഈശ്വരനെ സമീപിച്ചാലും ഭഗവാന്‍, അവനെ തന്നോടു ചേര്‍ക്കും. അതിന്നായി പല പല പരീക്ഷണങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്യും. അതാണ് ദ്വന്ദ്വയുദ്ധം! സത്യത്തില്‍ വ്യക്തിയും ഭഗവാനും തമ്മിലുള്ള ഒരു ദ്വന്ദ്വയുദ്ധമാണല്ലോ ലോകത്തില്‍ നടക്കുന്നത്. മായാബന്ധനായ മനുഷ്യനും മായാധിപനായ ഈശ്വരനും ചെയ്യുന്ന പ്രവൃത്തികള്‍ വിപരീതങ്ങളാണ്. ആ വിരുദ്ധവൃത്തികളെയാണ് യുദ്ധമായി കണക്കാക്കുന്നത്. എന്നാല്‍, അപ്പോഴൊക്കെയും ജീവന് ജീവനാഥനെ പ്രാപിക്കാനാവും വാഞ്ഛ! ശരീരസംബന്ധിയായ, ബലവാനെന്ന ധാരണയാലുണ്ടാകുന്ന, മദം ഈശ്വരനോടുള്ള എതിര്‍പ്പിന് ആക്കംകൂട്ടുന്നു. മനോമഥനപൂര്‍വമായ ചിന്ത സത്യദര്‍ശത്തിനിടയാക്കുന്നു. അപ്പോള്‍, ഭഗവാന്റെ പ്രഹരമേറ്റ് ശരീരം നിലംപതിക്കും. ഈശ്വരചിന്തയാല്‍ സത്യമറിഞ്ഞ് ദേഹബോധം നശിക്കുമെന്നു സാരം!

ദേഹാഭിമാനമാണ് വ്യോമാസുരന്റെ പൂര്‍വ്വജന്മകഥയിലും വെളിവാക്കുന്നത്. ഭീമരഥന്‍ എന്ന രാജാവ് മുനിവൃത്തി സ്വീകരിച്ചെങ്കിലും പുലസ്ത്യമഹര്‍ഷിയെ ആദരിക്കാനും എഴുന്നേറ്റു നമസ്‌കരിക്കാനും തുനിഞ്ഞില്ല. അതിനാലാണല്ലോ രാജാവ് ശാപഗ്രസ്തനായത്. മുനി വൃത്തി സ്വീകരിച്ച വ്യക്തി സത്വഗുണയുക്തനാണ്. മഹര്‍ഷിയായെങ്കിലും ഭീമരഥനില്‍ ‘ഞാന്‍’ എന്ന ഭാവം നിലനിന്നിരുന്നു. അത് മറനീക്കി പ്രതൃക്ഷമായി. പുലസ്ത്യനെ ഗുരുവായും ഭീമരഥനെ ശിഷ്യനായും കണക്കാക്കണം. അപ്പോള്‍, സംഭവിച്ച പൂജ്യപൂജാവൃതിക്രമം ഭീമരഥനെ അധഃപതിപ്പിച്ചു. ശരീരാഭിമാനത്താലുളവായ മദമാണ് ഈ അപക്രമത്തിന് വഴിയായത്. അതിന്റെ ഫലമാണ് ആസുരത!

ദേഹാഭിമാനികള്‍ അസുക്കളില്‍ – ഇന്ദ്രിയങ്ങളില്‍ – ഭ്രമിക്കുമെന്നത് സത്യമാണ്. അത്തരക്കാരാണല്ലോ അസുരന്മാര്‍! ‘ആസുരത’യില്‍നിന്നു മോചനം വേണമെങ്കില്‍ ‘സുരത്വം’ നേടിയേ പറ്റു! അതിനായുള്ള ശ്രമം കാലങ്ങള്‍ക്കുശേഷമാണെങ്കിലും ഫലപ്പെടാതിരിക്കില്ല. ഭീമരഥന്‍ മായാസുരന്റെ പുത്രനായ വ്യോമാസുരനായി ജനിച്ചതുമുതല്‍ ഈശ്വരപ്രാപ്തിക്കുള്ള വഴി അന്വേഷിക്കുന്നുണ്ടായിരുന്നു. വരണ്ട ഭൂമിയില്‍ വീണ വിത്ത് ആര്‍ദ്രത കാത്തുകിടക്കുന്നതു പോലെ, ഈശ്വരപ്രേമം വ്യോമന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ലൗകികാമഗ്നത, ജീവനെ ഭഗവാനില്‍നിന്നകറ്റി നിര്‍ത്തി. ആ സന്ദര്‍ഭത്തില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും തിരിച്ചറിയില്ല. വ്യാജം മുഖമുദ്രയാകും. സത്യത്തെ എതിര്‍ക്കാനാവും ശ്രമം! പക്ഷേ,  എതിര്‍പ്പിന്നന്ത്യത്തില്‍, മദം ശമിച്ച് സത്യദ്രഷ്ടാവാകും. വിവേകം തെളിഞ്ഞ് ഭഗവദ്ഭക്തനായി മാറും. വ്യോമാസുരന്റെ മോക്ഷപ്രാപ്തയിലെ രഹസ്യമിതാണെന്ന് സൂക്ഷ്മവായനയില്‍ ആര്‍ക്കും ബോധ്യപ്പെടുന്നതാണ്.

ഈശ്വരകൃപയേലേതുനീചനും പരമഗതിയുണ്ടാകുമെന്ന ഭാഗവതമതം സ്ഥാപിക്കുന്നതിനും ഈ കഥ യുക്തമാണ്. അരിഷ്ടാസുരകഥയും സമാനമായി കാണണം. ശ്രീകൃഷ്ണനേയും കൂട്ടരേയും നശിപ്പിക്കാന്‍ തുനിഞ്ഞ അരിഷ്ടാസുരന്‍ ഒരു കാളയുടെ വേഷത്തിലാണ് ഗോപാലര്‍ക്കിടയിലെത്തിയത്. ഭൂമിയെ കൊമ്പുകൊണ്ട് കീറിപ്പിളര്‍ന്നും മുക്കുറയിട്ടും അത് ഭീതിപരത്തി. മദിച്ച കാള ദേഹാഭിമാനത്തിന്റേയും അഹന്തയുടേയും പ്രതീകമാണ്. അതിന്റെ നാലുപാദങ്ങള്‍ കാമം, ക്രോധം, ലോഭം, മോഹം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. അക്കാരണത്താല്‍തന്നെ ആസുരത വര്‍ദ്ധിക്കുമല്ലോ? അത്തരമാളുംള്‍ തന്നിലും വലുതായൊന്നുമില്ലെന്നു കരുതി എന്തിനേയും എതിര്‍ക്കാന്‍ തയ്യാറെയുക്കും.

കാളയുടെ കൊമ്പുകള്‍ അഹന്തയെ പ്രതീകമാക്കുന്നു. ഭൂമിയെ കീറിപ്പിളര്‍ക്കുന്ന കാള, സ്വകീയ സംസ്‌ക്കാരത്തെയും പാരമ്പര്യത്തെയും തകര്‍ക്കുന്ന അഹങ്കാരിയാണ്. ധര്‍മ്മമാചരിക്കുന്നവരെ എതിര്‍ക്കാനേ അത്തരക്കാര്‍ക്കു കഴിയൂ. ഭഗവാനേയും കൂട്ടരേയും അരിഷ്ടന്‍ എതിര്‍ത്തതിന്റെ രഹസ്യമിതാണ്. ശ്രീകൃഷ്ണഭഗവാന്‍ അരിഷ്ടന്റെ കൊമ്പുകളില്‍ പിടിച്ചാണ് പിറകിലേക്കു തള്ളിയത്. അഹങ്കാരം ശമിപ്പിക്കാനാണങ്ങനെ ശ്രമിച്ചത്.
ഈ ദുഷ്ടന്മാരെല്ലാം കംസന്റെ സുഹൃത്തുക്കളാണ്. കംസശബ്ദം ‘നാശം’ അഥവാ ‘നാശകാരി’ എന്ന അര്‍ത്ഥത്തെ പ്രതിനിധീകരിക്കുന്നു. നാശകാരിക്ക് അസുരന്മാര്‍ മിത്രങ്ങളാവുന്നത് സ്വാഭാവികമാണല്ലോ?

അരിഷ്ടന്റെ പൂര്‍വ്വജന്മകഥയിലും മേല്‍പറഞ്ഞ തത്ത്വം വ്യക്തമാണ്. ബൃഹസ്പതിയുടെ ശിഷ്യനായ വരതന്തു എന്ന ബ്രാഹ്മണന്‍ ആയിരുന്നു അയാള്‍. പക്ഷേ, ഗുരുവിനെ ആദരിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. കേവലം മൃഗത്തെപ്പോലെ നാലുകാലില്‍ നില്‍ക്കുകയാണുണ്ടായത്. കാമക്രോധലോഭ
മോഹങ്ങളാകുന്ന നാലു കാലുകളില്‍ നില്‍ക്കുന്നവര്‍ക്ക് ഗുരുവിനെ വന്ദിക്കാന്‍ തോന്നുകയില്ല. നിന്ദിക്കാനേ കഴിയൂ. ഫലം ഗുരുശാപം! അങ്ങനെ, കാളയുടെ ആകൃതിപൂണ്ട് വിപരീതഭക്തികൊണ്ടുതന്നെ അരിഷ്ടാസുരനും ഭഗവത്കൃപയ്ക്കു പാത്രമായി. യുദ്ധമെന്ന രീതിയിലുള്ള ഭഗവത് സ്പര്‍ശം അവന് മോക്ഷകാരണവുമായി.

മനുഷ്യന്‍ കാമാദി വികാരങ്ങള്‍ക്കടിമയായാല്‍ വിവേകം നഷ്ടപ്പെട്ട് അജ്ഞാനമാര്‍ഗ്ഗചാരിയാകും. കേവലം മൃഗധര്‍മ്മമനുഷ്ഠിക്കേണ്ടതായും വരും. കൃഷ്ണസ്പര്‍ശമേല്‍ക്കുവോളം ഇങ്ങിനെ കഴിയും. ക്രമേണ ശരീരചിന്ത കുറയും. അതിനും കൃഷ്ണകൃപതന്നെ കാരണം. അഹന്തയുടെ കൊമ്പുപിടിച്ച് വൃഷശരിരത്തെ പുറകിലേക്കെറിയുകയും വാലുപിടിച്ചു ചുഴറ്റി നിലത്തടിക്കുകയും ചെയ്ത കഥ ദേഹാഭിമാനം നശിച്ച രീതിയെ കാണിക്കുന്നു. ദേഹാഭിമാനം വെടിഞ്ഞപ്പോള്‍ വരതന്തു ബ്രാഹ്മണനായി. അഥവാ ബ്രഹ്മജ്ഞാനിയായി. അയാളില്‍ സത്യജ്ഞാനം വളര്‍ന്നു. ‘കൃഷ്ണാത്പരം കിമപി തത്ത്വ മഹം ന ജാനേ’ എന്ന രീതിയില്‍ കൃഷ്ണനെ പ്രദക്ഷിണം ചെയ്തു. ദേഹാഭിമാനം വിടുന്ന മനസ്സ് ഈശ്വരശക്തിയില്‍ അഭിരമിക്കുകയും കൃഷ്ണസ്തുതിയിലാനന്ദിക്കുകയും ചെയ്യുന്നു! വ്യോമാരിഷ്ടാസുരന്മാരുടെ ആഖ്യാനം ഭക്തന്മാര്‍ക്ക് ആനന്ദമുളവാക്കുന്നു. ‘ശ്രീകൃഷ്ണ ശരണം മമ’ എന്ന് അടിമലര്‍തൊഴുന്ന ഭക്തനെ ‘ത്വമേവാഹം’ എന്നണച്ചാശ്വസിപ്പിക്കുന്ന ഭഗവാനം – ഭക്തപരായണനേ- ഈ കഥകളില്‍ കാണാം.
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013,

മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: [email protected]

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies