തിരുവനന്തപുരം: ഉപരോധ സമരത്തിനിടെ ബേക്കറി ജംഗ്ഷനില്‍ സംഘര്‍ഷാവസ്ഥ. മൂന്നുമണിയോടെയാണ് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായത്. നേതാക്കള്‍ ഇടപെട്ടതോടെ സംഘര്‍ഷം അനിഷ്ട സംഭവങ്ങളുണ്ടാകാതെ അവസാനിക്കുകയായിരുന്നു. പെട്ടെന്നു പ്രകോപിതരായ സമരക്കാര്‍ പോലീസിനു നേര്‍ക്ക് കല്ലെറിയുകയും വെള്ളക്കുപ്പി വലിച്ചെറിയുകയുമായിരുന്നു. സമരക്കാര്‍ പോലീസ് വാഹനത്തിന്റെ ടയറിന്റെ കാറ്റഴിച്ചു വിട്ടു. ഇതോടെ സംഘര്‍ഷം നേരിടാന്‍ പോലീസ് സജ്ജരായി. എന്നാല്‍ സ്ഥിതിഗതികള്‍ വഷളാകുന്നതു കണ്ട് പ്രാദേശിക നേതാക്കള്‍ പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു. പോലീസ് സംയമനം പാലിച്ചതും പ്രശ്നങ്ങള്‍ വളഷാകാതിരിക്കാന്‍ സഹായകമായി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബേക്കറി ജംഗ്ഷനില്‍ കേന്ദ്രസേന ഇറങ്ങി. പ്രദേശത്തിന്റെ നിയന്ത്രണം കേന്ദ്ര സേന ഏറ്റെടുക്കുമെന്നും സൂചനയുണ്ട്. ഉച്ചവരെ തികച്ചും സംയമനത്തോടെ മുന്നോട്ടു പോവുകയായിരുന്ന സമരമാണ് പെട്ടെന്ന് അക്രമാസക്തമായത്. രാവിലെ നേതാക്കളുടെ പ്രസംഗവും നാടന്‍ പാട്ടും മറ്റുമായാണ് ഉപരോധ സമരം മുന്നോട്ടു പോയത്. ഉച്ചഭക്ഷണത്തിനു ശേഷമാണ് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായത്. അതിനിടെ രാവിലെ ഉപരോധിക്കാതിരുന്ന കന്റോണ്‍മെന്റ് ഗെയിറ്റിനു മുന്നില്‍ വരെ ഉപരോധക്കാര്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിട്ടില്ലെങ്കിലും പോലീസ് കാവലില്‍ ഒരുക്കിയിരിക്കുന്ന പാതയുടെ അരികില്‍ വരെ പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്.
Discussion about this post